ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (എ.എം.എൽ) ഉൾപ്പെടെ പണമിടപാടുമായി ബന്ധപ്പെട്ട ഫെഡറൽ നിർദേശങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ മണി എക്സ്ചേഞ്ച് സ്ഥാപനം ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) പിൻവലിച്ചു. ദിർഹം എക്സ്ചേഞ്ച്, ആർ.എം.ബി കൊമേഴ്സ്യൽ ബ്രോക്കേഴ്സ് എന്നീ കമ്പനികൾക്കെതിരെയാണ് നടപടി. രണ്ട് കമ്പനികളുടെയും പേര് ഔദ്യോഗിക രജിസ്റ്ററിൽനിന്നും നീക്കം ചെയ്തതായി സെൻട്രൽ ബാങ്ക് അറിയിച്ചു. രണ്ട് സ്ഥാപനങ്ങളിലും സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ ചില രാജ്യങ്ങളുമായി ഇടപാട് നടത്തരുതെന്ന നിർദേശങ്ങളും കള്ളപ്പണം തടയൽ നിയമവും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഭരണപരമായ വിലക്ക് ഏർപ്പെടുത്തിയത്. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഉടമകൾ, ജീവനക്കാർ എന്നിവർ രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങളുടെ ധാർമികതയും സുതാര്യതയും ഉറപ്പുവരുത്താനായി യു.എ.ഇ അതോറിറ്റി പുറപ്പെടുവിക്കുന്ന നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സി.ബി.യു.എ.ഇ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.