മത്സര വേദിയായ അൽ റയ്യാനിലെ അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയത്തിന്‍റെ രാത്രികാല ദൃശ്യം

ലോകകപ്പ്​ യോഗ്യതക്കായി യു.എ.ഇ- ആസ്​ട്രേലിയ പോരാട്ടം

ദോഹ: ജൂൺ മാസത്തിൽ ചൂട്​ കൂടുകയാണ്​. തിങ്കളാഴ്ച പകലിൽ ചൂട്​ 43 ഡിഗ്രി സെൽഷ്യസ്​ വരെ ഉയർന്നു. രാത്രിയിലും ചൂടിന്​ കുറവില്ല. എന്നാൽ, അന്തരീക്ഷത്തിലെ ഈ ചൂടിനെയും കടത്തിവെട്ടുന്നതാണ്​ മൈതാന​ത്തേക്ക്​ പകരുന്ന കളിച്ചൂട്​. അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയത്തിലെ കൃത്രിമ ശീതീകരണ സംവിധാനങ്ങളിൽ തണുപ്പ്​ പകരുന്ന രാവിൽ ഇന്ന്​ കളിക്ക്​ വീറും വാശിയും കൂടും.


യു.എ.ഇ ദേശീയ ടീം അംഗങ്ങൾ ദോഹയിൽ പരിശീലനത്തിൽ

അറേബ്യൻ കരുത്തുമായെത്തുന്ന യു.എ.ഇയും 2006 മുതൽ പതിവുതെറ്റാതെ ലോകകപ്പിന്റെ മുറ്റത്തെ സാന്നിധ്യമായി ആസ്​ട്രേലിയയും തമ്മിലാണ്​ അങ്കം. കനപ്പെട്ട പോരാട്ടത്തിൽ ജയിക്കുന്നവർക്ക്​, ജൂൺ 13ന്​ ഇൻറർകോണ്ടിനെൻറൽ ​പ്ലേഓഫിലേക്ക്​ ടിക്കറ്റുറപ്പിക്കാം. അവിടെ കാത്തിരിക്കുന്നത്,​ തെക്കനമേരിക്കൻ പവർഹൗസുകൾ എന്ന്​ വിശേഷിപ്പിക്കാവുന്ന പെഡ്രോ ഗ​ല്ലെസിന്റെ പെറുവാണ്​. അർജൻറീനയും ബ്രസീലും ​വരുന്ന മേഖലയിൽനിന്നും അഞ്ചാം സ്​ഥാനക്കാരായിരുന്നു പെറു.

യുവത്വവും പരിചയസമ്പത്തും

യുവനിരയും പരിചയസമ്പന്നരും ഉൾപ്പെടുന്ന ടീം നിരയാണ്​ ഇരുവരുടെയും കരുത്ത്​. 107 രാജ്യാന്തര മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രതിരോധ താരം വാലിന്​ അബ്ബാസ്​ മുതൽ, യുവതാരം അലി സാലിഹ്​ ഉൾപ്പെടെയുള്ള യു.എ.ഇ താരനിര ഏത്​ ​ടീമിനെയും വെല്ലുവിളിക്കാൻ ശേഷിയുള്ളവരാണ്​. ഉസ്​ബകിസ്​താനിൽ നടക്കുന്ന അണ്ടർ 23 ഏഷ്യാകപ്പ്​ ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ കളിക്കാൻ അർഹനായിട്ടും, ദേശീയ ടീമിനൊപ്പം അനിവാര്യമായതിനാലാണ്​ അൽ വസ്​ലി ക്ലബിന്‍റെ മുന്നേറ്റനിരയിലെ ഗോൾമെഷീനായ 21കാരൻ സാലിഹിനെ യു.എ.ഇ ഖത്തറിലേക്കും കൂടെ കൂട്ടിയത്​. പരിചയസമ്പന്നനായ അലി മബ്​കൂത്​, മധ്യനിരയിൽ മാജിദ്​ ഹസൻ, ഉമർ അബ്​ദുൽ റഹ്​മാൻ, അബ്​ദുല്ല റഹ്​മാൻ എന്നിവരുടെ ടീം മി​കച്ച ലൈനപ്പാണ്​ കോച്ചിന്​ സമ്മാനിക്കുന്നത്​.

സ്​പാനിഷ്​ ക്ലബ്​ റയൽ സൊസിഡാഡിന്റെ ഗോൾകീപ്പർ മാത്യു റ്യാൻ തന്നെയാണ്​ ഓസീസിന്റെയും വല കാക്കുന്നത്​. ടീം നായകനും ഈ 30കാരൻ തന്നെ. ജാമി മക്​ലരൻ, മിച്ചൽ ഡ്യുക്​ എന്നിവരാവും മുൻനിരയിൽ. മാർട്ടിൻ ബോയൽ, അഡിൻ റസ്​റ്റിക്​, കെന്നി ഡഗൽ എന്നിവരുടെ മധ്യനിര കൂടി ചേരുന്നതോടെ ഓസീസ്​ കടുകട്ടിയാവും.

5000 ടിക്കറ്റ്​ യു.എ.ഇക്ക്​

അയൽനാട്ടിൽ നടക്കുന്ന നിർണായക മത്സരത്തിൽ ടീമിനെ പിന്തുണക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്​ യു.എ.ഇ. ദേശീയ ഫുട്​ബാൾ ഫെ​ഡറേഷൻ മത്സരത്തിന്റെ 5000 ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്​. ഇവ കാണികൾക്ക്​ സൗജന്യമായി നൽകിയാണ്​ അവരെ മത്സര വേദിയിലെത്തിക്കുന്നത്​.

ഗാലറി നിറയും

നിറഞ്ഞ ഗാലറിയുടെ പിന്തുണയോടെയാണ്​ ഓസീസും ഇമാറാത്തും ലോകകപ്പിന്റെ വേദികളിലൊന്നിൽ കളത്തിലിറങ്ങുക. കണക്കിലെ കളികളിൽ ഇരു ടീമുകൾക്കുമുണ്ട്​ വിജയസാധ്യതകൾ. ഫിഫ റാങ്കിങ്ങിൽ ആസ്​ട്രേലിയ 42ഉം, യു.എ.ഇ 68ഉം റാങ്കുകാരാണ്​.

ഏഷ്യൻ യോഗ്യത മൂന്നാം റൗണ്ടിൽ കാര്യമായ പോയൻറ്​ വ്യത്യാസത്തിൽ തന്നെയാണ്​ ഇരു ടീമുകളും മൂന്നാം സ്​ഥാനത്തായത്​. പരസ്​പരം ഏറ്റുമുട്ടിയ​ ആറു മത്സരങ്ങളിൽ മൂന്ന്​ ജയം ആസ്​ട്രേലിയക്കായിരുന്നു. രണ്ട്​ കളി സമനിലയായി. ഏറ്റവും ഒടുവിൽ 2019 ഏഷ്യാകപ്പിൽ കളിച്ചപ്പോൾ യു.എ.ഇയും ജയിച്ചു.

കടലാസിലെ റെക്കോഡിൽ മാറിയും മറിഞ്ഞുമിരിക്കു​മ്പോഴും ​ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിന്റെ മണ്ണിൽ ഇരുടീമിനും അഭിമാന പോരാട്ടമാണിത്​. അതുകൊണ്ട്​ തന്നെ തങ്ങളുടെ ടീമിന്​ നിറഞ്ഞ പിന്തുണയുമായി ഗാലറിയുമുണ്ടാവും. അയൽനാടായ ഖത്തറിൽ വിശ്വമേളക്ക്​ പന്തുരുളു​മ്പോൾ എന്ത്​ വിലകൊടുത്തും തങ്ങളു​ടെ ടീമും ഉണ്ടായിരിക്കണമെന്ന​ വാശിയിലാണ്​ എമിറേറ്റ്​സുകാർ.

അതുകൊണ്ടുതന്നെ ഇന്ന്​ ദുബൈയിൽ നിന്നും അബൂദബിയിൽനിന്നും ദോഹയിലേക്ക്​ ആകാശവും റോഡുമാർഗവുമായി കാണികളൊഴുകും. 5000 മാച്ച്​ ടിക്കറ്റുകളാണ്​ യു.എ.ഇ ഫുട്​ബാൾ ഫെഡറേഷൻ തങ്ങളുടെ ആരാധകർക്കായി വാങ്ങിയത്​. കളത്തിൽ എതിരാളികളെ സമ്മർദത്തിലാക്കാൻ തങ്ങളുടെ പോരാളികൾക്ക്​ ആവേശവുമായി അവർ ഗാലറി നിറയും.

Tags:    
News Summary - UAE-Australia match for World Cup qualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.