ദുബൈ: എക്സ്പോ 2020 ദുബൈ സന്ദർശിച്ച മിക്കവരുടെയും കണ്ണിലുടക്കിയ കാഴ്ചയായിരുന്നു യു.എസ് പവലിയന് മുന്നിലെ പടുകൂറ്റൻ റോക്കറ്റ്. ലോകത്തിലെ ഏറ്റവും നൂതനമായ റോക്കറ്റുകളിലൊന്നായ സ്പേസ്എക്സിന്റെ ഫാൽക്കൻ-9ന്റെ മോഡലായിരുന്നു ഇത്. വിശ്വമേളക്ക് കൊടിയിറങ്ങിയതോടെ പവലിയൻ അധികൃതർ റോക്കറ്റ് പ്രദർശനത്തിന് സ്ഥിരം വേദി തേടിയിറങ്ങിയിരിക്കയാണ്. 43 മീറ്റർ നീളമുള്ള റോക്കറ്റിന് ബഹുനില ബിൽഡിങ്ങിന്റെ ഉയരമുണ്ട്. ബഹിരാകാശ യാത്രകളെ പറ്റിയുള്ള യു.എസ് പവലിയൻ എക്സിബിഷൻ കണ്ട് പുറത്തിറങ്ങുന്ന സ്ഥാനത്താണ് ഇത് സ്ഥാപിച്ചിരുന്നത്. ഇവിടെനിന്ന് ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വൻ തിരക്കായിരുന്നു. റോക്കറ്റിന്റെ മാതൃക ഭാവിയിലും കൂടുതൽ സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രദർശനത്തിനായി പുതിയ കേന്ദ്രം അന്വേഷിക്കുകയാണെന്നും ദുബൈ യു.എസ് കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസുൽ ജനറൽ വെളിപ്പെടുത്തി. അപ്പോളോ മിഷനിലൂടെ എത്തിച്ച ചന്ദ്രനിലെ റോക്ക് സാമ്പിളുകൾ, ചൊവ്വ പര്യവേക്ഷണങ്ങളിലൊന്നിന്റെ മാതൃക, ബഹിരാകാശ യാത്രികനായ സ്കോട്ട് കെല്ലിയുടെ സന്ദർശനം എന്നിവ ഉൾപ്പെടെ ബഹിരാകാശ പ്രമേയത്തിലുള്ള പ്രദർശനങ്ങളായിരുന്നു യു.എസ് പവലിയനെ ശ്രദ്ധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.