ദുബൈ: യുനൈറ്റഡ് ഇൻ ഗിവിങ് കാമ്പയിനിന്റെ ഭാഗമായി യു.എ.ഇ ഫുഡ്ബാങ്ക് റമദാനിൽ ആഗോള തലത്തിൽ ഇതുവരെ വിതരണം ചെയ്തത് 62 ലക്ഷം ഭക്ഷ്യ കിറ്റുകൾ. റമദാനിലുടനീളം പ്രാദേശിക, അന്താരാഷ്ട്ര തലത്തിൽ 70 ലക്ഷം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച കാമ്പയിനാണ് യുനൈറ്റഡ് ഇൻ ഗിവിങ്. ഈ മാസം തുടക്കത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂമിന്റെ നിർദേശത്തിന് കീഴിലാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
70 ലക്ഷം കിറ്റുകൾ എന്ന ലക്ഷ്യത്തിലെത്താൻ ആറു ദിവസത്തിനുള്ളിൽ എട്ട് ലക്ഷം കിറ്റുകൾ കൂടി വിതരണം ചെയ്താൽ മതി. റമദാൻ അവസാനത്തോടെ ഇത് നേടാനാവുമെന്നാണ് പ്രതീക്ഷ. യു.എ.ഇയുടെ ആഴത്തിൽ വേരോടിയ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങളെയാണ് യുനൈറ്റഡ് ഇൻ ഗിവിങ് പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ ഫുഡ് ബാങ്ക് ട്രസ്റ്റ് ബോർഡ് വൈസ് ചെയർമാൻ മർവാൻ അഹ്മദ് ബിൻ ഗലിത പറഞ്ഞു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മനുഷ്യസ്നേഹികൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിനായി സംഭാവന നൽകുന്നതിനുള്ള ഒരു ആഹ്വാനമായി ഈ സംരംഭം പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്നു വിഭാഗങ്ങളായാണ് ഭക്ഷ്യ കിറ്റ് വിതരണം. ആദ്യത്തേത് ബ്ലസിങ് ബാസ്കറ്റാണ്. ഭക്ഷ്യ സംഭാവനകൾ, പാർസലുകൾ, ബാക്കിവരുന്ന ഭക്ഷണങ്ങൾ എന്നിവയുടെ രൂപത്തിൽ ദിവസവും രണ്ട് ലക്ഷത്തിലധികം ഭക്ഷണ വിതരണം ചെയ്യുന്നതിലാണ് ഇത് കേന്ദ്രീകരിക്കുന്നത്.
രണ്ടാമത്തേത് സഅബീൽ ഇഫ്താർ പദ്ധതിയാണ്. ഇതുവഴി 3000ത്തിധികം തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നു. ഭക്ഷ്യ ബാങ്കും ഫതാഫീറ്റ് ടി.വിയും തമ്മിലുള്ള സഹകരണത്തോടെയുള്ള സർപ്ലസ് ഓഫ് ഗുഡ് ഭക്ഷണം സുസ്ഥിരമായി പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനുള്ള ഒരു കാമ്പയിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.