ദുബൈ: എല്ലാം ഒരുപടി മുൻപേ നടപ്പാക്കുന്നതാണ് യു.എ.ഇയുടെ ശീലം. അത്യാധുനിക സാങ്കേതിക വിദ്യകളും ഫാഷനും ജീവിത ചര്യകളും അതിവേഗത്തിൽ ആവാഹിക്കുന്ന യു.എ.ഇ വിദൂര സംവിധാനങ്ങളും ഉടൻ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ്. ചാറ്റ് ജി.പി.ടിയുടെ കാലത്ത് ആധുനിക സാങ്കേതിക വിദ്യകളെ വേഗത്തിൽ തന്നെ യു.എ.ഇക്കാരുടെ ജീവിതചര്യയുടെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ദുബൈയിൽ കഴിഞ്ഞ ദിവസം നടന്ന ‘റിമോട്ട്’ ഫോറത്തിലെ പ്രഖ്യാപനങ്ങൾ വിരൽചൂണ്ടുന്നതും ഇതിലേക്കാണ്. പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രാജ്യം ഓൺലൈൻ സംവിധാനങ്ങൾ എല്ലാ മേഖലയുടെയും ഭാഗമാക്കുകയാണ്.
സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വീടിനടുത്തുള്ള പബ്ലിക് ലൈബ്രറികളിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം തുടങ്ങിക്കഴിഞ്ഞു. 67,000 ജീവനക്കാർക്ക് ഈ തീരുമാനം ഉപകാരപ്പെടും. 61 സർക്കാർ ഓഫിസുകളിലാണ് ഇത് നടപ്പാക്കുന്നത്. വിദൂര സംവിധാനത്തിന് പ്രത്യേക നയം രൂപവത്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്താലും സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. വിദൂര ജോലി സംവിധാനം ജീവനക്കാരുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കുന്ന രീതിയിലായിരിക്കും മാനദണ്ഡങ്ങൾ തയാറാക്കുക. സ്വകാര്യ മേഖലയിലും ഭാവിയിൽ ഇത് നടപ്പാക്കിയേക്കാം. എന്നാൽ, നിർബിന്ധിച്ച് നടപ്പാക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മുബാദല ഉൾപെടെയുള്ള സ്ഥാപനങ്ങൾ നേരത്തെ തന്നെ വിദൂര ജോലി സംവിധാനം നടപ്പാക്കിയിരുന്നു.
യു.എ.ഇയിൽ ആശുപത്രി ഉൾപെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഓൺലൈൻ സംവിധാനം നിർബന്ധമാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം. ആദ്യ ഘട്ടമായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും ഒരു സേവനമെങ്കിലും വിദൂര സംവിധാനത്തിലാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ സംവിധാനം നടപ്പാക്കും. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായിരിക്കും. മരുന്ന് നിർദേശിക്കൽ, ശരീരത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കൽ, റോബോട്ടുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, മെഡിക്കൽ കൺസൾട്ടേഷൻ തുടങ്ങിയവയിലാണ് ആദ്യഘട്ടത്തിൽ വിദൂര സംവിധാനം ഏർപെടുത്തേണ്ടത്. തീരുമാനം നടപ്പാക്കാൻ പ്രത്യേക ചട്ടക്കൂട് രൂപപ്പെടുത്തും. ഇതിനുള്ളിൽ നിന്നായിരിക്കും ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനം. ഓരോ മിനിറ്റിലും പുതിയ സാങ്കേതിക വിദ്യകൾ ഉയർന്നുവരുന്ന ഈ കാലത്ത് എന്തിനാണ് രോഗമുള്ള ഒരാൾ ആശുപത്രിയിൽ പോയി 30 മിനിറ്റ് കാത്തുനിൽക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് ചോദിക്കുന്നത്.
യു.എ.ഇയിലെ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രാജ്യാന്തര സർവകലാശാലകളിലെ കോഴ്സുകൾ ഓൺലൈനായി പഠിക്കാൻ സൗകര്യമൊരുക്കുന്നതാണ് മറ്റൊരു മാറ്റം. യു.എ.ഇയിലെ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അധികമായി ഒരു രാജ്യാന്തര ഓൺലൈൻ കോഴ്സ് കൂടി ലഭിക്കുന്ന രീതിയിലാണ് ചട്ടക്കൂട് തയാറാക്കുന്നത്. ഇതുവഴി വിദ്യാർഥികൾക്ക് തങ്ങളുടെ സിലബസിൽ ഉൾപെടാത്ത കൂടുതൽ വിഷയങ്ങൾ പഠിക്കാനും വൈദഗ്ദ്യം നേടാനും കഴിയും. വിദേശത്തുള്ള അക്രഡിറ്റഡ് സ്ഥാപനങ്ങളിലെ കോഴ്സാണ് ലഭ്യമാക്കുന്നത്. ചാറ്റ് ജി.പി.ടി വിദ്യാഭ്യാസ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി ചാറ്റ് ജി.പി.ടിയെ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുമോ എന്ന് കണ്ടറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.