ഷാര്‍ജ: ഷാര്‍ജയുടെ ഭൂവിസ്തൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍ മണ്ണടരുകള്ക്കും കരിമ്പാറകള്‍ക്കും അടിയില്‍ ചരിത്രം ഒളിപ്പിച്ചുവെച്ച ചില അമൂല്യതകളുണ്ടെന്ന് മനസ്സ് പറയും. അത്തരത്തിലൊന്നാണ് 300 വർഷം പഴക്കമുള്ള ഖോർഫക്കാൻ കോട്ട. മറഞ്ഞിരിക്കുന്ന രത്നത്തിൽനിന്ന് വിനോദ സഞ്ചാരകേന്ദ്രമായി മാറിയ ഖോർഫക്കാനിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് അവധിദിനങ്ങളിൽ. ഷാര്‍ജ-ഖോര്ഫക്കാന് തുരങ്കപാത യാഥാർഥ്യമായതോടെയാണ് ഈ കോട്ടയുടെ സൗന്ദര്യം സഞ്ചാരികളിലേക്കെത്തിയത്.
കഴിഞ്ഞ വർഷം അവസാനത്തോടെ ഷാർജയിലെ ചരിത്രപരവും പുരാതനവുമായ സ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് നജ്ദ് അൽ മക്സാർ ഗ്രാമം പുനഃസ്ഥാപിച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള കോട്ടയും വീടുകളും കാണാൻ നിരവധി സഞ്ചാരികൾ വാദി വാഷിയിലെ കുഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നു. നിലവില്‍ കോവിഡ് സുരക്ഷമാനദണ്ഡങ്ങളുള്ളതിനാല് തിരക്ക് അൽപം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഗ്രാമം സഞ്ചാരികള്‍ക്കായി തുറന്നത്. മലകളും മരങ്ങളും മൃഗങ്ങളും സംഗമിക്കുന്ന ജൈവികതയാണ് ഈ ഗ്രാമത്തിെൻറ സവിശേഷത. കാലഹരണപ്പെട്ട വീടുകളും കോട്ടകളും തനത് രീതിയില്‍ പുനഃസ്ഥാപിച്ചതോടെയാണ് വാദി വാഷിയിലേക്കുള്ള പാതകളില്‍ തിരക്കേറിയത്. മലമുകളിലെ കോട്ടക്ക് താഴേയാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. കാവല്‍ മാളികയും കാണാം. ഷാര്‍ജയുടെ ഉറവയെന്ന് അറിയപ്പെടുന്ന വാദി ഷീസും അല്‍ റുഫൈസ അണക്കെട്ടും ഇതിന് സമീപത്താണ്. ഒമാന്‍ ഗ്രാമമായ മദ്ഹയിലേക്ക് ഇവിടെനിന്ന് അധിക ദൂരമില്ല. യു.എ.ഇക്കുള്ളിലെ ഈ ഒമാന്‍ ഗ്രാമം ഒരു വിസ്മയമാണ്.
മലകളില്‍നിന്ന് ലഭിച്ച കല്ലുകളും ഈന്തപ്പനയുടെ തടികളും ഓലയുംകൊണ്ടാണ് വീടുകളുടെ നിര്‍മിതി. കോട്ടയുടെ നിര്‍മാണത്തില്‍ പുരാതന നിര്‍മാണ മികവ് പ്രകടമാണ്. പുല്ലുകള്‍ നിറഞ്ഞ ഇടവഴികളിലൂടെയാണ് നജ്ദ് അൽ മക്സാർ ഗ്രാമത്തിലേക്കുള്ള വഴികള്‍ നീളുന്നത്.
ഹജര്‍ പര്‍വത മേഖലയില്‍ കോട്ടകളും കാവല്‍ മാളികകളും പൗരാണിക ജനവാസ മേഖലകളും നിരവധി ഉണ്ടെങ്കിലും ഇത്തരമൊരു നിര്‍മിതി വേറെയില്ല. ശിലാപാളികളില്‍ തട്ടുകളായി നില്ക്കുന്ന നജ്ദ് അൽ മക്സാറിെൻറ ഭംഗി ആസ്വദിക്കാന്‍ ഷാര്‍ജ തുരങ്കപാതയിലെ റുഫൈസ അണക്കെട്ട് കഴിഞ്ഞ്, ഖോര്ഫക്കാന് ദിശയില്‍ കുറച്ച് മുന്നോട്ട് പോയി വലത്തോട്ട് ഇറങ്ങിയാല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.