അബൂദബിയെ ആവേശഭരിതമാക്കാൻ യു.എഫ്.സി (അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ്) വീണ്ടുമെത്തുന്നു. ഒക്ടോബർ 21നാണ് അബൂദബിയിൽ യു.എഫ്.സി 294 അരങ്ങേറുന്നത്. എതിരാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും യു.എഫ്.സി പോരാട്ടത്തിന്‍റെ ചൂട് ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പുമായി സഹകരിച്ചാണ് യു.എഫ്.സി 2019ൽ അബൂദബിയിൽ മൽസരങ്ങൾ ആരംഭിച്ചത്. കഴിഞ്ഞവർഷം ഇത്തിഹാദ് അറീനയിൽ നടന്ന മൽസരത്തിൽ ഇസ്ലാം മഖചേവും ചാൾസ് ഒലിവീരയുമാണ് ഏറ്റുമുട്ടിയത്.
ചാൾസ് ഒലിവീരയെ കീഴടക്കി ഇസ്ലാം മഖചേവ് ലൈറ്റ് വെയ്റ്റ് ചാംപ്യനായിരുന്നു. 2010ലാണ് അബൂദബിയിൽ ആദ്യ യു.എഫ്.സി പോരാട്ടം നടന്നത്. ഇതിനു ശേഷം ഖബീബ് നർമഗോമെദോവ്, കോനൻ മക് ഗ്രഗർ, ഇസറയേൽ അദീസന്യ, ഖംസത്ത് ചിമയേവ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് അബൂദബിയിൽ പോരടിക്കാനെത്തി കാണികളുടെ ഹൃദയം കീഴടക്കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയ കഴിഞ്ഞ വർഷത്തെ മല്‍സരത്തിലേക്ക് കാണികള്‍ ഒഴുകിയെത്തിയിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി https://mailchi.mp/visitabudhabi/ufc281registeryourinterest എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2019 സപ്തംബറില്‍ ഖബീബ് / പൊയ്‌റിയര്‍ പോരാട്ടമായിരുന്നു അബൂദബിയില്‍ നടന്ന നിയന്ത്രണങ്ങളൊന്നുമില്ലാത്ത യു.എഫ്.സി മല്‍സരം. ലോകോത്തര ഫൈറ്റര്‍മാരെ തന്നെ അബൂദബിയിലെ മല്‍സരവേദിയിലെത്തിക്കാന്‍ തങ്ങള്‍ അത്യധികം ശ്രമിക്കുന്നുണ്ടെന്നും മറ്റൊരു ആവേശകരമായ മല്‍സരം കൂടി അബൂദബിയുടെ മണ്ണിലെത്തിക്കുന്നതില്‍ ആകാംക്ഷാഭരിതരാണെന്നും സംഘാടകർ പറയുന്നു. യു.എഫ്.സിയുടെ അന്തിമ വേദിയായി അബൂദബി എന്തുകൊണ്ട് മാറുന്നു എന്ന് ലോകത്തുടനീളമുള്ള ആരാധകരെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിത്.
2021 ആദ്യം യാസ് ഐലന്‍റിലെ ഇത്തിഹാദ് അറീനയില്‍ നടന്ന യു.എഫ്.സി 267 മല്‍സരത്തില്‍ ബ്ലാചോവിച്‌സും ടൈക്‌സീരിയയുമാണ് ഏറ്റുമുട്ടിയത്. 2021 ആദ്യം യു.എഫ്.സി 257ഉം അരങ്ങേറിയെങ്കിലും കോവിഡ് വ്യാപനം മൂലം വളരെ കുറച്ച് കാണികളെയാണ് അനുവദിച്ചത്. 2010 ഏപ്രിലില്‍ അരങ്ങേറിയ യു.എഫ്.സി 112- ഇന്‍വിന്‍സിബിള്‍ മല്‍സരത്തില്‍ ഒമ്പത് കിരീട പോരാട്ടങ്ങള്‍ക്കാണ് അബൂദബി വേദിയായത്. അന്ന് മൂന്ന് പുതിയ ചാംപ്യന്‍മാരാണ് അബൂദബിയില്‍ ഉദയം കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.