ദുബൈ: ആഭ്യന്തര യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായ 178 പേരെ കൂടി സുഡാനിൽനിന്ന് യു.എ.ഇ രക്ഷപ്പെടുത്തി. ഏഴ് രാജ്യങ്ങളിൽനിന്നുള്ളവരെയാണ് വിമാനമാർഗം യു.എ.ഇയിൽ എത്തിച്ചത്. ശനിയാഴ്ച മറ്റൊരു വിമാനത്തിൽ 176 പേരെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് വീണ്ടും വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്.
ഏറ്റവും പ്രയാസപ്പെടുന്ന രോഗികൾ, പ്രായമായവർ, കുട്ടികൾ, പരിക്കേറ്റവർ എന്നിവർക്കാണ് രക്ഷാദൗത്യത്തിൽ പരിഗണന നൽകുന്നത്. സംഘർഷത്തിനിടെ വെടിയേറ്റ് പരിക്കുപറ്റിയ സുഡാനീസ് ബാലനും കഴിഞ്ഞദിവസം എത്തിയ സംഘത്തിലുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷപ്പെടുത്തിയവർ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതുവരെ ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും അധികൃതർ ഒരുക്കും. ഏപ്രിൽ 29 മുതൽ നൂറുകണക്കിന് ആളുകളെ അഞ്ച് വിമാനങ്ങളിലായി യു.എ.ഇ രക്ഷപ്പെടുത്തിയിട്ടുണ്ട്. 24 രാജ്യങ്ങളിലെ പൗരന്മാരെയാണ് ഒഴിപ്പിച്ചിട്ടുള്ളത്.
മാനുഷിക രക്ഷാദൗത്യത്തിന്റെ ഭാഗമായാണ് സുഡാനിൽ നിന്ന് ഒഴിപ്പിക്കൽ തുടരുന്നതെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. വിവിധ ആഗോള സംവിധാനങ്ങളുമായും രാജ്യങ്ങളുമായും സഹകരിച്ച് സുഡാനിൽ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രവർത്തിക്കുമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.