ഇടിക്കൂട്ടിലെ ആവേശം;യു.എഫ്.സി വീണ്ടും അബൂദബിയിൽ

ഇടിക്കൂട്ടിലെ ആവേശപ്പോരാട്ടത്തിന് കളമൊരുക്കി വീണ്ടും യു.എഫ്.സി അബൂദബിയിൽ വരുന്നു. യു.എഫ്.സി പ്രേമികളെ ആവേശത്തിലാഴ്ത്തി അബൂദബിയിലെ മല്‍സര തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 26ന് ഇത്തിഹാദ് അറീനയില്‍ യു.എഫ്‌.സി 308 അരങ്ങേറുമെന്ന് അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ഏഴുദിവസം നീളുന്ന അബൂദബി ഷോഡൗണ്‍ വാരത്തോടനുബന്ധിച്ചാണ് യു.എഫ്‌.സി 308 സംഘടിപ്പിക്കുന്നത്. യു.എഫ്‌.സി ആരാധകര്‍ക്കായുള്ള പരിപാടികള്‍, സംഗീതനിശകള്‍, ഹോട്ടല്‍ പ്രമോഷനുകള്‍ തുടങ്ങി ഏഴുദിവസം അബൂദബിയില്‍ ഒട്ടേറെ പരിപാടികളാണ് അബൂദബി ഷോഡൗണ്‍ വാരത്തില്‍ നടക്കുക. യു.എ.ഇയില്‍ നടക്കുന്ന 19ാം യു.എഫ്‌.സി പോരാട്ടമാണ് ഒക്ടോബര്‍ 26ന് അബൂദബിയില്‍ നടക്കുക. ഈവര്‍ഷം ആഗസ്ത് 3ന് ശേഷം യു.എ.ഇയില്‍ നടക്കുന്ന രണ്ടാമത്തെ യു.എഫ്‌.സി പോരും ഇതാണ്. ലോകത്തുടനീളം വന്‍തോതില്‍ ആരാധകരുള്ള യു.എഫ്‌.സി മല്‍സരം അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പും അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി അബൂദബിയില്‍ അരങ്ങേറിവരുന്ന യു.എഫ്‌.സി പോരാട്ടങ്ങള്‍ പുതിയ ചാമ്പ്യന്‍മാരുടെ ഉദയത്തിനും എക്കാലവും ഓര്‍ത്തുവെക്കാനുള്ള നിമിഷങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാനും കാരണമായിട്ടുണ്ടെന്ന് അബൂദബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ടൂറിസം ഡയറക്ടര്‍ ജനറല്‍ സാലിഹ് അള്‍ ജെസിറി പറഞ്ഞു. ഇവിടെ നിശ്ചയിച്ചിരിക്കുന്ന യു.എഫ്‌സിയുടെ മറ്റൊരു പോര്‍വേദി അന്താരാഷ്ട്ര ഫൈറ്റ് തലസ്ഥാനമെന്ന ഖ്യാതി കൂടി അബൂദബിക്കു സമ്മാനിക്കുന്നതാണ്. 2019ലാണ് യു.എഫ്.സി അധികൃതര്‍ മല്‍സരവേദിയാവുന്നതിന് അഞ്ചുവര്‍ഷത്തേക്ക് കരാറൊപ്പിട്ടത്. 2010ലാണ് അബൂദബിയില്‍ ആദ്യ യു.എഫ്.സി. പോരാട്ടം നടന്നത്. ഇതിനു ശേഷം

ഖബീബ് നര്‍മഗോമെദോവ്, കോനന്‍ മക് ഗ്രഗര്‍, ഇസ്‌റായേല്‍ അദീസന്യ, ഖംസത്ത് ചിമയേവ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് അബൂദബിയില്‍ പോരടിക്കാനെത്തി കാണികളുടെ ഹൃദയം കീഴടക്കിയത്.

2010 ഏപ്രിലില്‍ അരങ്ങേറിയ യു.എഫ്.സി 112 ഇന്‍വിന്‍സിബിള്‍ മല്‍സരത്തില്‍ ഒമ്പത് കിരീട പോരാട്ടങ്ങള്‍ക്കാണ് അബൂദബി വേദിയായത്. ഗ്രാമി പുരസ്‌കാര ജേതാവായ സ്റ്റിങ്, കെ പോപ് സെന്‍സേഷനായ ബ്ലാക് പിങ്ക്, ഓസ്‌കര്‍ ജേതാവായ എ.ആര്‍ റഹ്‌മാന്റെ ഷോ, അബൂദബി ഗ്രാന്റ് പ്രി, എന്‍.ബി.എ, യു.എഫ്.സി തുടങ്ങിയ വന്‍ പരിപാടികള്‍ക്കാണ് അബൂദബി ആതിഥ്യം വഹിച്ചത്.

Tags:    
News Summary - UFC is back in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.