അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ യു.എസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യു.എ.ഇയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് സന്ദർശിക്കുന്നത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വാർത്ത ഏജൻസി വാം റിപ്പോർട്ട് ചെയ്തു. ഗസ്സയിലും സുഡാനിലും തുടരുന്ന പ്രതിസന്ധികൾ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. ഫലസ്തീനിൽ ശാശ്വതമായ വെടിനിർത്തലിന്റെ സാധ്യത തേടുന്ന സാഹചര്യത്തിൽ യു.എസ് പ്രസിഡന്റുമായുള്ള ശൈഖ് മുഹമ്മദിന്റെ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
നിർമിതബുദ്ധി സാങ്കേതിക വിദ്യകളുടെ വികസനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉൾപ്പെടെ മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉയർന്നുവരും. അര നൂറ്റാണ്ടിലേറെക്കാലമായി ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കാനും സന്ദർശനം വഴിവെക്കും.
സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, ബഹിരാകാശ ഗവേഷണം, പുനരുപയോഗ ഊർജം, കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള നടപടി, സുസ്ഥിരമായ പരിഹാരങ്ങൾ, ശോഭനമായ ഭാവി മുന്നിൽ കണ്ടുള്ള മറ്റു നൂതന ആശയങ്ങൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
സന്ദർശനത്തിന്റെ ഭാഗമായി യു.എസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. എല്ലാ മേഖലകളിലും യു.എസ്-യു.എ.ഇ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ തേടുന്നത് കേന്ദ്രീകരിച്ചായിരിക്കും ചർച്ചകൾ.
അതേസമയം, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ശൈഖ് മുഹമ്മദ് പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിലും സുഡാനിലുമുള്ള മാനുഷിക പ്രതിന്ധി നേരിടുന്നതിൽ യു.എ.ഇയുടെ നിർണായകമായ പങ്കിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുമെന്ന് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വാക്താവ് ജോൺ കിർബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.