ദുബൈ: പിറവിയുടെ 50ാം വാർഷികം ആഘോഷിക്കുന്ന യു.എ.ഇക്ക് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെ സ്നേഹസമ്മാനമായിരിക്കും 'ഗൾഫ് മാധ്യമം'കമോൺ കേരളയിലെ 'ശുക്റൻ ഇമാറാത്ത്' വേദി. ജൂൺ 24 മുതൽ ഷാർജയിൽ നടക്കുന്ന കമോൺ കേരളയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരിക്കും 'ശുക്റൻ ഇമാറാത്ത്'. 50 യു.എ.ഇ പൗരന്മാരെയാണ് ആദരിക്കുന്നത്. യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ ഇമാറാത്തി പൗരന്മാർക്ക് ഇന്ത്യൻ സമൂഹം ആദരമർപ്പിക്കുന്നത്. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ഇന്ത്യൻ സമൂഹത്തെ ചേർത്തുപിടിച്ച, പ്രതിസന്ധിക്കാലത്ത് കേരളത്തിന് കൈത്താങ്ങൊരുക്കിയ, അന്നംതേടിയെത്തിയവരെ കൂടപ്പിറപ്പുകളെ പോലെ കൂടെനിർത്തിയ, മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച, സംരംഭക മേഖലയിൽ വിജയപർവം താണ്ടിയ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 50 ഇമാറാത്തി പൗരന്മാർക്കാണ് പ്രവാസലോകത്തിന്റെ പേരിൽ 'ഗൾഫ് മാധ്യമം' അഭിവാദനമർപ്പിക്കുന്നത്. ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതിയ അർബാബുമാരുടെ ഹൃദയവിശാലതയുടെ കഥകളുമായി ഇന്ത്യൻ പൗരന്മാരും വേദിയിലെത്തും. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ചകളുടെയും സ്നേഹസംഗമങ്ങളുടെയും വേദിയായി ചടങ്ങ് മാറും. യു.എ.ഇയുടെ വാരാന്ത്യ അവധിദിനങ്ങൾ മാറിയശേഷം ഇന്ത്യൻ സമൂഹം ഒരുക്കുന്ന ഏറ്റവും വലിയ വിനോദപരിപാടിയായിരിക്കും കമോൺ കേരള.
പ്രവാസികൾ ഒന്നടങ്കം ഏറ്റെടുക്കുന്ന ചടങ്ങായിരിക്കും ശുക്റൻ ഇമാറാത്ത് എന്ന് ഗൾഫ് മാധ്യമം ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷമായി നാലാം എഡിഷൻ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങിന് കമോൺ കേരള വേദിയാകുമെന്ന് ഗൾഫ് മാധ്യമം-മീഡിയവൺ മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ അറിയിച്ചു. ഇന്ത്യയിലെയും യു.എ.ഇയിലെയും വിദേശരാജ്യങ്ങളിലെയും പ്രമുഖ ബ്രാൻഡുകളും നിരവധി സ്ഥാപനങ്ങളും സ്റ്റാളുകളിൽ അണിനിരക്കും. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ അനന്തസാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരിക്കും നാലാം എഡിഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തസമ്മേളനത്തിൽ അബീവിയ- ന്യൂട്രിഡോർ മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് മാനേജർ അഷ്ഫാഖ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും സി.ആർ.ഒയുമായ ബിനു തോമസ്, വൺ ഇൻഫ്ര മാനേജിങ് ഡയറക്ടർ ഷഫീഖ് എം.എം, ടാൾറോപ് സഹസ്ഥാപകനും സി.ഒ.ഒയുമായ ഷമീർ ഖാൻ, ജലീൽ കാഷ് ആൻഡ് കാരി ജനറൽ മാനേജർ വി.കെ. ഷിഹാബ്, കെമക്സ് ഹൈജീൻ കൺസപ്റ്റ് മാനേജിങ് ഡയറക്ടർ സി.പി. അബ്ദുൽ റസാഖ്, കോസ്മോ ട്രാവൽസ് റവന്യൂ ഒപ്ടിമൈസേഷൻ മാനേജർ സിദ്ദീഖ് എളമ്പിലാട്ട്, എക്സ്പോ സെന്റർ ബിസിനസ് ഡവലപ്മെന്റ് മാനേജർ സന്ദീപ് ബോലാർ, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.