ഇമാറാത്തി ചരിത്രം പഠിക്കാൻ മ്യൂസിയങ്ങൾ

വേനൽ ശക്​തിപ്പെടുകയാണ്​. ഔട്​ഡോർ സന്ദർശനങ്ങൾക്ക്​ യോജിച്ച സമയമല്ലിത്​. അതിനാൽ തന്നെ യു.എ.ഇയിൽ വിജ്ഞാനവും വിനോദവും ഒരുമിച്ചു ലഭിക്കുന്ന മ്യൂസിയങ്ങൾ സന്ദർശിക്കാൻ യോജിച്ച കാലമാണിത്​. സ്​കൂൾ അവധിക്കാലം കൂടിയായതിനാൽ കുട്ടികൾക്ക്​ ചരിത്രം മനസിലാക്കാനും പഠിക്കാനും ഇത്തരം സന്ദർശനങ്ങൾ ഉപകരിക്കും. ഇമാറാത്തി​ന്‍റെ ചരിത്രം പറഞ്ഞു തരുന്ന നിരവധി മ്യൂസിയങ്ങളും പൈതൃക ഗ്രാമങ്ങളും ഇവിടെയുണ്ട്​.

ഓരോ എമിറേറ്റിലും അതതിടങ്ങളിലെ ചരിത്രത്തെ വിശദീകരിക്കുന്ന മ്യൂസിങ്ങൾ പ്രവർത്തിക്കുന്നു. ചരിത്രത്തെ ഏറ്റവും പുതിയ തലമുറകൾക്ക്​ പ്രൗഢിയോടെ പരിചയപ്പെടുത്തുകയാണ്​ ഇതിലൂടെ ലക്ഷ്യംവെക്കുന്നത്​. പ്രധാനപ്പെട്ട ചില മ്യൂസിയങ്ങളെ പരിചയപ്പെടാം.

ദുബൈ മ്യൂസിയം

ദുബൈയുടെ ചരിത്രമുറങ്ങുന്ന അൽ ഫഹീദി കോട്ടയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയമാണ്​ ദുബൈ മ്യൂസിയം. 1971ൽ തുറന്ന ഈ കേന്ദ്രം ഇമാറാത്തിന്‍റെ ബദവി ജീവിരീതിയെയും അതിനപ്പുറം ചരിത്രത്തിൽ ദുബൈയുടെ സ്ഥാനത്തെയും അടയാളപ്പെടുത്തുന്നതാണ്​. തീരപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും മരുഭൂമിയിലും എല്ലാം എങ്ങനെയായിരുന്നു നൂറ്റാണ്ട്​ മുമ്പ്​ അറബ്​ ജനത അധിവസിച്ചിരുന്നതെന്ന്​ ഇവിടെ നിന്ന്​ മനസിലാക്കാൻ കഴിയും. നിരവധി ചരിത്ര രേഖകളും ചിത്രങ്ങളും മാപ്പുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്​. ദുബൈ നഗരം ലോകത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായി വളർന്നതിന്‍റെ ചരിത്രം വിവരിക്കുന്ന വീഡിയോ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്​. എല്ലാ ദിവസവും രാവിലെ 8.30മുതൽ രാത്രി 8.30വരെ ഇവിടെ പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ ശേഷമാണ്​ പ്രവേശനം.

ഹത്ത ഹെറിറ്റേജ്​ വില്ലേജ്​

യു.എ.ഇയുടെ പഴമയെ പുനസൃഷ്​ടിച്ചിരിക്കുന്ന പ്രദേശമാണ്​​ ഹത്ത പൈതൃക ഗ്രാമം. ചെറിയൊരു ഗ്രാമം തന്നെ ഇതിനായി ഒരുക്കിയിട്ടുണ്ട്​. പുരാതന കാലത്തെ ഇമാറാത്തി ജീവിതങ്ങ​ൾ എങ്ങിനെയായിരുന്നുവെന്ന്​ അറിയാൻ ഹെറിറ്റേജ്​ വില്ലേജ്​ സന്ദർശിച്ചാൽ മതി. മണ്ണും തടിയും ഈന്തപ്പനയോലകളും കൊണ്ടാണ്​ ഇവിടെയുള്ള ഓരോ നിർമിതിയും പുനസൃഷ്​ടിച്ചിരിക്കുന്നത്​. ഭരണാധിപൻമാരുടെ മജ്​ലിസും ഇമാറാത്തി കുടിലുകളും സൈനീക വേഷങ്ങളും ആയുധങ്ങളുമെല്ലാം ഇവിടെ കാണാം. ഈത്തപ്പഴം ഉൾപെടെ യു.എ.ഇയുടെ പഴയകാല കംഷിയും വ്യാപാരവും എങ്ങിനെ വളർന്നുവെന്നും വരച്ചിടുന്നതാണ്​ ഹെറിറ്റേജ്​ വില്ലേജ്​. ഇമാറാത്തി സൈന്യം ശത്രുക്കളെ എങ്ങിനെയാണ്​ പ്രതിരോധിച്ചിരുന്നതെന്നും കാണിച്ചുതരുന്നു. പഴയകാല ആയുധങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്​. ഹത്ത ഡാമിന്​ സമീപത്ത്​ നിന്ന്​ അധികം ദൂരെയല്ല ഈ വില്ലേജ്​. ദുബൈ-ഒമാൻ അതിർത്തി പ്രദേശമാണിത്​​. നിലവിൽ ചൂട്​ കൂടിയ സമയമായതിനാൽ ചൂടിനെതിരായ മുൻകരുതലുമായി വേണം ഹെറിറ്റേജ്​ വില്ലേജ്​ സന്ദർശിക്കാൻ. പ്രവേശനം സൗജന്യം.

ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം

നാലു മുതൽ പത്തു വയസ് വരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക്​ അവധിക്കാലത്ത്​ സന്ദർ​ശിക്കാൻ പറ്റിയ സ്​ഥലമാണ്​ ലൂവ്ർ അബൂദബി ചിൽഡ്രൻസ് മ്യൂസിയം. വൈവിധ്യമാർന്ന കലാ സാഹസികതാ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പൂർണമായും സൗജന്യമായി ആസ്വദിക്കാം. മൂന്ന് നിലകളിലാണ് വിനോദങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. കളികൾ, കേൾക്കൽ, വരക്കൽ, അഭിനയിക്കൽ എന്നിവയിലൂടെ കുട്ടികൾക്ക് ഒട്ടേറെ രസകരമായ അനുഭവങ്ങൾ ആസ്വദിക്കാൻ അവസരമുണ്ട്​. പ്രത്യേക ഔട്ട്‌ഡോർ ഏരിയയും ഇവിടെയുണ്ട്​. കുട്ടികൾക്ക് സർഗവാസനകളെ പ്രോൽസാഹിപ്പിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും കഴിയും. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് മ്യൂസിയം ഗാലറികളും എക്‌സിബിഷനുകളും സന്ദർശിക്കുന്നതിന് പ്രവേശന ഫീസുണ്ട്​. രണ്ടു മുതിർന്നവർ, ആറ് കുട്ടികൾ, പരിചാരകർ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് 100 ദിർഹമാണ് നിരക്ക്. കുടുംബ പാക്കേജിന് ഓൺലൈനിൽ ബുക്ക് ചെയ്യണം.

ഷാർജ ഇസ്​ലാമിക്​ സിവിലൈസേഷൻ മ്യൂസിയം

1987ൽ തുറന്ന പ്രസിദ്ധമായ ഈ മ്യൂസിയം സൂഖുൽ മജർറ എന്നറിയപ്പെടുന്ന പ്രദർശന കേന്ദ്രമാണ്​ ഷാർജയിലെ മ്യൂസിയം ഓഫ്​ ഇസ്​ലാമിക്​ സിവിലൈസേഷൻ. ഇസ്​ലാമിക ചരിത്രം മനസിലാക്കാൻ ഉതകുന്ന രീതിയിൽ സംവിധാനിച്ചതാണിത്​. ഇസ്​ലാമിക ചരിത്രത്തോടൊപ്പം കലയെയും അനുഭവിച്ചറിയാൻ ഇവിടെ സാധിക്കും. മിനാരങ്ങളുടെ രൂപത്തിൽ തയ്യാറാക്കിയ മുകൾ ഭാഗം മ്യൂസിയത്തിനകത്ത്​ പ്രവേശിക്കുന്നവരെ വളരെയധികം ആകർഷിക്കുന്നതാണ്​. ഇസ്​ലാമിക വിശ്വാസവുമായും നാഗരികതയുമായും ബന്ധപ്പെട്ട ചരിത്രത്തിലെ വികാസ പരിണാമങ്ങ വായിച്ചെടുക്കാൻ പ്രദർശനം കാണുന്നവർക്ക്​ സാധിക്കും. ഷാർജ ക്രീക്കിന്​ അഭിമുഖമായിട്ടാണ്​ മ്യൂസിയം സ്ഥിതി ചെയ്യുന്നത്​. സൗജന്യമാണ്​ ഇവിടെ പ്രവേശനംഴ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ്​ പ്രവൃത്തി സമയം.

ഫുജൈറ ഹെറിറ്റേജ് വില്ലേജ്

യു.എ.ഇ യിലെ പഴയ കാല ജീവിത രീതിയെ കുറിച്ചും മറ്റും മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്ന രീതിയിലാണ് ഫുജൈറയിലെ പൈതൃക ഗ്രാമം സ്ഥാപിച്ചിരിക്കുന്നത്. 6000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിച്ച ഈ ഗ്രാമം ഫുജൈറ മുദബ് സ്പ്രിങ്​ പാര്‍ക്കി​ന്‍റെയും മുദബ് ഡാമിന്‍റെയും ഇടയിലായാണ്​ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചു ഗ്രാമം പോലെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. പണ്ടുകാലത്തെ കുടിലുകളും മലമ്പ്രദേശത്ത് നിര്‍മിച്ചിരുന്ന വീടുകളുടെ മാതൃകകളും തനതു രൂപത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ഇവിടെ പ്രദർശിപ്പിച്ച കാര്‍ഷികാവശ്യത്തിനുപയോഗിച്ചിരുന്ന വെള്ളം കോരി യന്ത്രം രസകരമായ കാഴ്ചയാണ്. അന്നത്തെ അറബികളുടെ പ്രധാന തൊഴില്‍ മേഖലയായിരുന്ന മത്സ്യബന്ധനവുമായി ബന്ധപെപ്പെട്ട സമാഗ്രികളും ബോട്ടുകളും ഒരു കടല്‍ തീരത്തി​ന്‍റെ മാതൃക തന്നെ രൂപപെടുത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആ കാലഘട്ടത്തെ പലചരക്കു കട, മരപ്പണി കട, ബേക്കറി, തയ്യൽ കട, കമ്മാരസംഘം, ഔഷധ ഷോപ്പ് തുടങ്ങിയവയുടെ മാതൃകകള്‍ വളരെയേറെ കൗതുക മുണര്‍ത്തുന്ന കാഴ്ചകള്‍ ആണ്. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ വൈകുന്നേരം 6.30 വരെയും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 6.30 വരെയും പ്രവേശനം.

റാക് ദേശീയ മ്യൂസിയം

വേനല്‍ അവധിക്കാലത്ത് കുട്ടികളെ കാണിക്കേണ്ട സ്​ഥലമാണ്​ റാക് ദേശീയ മ്യൂസിയം. മുന്‍ ഭരണാധികാരികളുടെ വസതി, ഭരണസിരാ കേന്ദ്രം എന്നിവയായി നിലകൊണ്ട കെട്ടിട സമുച്ചയം പഴയ കാലത്ത് പൊലീസ് ആസ്ഥാനവും ജയിലുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ഡ് റാസല്‍ഖൈമയിലെ ഈ കോട്ട യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായിരുന്ന ശൈഖ് സഖര്‍ ആല്‍ ഖാസിമി 1987ലാണ് മ്യൂസിയമാക്കി മാറ്റിയത്.



1809 -1819 കാലഘട്ടത്തില്‍ പണികഴിപ്പിച്ച കോട്ടയാണ് ഇത്. വേനല്‍ക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നിലനിര്‍ത്തുന്ന രീതിയില്‍ മികച്ച വാസ്തു വിദ്യയിലാണ് കോട്ടയുടെ നിര്‍മാണം. പൗരാണിക കാലത്തെ കുടുംബം, തൊഴില്‍, ജീവിത രീതി, കല, വിദ്യാഭ്യാസം, ഭരണ നിര്‍വ്വഹണം തുടങ്ങി സര്‍വ സംസ്കാര പൈതൃകങ്ങളുടെയും നേര്‍ ചിത്രം ഇവിടെ കാണാം. വെള്ളിയാഴ്​ചകളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെയുമാണ് റാക് ദേശീയ മ്യൂസിയത്തിന്‍റെ പ്രവര്‍ത്തന സമയം.

Tags:    
News Summary - u.a.e Museums

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 02:36 GMT