ദുബൈ: കോവിഡ് മഹാമാരിക്ക് ശേഷം ദുബൈയിൽ വീണ്ടും 'തൃശൂർ പൂര'വുമായി 'മ്മടെ തൃശൂര്‍ കൂട്ടായ്മ. കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 17 വെള്ളിയാഴ്ച ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് തനിമ ചോരാതെ തൃശൂര്‍ പൂരം നടത്തുന്നത്. രാവിലെ 10 മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന പൂരാഘോഷങ്ങളാണ് ഒരുക്കുന്നത്. തേക്കിന്‍കാട് മൈതാനിയിലെ പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കുന്ന രൂപത്തിൽ ഇത്തിസലാത്ത് അക്കാദമിയില്‍ വിവിധ പരിപാടികളുണ്ടാകും. നിലപ്പന്തലുകള്, തോരണങ്ങള്‍, ദീപാലങ്കാരങ്ങള്‍ നിറഞ്ഞ നടവഴികള്‍, പൂരച്ചന്തയും ഉള്‍പ്പെടെ തെക്കേ ഗോപുരനട ഉള്‍പ്പെടെയുള്ള ദൃശ്യാനുഭവങ്ങളുണ്ടാകും.
സദനം രാജേഷ് മാരാരുടെ നേതൃത്വത്തില്‍ യു.എ.ഇയിലെ 50 ലേറെ കലാകാരന്മാര് അണിനിരക്കുന്ന പഞ്ചാരിമേളത്തോടെയാണ് കൊടിയേറ്റം. പുതുപ്പരിയാരം സ്വാമിദാസ്, കല്ലൂര്‍ ശബരി, അന്നമനട രാജേഷ് എന്നിവര്‍ മേളത്തിന് മാറ്റുകൂട്ടും. അണിയിച്ചൊരുക്കിയ അഞ്ച് ഗജവീരന്മാരുടെ സാന്നിധ്യവുമുണ്ടാകും. ചലിക്കുന്ന ആനകളാണ് ഇത്തവണത്തെ പ്രത്യേകത. ആകെ അഞ്ച് ആനകളില്‍ രണ്ടെണ്ണത്തെ നാട്ടില്‍ നിന്നും ദുബൈയില്‍ എത്തിച്ചുകഴിഞ്ഞു. കുടമാറ്റത്തിനായി 50ലേറെ വര്‍ണക്കുടകളും തയാറാക്കിക്കഴിഞ്ഞു. പഞ്ചവാദ്യം, നാദസ്വരമേളം, ഗോപുരക്കാവടി, താലപ്പൊലി കലാരൂപങ്ങള്‍, ശിങ്കാരിമേളം എന്നിവയും ഉണ്ടാകും.
വൈകീട്ട് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറുന്ന പാണ്ടിമേളം (ഇലഞ്ഞിത്തറമേളം) അരങ്ങേറും. കേളത്ത് അരവിന്ദാക്ഷന് മാരാര്‍, പെരുവനം സതീശന് മാരാര്‍, കുഴലില്‍ വെളപ്പായ നന്ദനന്‍, കൊമ്പത്ത് അനില്‍, കൊമ്പത്ത് ചന്ദ്രന്, കുമ്മത്ത് രാമന്‍കുട്ടി എന്നിവർ അണിനിരക്കും. തുടര്‍ന്ന് ഘോഷയാത്രയും നടക്കും. പുലികളിയുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തൃശൂരില്‍ നിന്നും 25ഓളം 'പുലി'കളെയെത്തിക്കും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി. പൂരം ലോഗോയും ബ്രോഷറും വാർത്തസമ്മേളനത്തില്‍ പ്രകാശിപ്പിച്ചു. പരിപാടിയിൽ 19 കഥകളടങ്ങിയ 'കുട്ടി സ്റ്റോറീസ്'എന്ന പുസ്തകത്തിെൻറ പ്രകാശനവും നടക്കും.
വാർത്തസമ്മേളനത്തില്‍ 'മ്മടെ തൃശ്ശൂര്‍ കൂട്ടായ്മ' പ്രസിഡൻറ് രാജേഷ് മേനോന്, സെക്രട്ടറി ശശീന്ദ്രന് മേനോന്, സമീര്‍ മുഹമ്മദ്, ദില്‍ന ദിനേശ്, ബാലു തറയില്‍, സന്ദീപ് പഴേരി, അജിത് തോപ്പില്‍, അനൂപ് അനില്‍ദേവന്‍, ജെ.കെ. ഗുരുവായൂര്‍, ദിനേശ് ബാബു, ബസന്ത് കണ്ണോളി, ലദീപ്, രാഹുല്‍ മുരളി, ഇക്യുറ്റി പ്ലസ് പ്രതിനിധി ജൂബി കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.