ദുബൈ: എമിറേറ്റിന്റെ ഭരണനേതൃത്വം വഹിക്കുന്ന ആൽ മക്തൂം കുടുംബം വേഗതയുടെയും കരുത്തിന്റെയും പ്രതീകമായ കുതിരകളോട് വലിയ ഇഷ്ടം പുലർത്തുന്നവരാണ്. കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിലേക്കും ഈ ഇഷ്ടം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് തെളിയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അദ്ദേഹം മകൻ റാശിദിനൊപ്പം പന്തയക്കുതിരയായ ‘ദുബാവി’യെ കാണുന്നതും തീറ്റ വായിൽ വെച്ചുകൊടുക്കുന്നതുമാണ് വിഡിയോയിലുള്ളത്. സമീപത്ത് തന്നെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിൽക്കുന്നതും മകനെയും പേരക്കുട്ടിയെയും വീക്ഷിക്കുന്നതും വിഡിയോയിലുണ്ട്.
‘ദുബാവി’യെ റാശിദ് ഇഷ്ടപ്പെടുന്നുവെന്നും കുതിരയോട്ടവും അവന് പ്രിയമാണെന്നും വിഡിയോക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ശൈഖ് ഹംദാനെ കാണുമ്പോൾ ദൂരെനിന്ന് കുതിര ഓടിയെത്തുന്നുണ്ട്. അദ്ദേഹം തീറ്റ നൽകുമ്പോൾ കുഞ്ഞു റാശിദ് ‘ദുവാബി’യെന്ന് വിളിച്ചു പറയുന്നതും കേൾക്കാം. അയർലൻഡിലെ ശൈഖ് മുഹമ്മദിന്റെ ഫാമിൽനിന്നാണ് കാഴ്ച പകർത്തിയതെന്നാണ് കരുതുന്നത്. ഇവിടെയാണ് ‘ദുവാബി’യെ വളർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.