ഉമ്മുൽ ഖുവൈൻ: അജ്മാനിൽനിന്നും ഉമ്മുൽ ഖുവൈനിലേക്കുള്ള ബസ് സൽമ വരെ നീട്ടി. ഉമ്മുൽ ഖുവൈൻ നിവാസികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ സർവിസ്. അജ്മാനിൽ ബുസ്താൻ ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ബസ് ഇത്തിഹാദ് റോഡിൽ സൽമയിലെ പെട്രോൾ സ്റ്റേഷന് അടുത്തുള്ള റൗണ്ട് എബൗട്ട് ചുറ്റി തിരികെ അവസാന സ്റ്റോപ്പായ പഴയ ലുലുവിന്റെ അടുത്തേക്ക് പോകുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. മുമ്പ് ഇത്തിഹാദ് റോഡിൽനിന്നും നേരെ കിങ് ഫൈസൽ റോഡിൽ പ്രവേശിച്ചുപോകുന്ന റൂട്ടായിരുന്നു ഇത്. റൂട്ട് പുനഃക്രമീകരിച്ചതിനാൽ ഇപ്പോൾ സൽമയിൽനിന്നും അജ്മാനിലേക്കും തിരിച്ചും പോകേണ്ട യാത്രക്കാർക്ക് ചുരുങ്ങിയ ചെലവിൽ യാത്രചെയ്യാനുള്ള സൗകര്യം നിലവിൽ വന്നിരിക്കുകയാണ്.
രാവിലെ ഏഴിന് അജ്മാൻ ബുസ്താൻ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ആദ്യ ബസ് സൽമ വഴി 7.40ന് പഴയ ലുലുവിന് അടുത്തുള്ള അവസാന സ്റ്റോപ്പിൽ എത്തിച്ചേരും. 7.50ന് തിരിച്ച് അജ്മാനിലേക്ക് പോകും. സൽമ വഴി ആയിരിക്കില്ല തിരികെയുള്ള യാത്ര. സൽമയിൽ നിന്നും അജ്മാനിലേക്ക് പോകുന്ന യാത്രക്കാർ ബസ് വരുന്ന സമയത്ത് തന്നെ കയറുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മണിക്കൂർ ഇടവിട്ടുണ്ടാകുന്ന ഈ റൂട്ടിലെ അജ്മാനിൽ നിന്നുള്ള അവസാന ബസ് രാത്രി പത്തിന് അജ്മാൻ ബുസ്താനിൽ നിന്നും പുറപ്പെടുന്നതും തിരിച്ചുള്ളത് രാത്രി 10.50ന് ഉമ്മുൽ ഖുവൈൻ സ്റ്റേഷനിൽനിന്ന് യാത്രതിരിക്കുന്നതുമാണ്.
അജ്മാൻ ലുലു ഹൈപ്പർ മാർക്കറ്റിനടുത്തുള്ള ഇത്തിഹാദ് സ്റ്റേഷൻ, അജ്മാൻ സിറ്റി സെന്റർ, സൽമ, ഉമ്മുൽ ഖുവൈൻ നെസ്റ്റോ, ഉമ്മുൽ ഖുവൈൻ കാരിഫോർ എന്നിവയാണ് മറ്റു ബസ് സ്റ്റോപ്പുകൾ. ഒരുവശത്തേക്ക് 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഇത് മസാർ കാർഡ് വഴിയോ പണമായോ നൽകി യാത്രചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.