ദുബൈ: വിവിധ രാജ്യങ്ങളിലായി 10 വർഷത്തിനുള്ളിൽ 10 മികച്ച ആശുപത്രികൾ നിർമിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. ലോകത്തെ വിവിധ ഭാഗങ്ങളിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സംരംഭത്തിലെ ആദ്യ ആരോഗ്യകേന്ദ്രം ഇന്തോനേഷ്യയിൽ ഈ വർഷം അവസാനത്തോടെ തുറക്കും.
യു.എ.ഇ ഗ്ലോബൽ ഹോസ്പിറ്റൽസ് പ്രോഗ്രാം എന്നുപേരിട്ട പദ്ധതിയിൽ 55 കോടി ദിർഹമാണ് നിക്ഷേപിക്കുക. സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവിന്റെ കീഴിലാണ് സംരംഭം നടപ്പാക്കുന്നത്.
ആഗോളതലത്തിൽ ആരോഗ്യ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. സെൻട്രൽ ജാവയിലെ സുറക്കാർത്തയിലാണ് യു.എ.ഇ-ഇന്തോനേഷ്യ ഹൃദയ രോഗാശുപത്രി നിർമിക്കുന്നത്. ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിലിന്റെ മേൽനോട്ടത്തിലാണിത് പ്രവർത്തിക്കുക.
ആയിരക്കണക്കിന് ഹൃദ്രോഗികൾക്ക് കേന്ദ്രം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് മാസത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതാണ് യു.എ.ഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പേരിലുള്ള സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഇനിഷ്യേറ്റീവ്. സംരംഭം ലോകത്താകമാനം ഗുണപരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ പറഞ്ഞു.
യു.എ.ഇ-ഇന്തോനേഷ്യ ഹൃദയ രോഗാശുപത്രി ഭാവി പദ്ധതികൾക്ക് ഒരു മാതൃകയായി നിലകൊള്ളുമെന്നും സംരംഭത്തിലൂടെ സ്ഥാപിതമാകുന്ന ആശുപത്രികൾ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുമെന്നും സഹമന്ത്രിയും ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാൻന്ത്രോപിക് കൗൺസിലിലെ ഇൻറർനാഷനൽ ഹെൽത്ത് അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ ആൽ നഹ്യാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.