ദുബൈ: കംബോഡിയയുമായി സമഗ്ര വ്യാപാര സഹകരണ കരാറിൽ (സെപ) ഒപ്പുവെച്ച് യു.എ.ഇ. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെന്നിനെ സാക്ഷിയാക്കി യു.എ.ഇ വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സയൂദിയും കംബോഡിയ വാണിജ്യ മന്ത്രി പാൻ സൊറാസാകുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന കരാർ യു.എ.ഇയുടെ വിദേശവ്യാപാര അജണ്ടയിൽ സുപ്രധാന നാഴികക്കല്ലാണെന്ന് ഡോ.താനി ബിൻ അഹമ്മദ് അൽ സയൂദി പറഞ്ഞു.
കരാർ യാഥാർഥ്യമാകുന്നതുവഴി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗം കൂടുതൽ ശക്തമാക്കുകയും ഇതുവഴി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് കരുതുന്നത്. ഇറക്കുമതി തീരുവ ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യാനുള്ള ശ്രമങ്ങളും കരാറിലൂടെ ഇരു രാജ്യങ്ങളും നടത്തും. അതോടൊപ്പം വാണിജ്യ തടസ്സങ്ങൾ ഇല്ലാതാക്കി ആഗോള പൊതുവിപണിയിൽ കയറ്റുമതി സേവനങ്ങൾക്കായുള്ള ഇടപെടൽ ശക്തമാക്കാനും കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ.
അറബ് ലോകത്ത് യു.എ.ഇയുമായി ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമായി തുടരുന്ന രാജ്യമാണ് കംബോഡിയ. 2022ൽ 407 ദശലക്ഷം ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് കംബോഡിയയുമായി യു.എ.ഇ നടത്തിയത്. 33 ശതമാനമായിരുന്നു വ്യാപാര വളർച്ച. 2019ൽ ഇത് 28 ശതമാനമാണ്. സെപ കരാറിലൂടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തി അഞ്ചു വർഷത്തിനുള്ളിൽ വ്യാപാരം ഒരു ശതകോടി ഡോളറായി ഉയർത്താനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.