വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് യോജിച്ചതല്ല -മുഖ്യമന്ത്രി

വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് യോജിച്ചതല്ല -മുഖ്യമന്ത്രി

ദുബൈ : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ കേരളത്തിന്‍റെ സാഹചര്യത്തിന് പറ്റിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ വശങ്ങൾ മുൻ നിർത്തി മെട്രോ ശ്രീധരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ റെയിൽവേ പദ്ധതിക്ക് കേന്ദ്രം ഉടൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ-റെയിലിന്‍റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ദുബൈ അൽ നാസർ ലെഷർ ലാൻഡിൽ നടന്ന പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പ് യു.എ.ഇയിൽ എത്തിയപ്പോൾ ദുബൈയിൽ നിന്ന് അബൂദബിയിലേക്കും ഷാർജയിലേക്കും നാല് മണിക്കൂറിലേറെ സമയം വേണമായിരുന്നു. ഇപ്പോൾ അത് എത്രയേറെ കുറഞ്ഞിരിക്കുന്നു. വികസിത രാജ്യങ്ങളിലെ അവസ്ഥ ഇതാണ്. എന്നാൽ, നമ്മുടെ നാട്ടിലെ റോഡുകൾ ഇഴഞ്ഞുനീങ്ങുകയാണ്.

നമ്മുടെ നാട്ടിലും ഇത്തരം വികസനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എപ്പോഴാണ് നമ്മുടെ നാട് ഇങ്ങനെയാകുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇവിടെയൊന്നും നടക്കില്ല എന്ന ശാപവാക്ക് ചൊരിഞ്ഞവരുണ്ട്. ഈ അവസ്ഥക്ക് ഇപ്പോൾ മാറ്റം വന്നിരിക്കുന്നു.

ഇവിടെ കാര്യങ്ങൾ നടക്കും എന്ന മാനസികാവസ്ഥയിലേക്ക് എല്ലാവരും എത്തി. കാസർകോട് നിന്ന് ട്രെയിൻ കയറിയാൽ പിറ്റേ ദിവസമാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഈ സാഹചര്യത്തിലാണ് മുൻ സർക്കാർ അതിവേഗ റെയിൽ പാതയെ കുറിച്ച് ആലോചിച്ചത്. സ്റ്റോപ് കുറവായതിനാൽ ഇത് ഗുണം ചെയ്യില്ല എന്നറിഞ്ഞതിനെ തുടർന്ന് നടപ്പായില്ല. പുതിയ പാത നടപ്പാകുന്നതോടെ കാസർകോട് നിന്ന് നാല് മണിക്കൂറിൽ തിരുവനന്തപുരത്തെത്തും. എറണാകുളത്ത് നിന്ന് രണ്ട് മണിക്കൂറിൽ കേരളത്തിന്‍റെ ഏത് ഭാഗത്തും എത്താം. ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. കാര്യമറിയാതെയാണ് പലരും പദ്ധതിയെ എതിർക്കുന്നത്. എന്നാൽ ദുരുദ്ദേശ്യത്തോടെ എതിർക്കുന്നവരുമുണ്ട്. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ സമയങ്ങളിലെല്ലാം ഈ എതിർപ്പ് കണ്ടു. നാഷനൽ ഹൈവേ നടക്കില്ലെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ, ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കി ഈ പദ്ധതി നടപ്പാക്കി. നഷ്ട പരിഹാരവും നൽകി. നാടിന്‍റെ വികസനത്തിന് ഒന്നിച്ചു മുന്നേറണം. കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം. ഇല്ലെങ്കിൽ നാം പിന്തള്ളപ്പെട്ടു പോകും. ഇത് സർക്കാറിന്‍റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവ്​, ജോൺ ബ്രിട്ടാസ്​ എം.പി, ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസുഫലി, ഡോ. ആസാദ്​ മൂപ്പൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവരും ചടങ്ങിൽ സംസാരിച്ചു. ശനിയാഴ്ച രാവിലെ ദുബൈ ഒബ്​റോയ്​ ഹോട്ടലിൽ സംഘടിപ്പിച്ച ഇൻവെസ്റ്റർ മീറ്റിലും മുഖ്യമന്ത്രി പ​ങ്കെടുത്തു.

Tags:    
News Summary - Vande Bharat train is not suitable for Kerala: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.