ദുബൈ: വാഹനങ്ങളിൽ അനധികൃതമായി രൂപ മാറ്റം വരുത്തിയ 12,000 പേർക്ക് ഈ വർഷം പിഴ വിധിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ നിന്ന് അമിതമായ ശബ്ദത്തിനും മറ്റ് റോഡ് യാത്രക്കാർക്ക് ശല്യമുണ്ടാകുന്നതിനും രൂപമാറ്റങ്ങൾ കാരണമായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അനുമതിയില്ലാതെ വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ കാര്യമായ മാറ്റങ്ങൾ വരുത്തിയതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. അമിത ശബ്ദമുണ്ടാക്കുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ 5,523 വാഹനങ്ങൾക്കും എൻജിനിൽ മാറ്റം വരുത്തിയ 6,496 വാഹനങ്ങൾക്കുമാണ് പിഴ വിധിച്ചത്.
അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴയും ലൈസൻസിൽ 12 പോയന്റുമാണ് ശിക്ഷ. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാൻ 10,000 ദിർഹം നൽകുകയും വേണം. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ വിഡിയോയും ദുബൈ പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
എൻജിൻ വേഗത വർധിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഇത്തരം വാഹനങ്ങൾ അമിത ശബ്ദത്തിനും നിവാസികൾക്ക് ശല്യമാകുന്നതിനും കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.
അശ്രദ്ധമായി വാഹനമോടിക്കുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനവും അപകടത്തിലാക്കുന്നതാണെന്നും നിയമപരമായി പിഴ ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഡ്രൈവർമാരുടെ ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് ഐ, വി ആർ ആൾ പൊലീസ് സർവിസിലോ അറിയിക്കാം. കൂടാതെ 901 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.