ദുബൈ: യു.എ.ഇയിൽ ആരോഗ്യപ്രവർത്തകർക്ക് ഏകീകൃത ലൈസൻസിങ് സംവിധാനം വരുന്നു. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിലൂടെ ലൈസൻസ് നേടുന്ന ആരോഗ്യപ്രവർത്തകർക്ക് രാജ്യത്തെവിടെയും മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതിയുണ്ടാകും.
സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ ഈ ലൈസൻസ് മതിയാകും. മന്ത്രാലയം ആക്ടിങ് ഡയറക്ടറെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആരോഗ്യപ്രവർത്തകർക്ക് വിവിധ എമിറേറ്റുകളിൽ വ്യത്യസ്തമായ ലൈസൻസിങ് സംവിധാനമാണ് നിലവിലുള്ളത്.
ഇത്തരത്തിൽ ലൈസൻസ് നേടുന്നവർക്ക് അതാത് എമിറേറ്റുകളിൽ ജോലി ചെയ്യാനാണ് നിലവിൽ അനുമതിയുള്ളത്. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അനുബന്ധ മെഡിക്കൽ സ്പെഷലിസ്റ്റുകൾ, സാങ്കേതിക ജീവനക്കാർ എന്നിവരുൾപ്പെടെ ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാർക്ക് പദ്ധതി ഉപകാരപ്പെടും. മലയാളികളടക്കം പ്രവാസികൾക്കും സംവിധാനം വളരെയധികം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രത്യേകിച്ച് നഴ്സിങ് രംഗത്തടക്കം രാജ്യത്ത് നിരവധി മലയാളികൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം സംവിധാനം നിലവിൽ വരുന്ന തീയതി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ സംവിധാനം നിലവിൽ വരുമെന്നും പ്ലാറ്റ്ഫോം രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണെന്നുമാണ് മന്ത്രാലയം ആക്ടിങ് ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.