ദുബൈ: ആഭ്യന്തര സംഘർഷത്തിൽ പ്രതിസന്ധിയിലായ സുഡാനിലേക്ക് 30 ടൺ ഭക്ഷ്യ, സാധനസാമഗ്രികൾ അയച്ച് യു.എ.ഇ സംഘർഷ പ്രദേശങ്ങളിൽ അഭയാർഥികളാക്കപ്പെട്ട ജനങ്ങൾക്കാണ് സഹായം എത്തിക്കുക. സുഡാന്റെ അയൽരാജ്യമായ ചാഡിലാണ് യു.എ.ഇയുടെ സഹായം എത്തിച്ചത്. വിമാനമാർഗം ഇവിടെ എത്തിച്ച സഹായ വസ്തുക്കൾ വൈകാതെ സുഡാനിലെ അഭയാർഥികൾക്ക് വിതരണം ചെയ്യും.
ആഭ്യന്തര സംഘർഷത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേരത്തേ നിർദേശിച്ചിരുന്നു. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ എന്നിവയുൾപ്പെടെയുള്ള സഹായം മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് മുഖേന നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന ആളുകൾക്കാണ് മുൻഗണന നൽകുന്നത്. അതിനിടെ ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്സ് റെഡ് ക്രസന്റും മുഖേന വിതരണം ചെയ്യുന്ന സഹായങ്ങളുമായി ആദ്യ വിമാനം സുഡാനിന്റെ അയൽരാജ്യമായ ഛാദിൽ നേരത്തേ എത്തിച്ചേർന്നിട്ടുണ്ട്. സംഘർഷം ശമിക്കാത്ത സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരെ രക്ഷപ്പെടുത്തുന്നതും യു.എ.ഇ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി അഞ്ചുരാജ്യങ്ങളിൽനിന്നുള്ള 126 പേരുമായി സുഡാനിൽനിന്നുള്ള മൂന്നാമത്തെ വിമാനം അബൂദബിയിൽ ബുധനാഴ്ച എത്തിച്ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.