ദുബൈ: സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് തന്നെ ട്യൂഷൻ എടുക്കാൻ പാടില്ലെന്ന് പെരുമാറ്റച്ചട്ടം. കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യ ട്യൂഷനുകൾ നിയന്ത്രിക്കുന്നതിന് യു.എ.ഇയിൽ പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് യോഗ്യരായ അധ്യാപകർക്ക് വ്യക്തിപരമായും ഗ്രൂപ്പുകളായും സ്വകാര്യ ട്യൂഷൻ പെർമിറ്റിന് അപേക്ഷിക്കാം.
ഇത്തരത്തിൽ അപേക്ഷിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ് സ്വന്തം സ്കൂളിലെ കുട്ടികളാകരുതെന്ന് നിബന്ധന ഉൾപ്പെടുത്തിയിട്ടുള്ളത്.
യോഗ്യരായ അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് ലഭിക്കുക. ഒരു കാരണവശാലും വിദ്യാർഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്, രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, രാജ്യത്തെ നിയമങ്ങളോടും സംസ്കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ മറ്റോ ആയ ആശയങ്ങൾ കുട്ടികൾക്ക് പകർന്നുനൽകരുത് തുടങ്ങിയ കാര്യങ്ങൾകൂടി പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നുണ്ട്.
ക്ലാസ് റൂമിന് പുറത്ത് അധ്യാപകർ അനധികൃതമായി വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയുകയും പഠനനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മികച്ച ട്യൂഷൻ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയുമാണ് പെർമിറ്റ് നൽകുന്നതിലൂടെ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സർക്കാർ-സ്വകാര്യ സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽ രഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്ക് പെർമിറ്റിന് അപേക്ഷിക്കാം. സൗജന്യമായാണ് പെർമിറ്റ് അധികൃതർ നൽകുന്നത്. ഭാഷ, സയൻസ് തുടങ്ങി ഫിസിക്കൽ എജുക്കേഷൻ അടക്കമുള്ള വിഷയങ്ങൾ പഠിപ്പിക്കാവുന്നതുമാണ്. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷ സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കും.
മന്ത്രാലയം അംഗീകരിച്ച പെരുമാറ്റച്ചട്ടം അടങ്ങിയ രേഖയിൽ ഒപ്പിട്ടു നൽകിയാൽ രണ്ട് വർഷത്തേക്കാണ് പെർമിറ്റ് അനുവദിക്കുക. പെർമിറ്റില്ലാതെ സ്വകാര്യ ട്യൂഷൻ നടത്തിയാൽ പിഴ ഈടാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അംഗീകാരമുള്ള താമസ സ്ഥലമുണ്ടെങ്കിൽ ലൈസൻസുള്ള അധ്യാപകർക്ക് സ്വന്തം രാജ്യങ്ങളിൽ നിന്നും സ്വകാര്യ ട്യൂഷൻ അനുവദിക്കും.
വ്യക്തിപരമായും ഓൺലൈനായും ട്യൂഷൻ എടുക്കുന്നതിന് ഒരു ലൈസൻസ് മതി. ഒരു ട്യൂട്ടർക്ക് ക്ലാസെടുക്കാവുന്ന വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല.
പെർമിറ്റിനായുള്ള അപേക്ഷ ഒരിക്കൽ നിരസിച്ചാൽ ആറു മാസത്തിനുശേഷം വീണ്ടും അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.