അബൂദബി: സർവകലാശാലകളുടെ ലൈസൻസ് പുതുക്കൽ, അകാദമിക അക്രഡിറ്റേഷൻ നടപടികൾ ലഘൂകരിക്കുന്നതിനായി നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലൈസൻസ് പുതുക്കുന്നതിനുള്ള സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള റിസ്ക് ബേസ്ഡ് മാനേജ്മെന്റ് സംവിധാനമാണ് മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.
പ്രകടന മികവിനെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ വിലയിരുത്തുന്ന സംവിധാനമാണ് റിസ്ക് ബേസ്ഡ് മാനേജ്മെന്റ്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് ആറ് വർഷത്തേക്ക് ലൈസൻസ് അനുവദിക്കും. മൂന്നുവർഷം കൂടുമ്പോൾ ഇവരുടെ പ്രകടനം വിലയിരുത്തും. ശരാശരി പ്രകടനം കാഴ്ചവെക്കുന്ന വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് രണ്ട് വർഷത്തെ ലൈസൻസാണ് അനുവദിക്കുക. വാർഷിക വിലയിരുത്തലിന് ഈ സ്ഥാപനങ്ങളെ വിധേയമാക്കുകയും ചെയ്യും. യു.എ.ഇയിൽ അംഗീകാരമുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നിലവാരമുള്ള പ്രകടന സൂചകങ്ങളും ഉപയോഗിച്ച് വിലയിരുത്തുന്നുവെന്ന് ഈ സംരംഭം ഉറപ്പാക്കും.
സ്ഥാപനപരമായ വിലയിരുത്തലുകളിലൂടെ സുതാര്യതയും സ്ഥിരതയും ഉറപ്പുവരുത്താനുള്ള ഏകീകൃത വിലയിരുത്തൽ സംവിധാനമാണ് പുതിയ നിയമചട്ടക്കൂടിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ മഅല്ല പറഞ്ഞു. പുതിയ പരിഷ്കാരങ്ങൾ രേഖകളുടെ ആവശ്യകത ഗണ്യമായി കുറക്കുകയും ലൈസൻസ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതുതായി സ്ഥാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസിനായി 28 രേഖകൾക്ക് പകരം ഇനി മുതൽ അഞ്ച് രേഖകൾ സമർപ്പിച്ചാൽ മതി.
കൂടാതെ പ്രാഥമിക അകാദമിക പ്രോഗ്രാമുകളുടെ അക്രഡിറ്റേഷനായി സമർപ്പിക്കുന്ന രേഖകളുടെ എണ്ണം 13ൽ നിന്ന് ഒന്നായി കുറച്ചു. ലൈസൻസ് പുതുക്കുന്നതിനാവശ്യമായ രേഖകളുടെ എണ്ണവും 11ൽ നിന്ന് ഒന്നായി കുറച്ചിട്ടുണ്ട്. പുതിയ പ്രോഗ്രാമുകൾക്ക് അക്രഡിറ്റേഷൻ തേടുന്ന നിലവിലുള്ള സ്ഥാപനങ്ങൾക്ക് 13 രേഖകൾക്ക് പകരം ഒരു രേഖ സമർപ്പിച്ചാൽ മതിയെന്നും മന്ത്രാലയം അറിയിച്ചു. ലൈസൻസ്, അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിലുള്ളതും പുതിയതുമായ സ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശം പുതിയ ചട്ടക്കൂട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.