ദുബൈ: ഒന്നാം നമ്പറുകൾക്കുവേണ്ടി എന്നും ശ്രമിക്കുന്ന ദുബൈയിൽ ലോകത്തിലെ ഏറ്റവും വലിയ പെയിൻറിങ് ഒരുങ്ങിക്കഴിഞ്ഞു. ബ്രിട്ടീഷ് കലാകാരൻ സച്ച ജഫ്രിയാണ് ദുബൈ അറ്റ്ലാൻറിസിൽ 17,000 ചതുരശ്ര അടിയിൽ പെയിൻറുകൾകൊണ്ട് വിസ്മയം തീർത്തിരിക്കുന്നത്. എട്ടു മാസത്തെ പ്രയത്നത്തിനൊടുവിലാണ് ചിത്രം പൂർത്തിയായത്. അടുത്തമാസം നടക്കുന്ന ലേലത്തിലൂടെ 30 ദശലക്ഷം ഡോളറിന് ചിത്രം വിൽക്കാമെന്നും ഇത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാമെന്നുമാണ് സച്ചയുടെ പ്രതീക്ഷ.
കഴിഞ്ഞ മാർച്ചിലാണ് പെയിൻറിങ് തുടങ്ങിയത്. 1400 ഗാലൻ പെയിൻറും 1050 ബ്രഷുമാണ് ഇത് പൂർത്തിയാക്കാൻ വേണ്ടിവന്നത്. ലോകത്തിലെ ഏറ്റവും വലിയ കാൻവാസ് എന്ന ഗിന്നസ് റെക്കോഡാണ് ലക്ഷ്യം. ഇതോടൊപ്പം മറ്റുചില റെക്കോഡുകളും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കുന്ന ഏറ്റവും വലിയ പെയിൻറിങ്, ഏറ്റവും കൂടുതൽ തുകക്ക് ഓൺലൈനിൽ വിറ്റഴിച്ച ചിത്രം എന്നീ െറക്കോഡുകളിലേക്കുകൂടി സച്ച കണ്ണോടിക്കുന്നു.
ലോക്ഡൗൺ കാലത്ത് ദുബൈയിൽ കുടുങ്ങിയതോടെയാണ് സച്ചക്ക് ഇങ്ങനെയൊരു ആശയം ഉദിച്ചത്. ഈ സമയത്ത് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് റെക്കോഡ് ബുക്ക് ലക്ഷ്യമിട്ടത്.
അടുത്ത മാസമാണ് പെയിൻറിങ്ങിെൻറ പ്രകാശനം. ലേലത്തിൽ മികച്ച വില ലഭിക്കുമെന്ന ഉറപ്പുണ്ട് സച്ചക്ക്. ഇതിനകം പലരും ബന്ധപ്പെട്ടിരുന്നു. വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവുമില്ലാത്ത ജനങ്ങൾക്ക് സൗകര്യമൊരുക്കാനാണ് ഈ തുക ഉപയോഗിക്കുക. േഗ്ലാബൽ ഗിഫ്റ്റ് ഫൗണ്ടേഷൻ, യുനിസെഫ്, യുനെസ്കോ, ദുബൈ കെയർ എന്നിവയുമായി സഹകരിച്ചാണ് ചാരിറ്റി നടത്തുന്നത്. കോവിഡ് നമുക്ക് തിരിച്ചറിവിെൻറ കാലമാണെന്നും എന്നാൽ, പലർക്കും തിരിച്ചറിവുണ്ടായിട്ടില്ലെന്നും സച്ച പറഞ്ഞു. 50 കിലോമീറ്റർ നടന്ന് സ്കൂളിൽ പോകുന്ന കുട്ടികൾ ഇപ്പോഴുമുണ്ട്. ഇൻറർനെറ്റ് എത്തിനോക്കാത്ത ഗ്രാമങ്ങളുണ്ട്. ഇവരുടെയെല്ലാം ഉന്നമനമാണ് ലക്ഷ്യം. ഒരുമിച്ചുനിന്നാൽ ഇവർക്കെല്ലാം ആവശ്യമായ സൗകര്യങ്ങളൊരുക്കാനും പുതിയൊരു ലോകം സൃഷ്ടിക്കാനും കഴിയുമെന്ന് സച്ച പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.