ലാറ്റിനമേരിക്കയുടെ ഹൃദയഭൂമിക്ക് ജീവജലം പകർന്ന് രണ്ടായിരം കിലോമീറ്ററിലേറെ ദൂരം നീളത്തിൽ ഒഴുകുന്ന നദിയാണ് ഓറിനോകോ. നദിയുടെ മുക്കാൽ ഭാഗവും കടന്നുപോകുന്നത് വെനസ്വലയിലൂടെയാണ്. അതിനാൽ വെനസ്വലയെ അറിയുകയെന്നാൽ ഓറിനോകോയെ കൂടി അറിയുകയെന്നതാണ്. വൈവിധ്യമാർന്ന ജൈവസമ്പത്തുള്ള ഈ നദിയാണ് കിഴക്കൻ വെനസ്വലയുടെ ഉൾനാടുകൾക്ക് ജീവനും ജീവിതവും പകരുന്നത്.
അറ്റ്ലാൻഡിക് സമുദ്രത്തിൽ നദി ചേരുന്നയിടത്ത് ആറുനൂറ്റാണ്ട് മുമ്പ് ക്രിസ്റ്റഫർ കൊളംബസ് എത്തിയെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഓറിനോകോയുടെ അനുഭവങ്ങളിലേക്ക് സന്ദർശകരെ കൂട്ടികൊണ്ടുപോകുന്നതാണ് എക്സ്പോ 2020ദുബൈയിലെ വെനസ്വലെ പവലിയനിൽ ഒരുക്കിയിട്ടുള്ള പ്രദർശനം. ലോക ചരിത്രത്തിലും വർത്തമാനത്തിലും സവിശേഷ സ്ഥാനമുള്ള ലാറ്റിൻ അമേരിക്കയിൽ നിന്ന് എക്സ്പോയിൽ എത്തിയിട്ടുള്ള രാജ്യങ്ങളിൽ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയമായതാണ് വെനസ്വലയുടെ പവലിയൻ.
സന്ദർശകർക്ക് പവലിയനിൽ പരമ്പരാഗത വെനിസ്വേലൻ വിഭവങ്ങൾ, പാനീയങ്ങൾ, കോഫി, ചോക്ലേറ്റ് എന്നിവ ആസ്വദിക്കാനും എയ്ഞ്ചൽ വെള്ളച്ചാട്ടത്തിെൻറ പശ്ചാത്തലത്തിൽ സെൽഫി എടുക്കാനുമുള്ള സൗകര്യമുണ്ട്. രാജ്യത്തിെൻറ ചരിത്രവും വർത്തമാനവും പരിചയപ്പെടുത്തുന്ന പവലിയൻ, ഭാവിയിലേക്ക് വികസനക്കുതിപ്പിന് ഒരുങ്ങുന്ന പദ്ധതികളും നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തുന്നുണ്ട്. ആകർഷകമായ കലാവിഷ്കാരങ്ങളും പവലിയനിൽ അനുഭവിക്കാവുന്നതാണ്.
നവംബർ ആദ്യത്തിൽ എക്സ്പോ നഗരിയിൽ നടന്ന വെനസ്വലയുടെ ദേശീയദിനാഘോഷവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. രാജ്യത്തിെൻറ ടൂറിസം മന്ത്രി അലി പാഡ്രോൺ പരേഡസാണ് മുഖ്യാഥിതിയായി എത്തിയത്. ഭൂമിയിലെ ഏറ്റവും വൈവിധ്യമാർന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയിൽ എല്ലാവർക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കാനാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം സംസാരത്തിൽ വ്യക്തമാക്കി.
മഴക്കാടുകൾ, കാട്, സമതലങ്ങൾ, കരീബിയൻ തീരം, മേഖലയിലെ ഏറ്റവും വലിയ മരുഭൂമി എല്ലാമുള്ള രാജ്യത്ത് ആഫ്രിക്കൻ വംശജരും യൂറോപ്യരും തദ്ദേശവാസികളും എല്ലാം ഇടകലർന്ന് സ്നേഹപൂർവ്വമാണ് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെനസ്വലൻ കൈനറ്റിക് ആർട് കലാകാരനായ കാർലോസ് ക്രൂസ്-ഡീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പവലിയൻ രൂപപ്പെടുത്തിയത്. ആകർഷണീയമായ പുറംകാഴ്ച സന്ദർശകരെ കാഴ്ചകളിലേക്ക് മാടിവിളിക്കുന്നതാണ്. രണ്ടു മാസത്തിനിടെ പതിനായിരക്കണക്കിന് സന്ദർശകർ ഇതിനകം വെനസ്വലൻ പവലിയൻ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.