ദുബൈ: യു.എ.ഇയിലെ വിസ പരിഷ്കരണ നടപടികൾ ബിസിനസ് മേഖലയിൽ കൂടുതൽ ഉണർവുണ്ടാക്കും. കൂടുതൽ ആളുകളിലേക്ക് ഗോൾഡൻ വിസ എത്തുന്നതോടെ യു.എ.ഇയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള ആത്മവിശ്വാസം വർധിക്കും. ഈ മാസം മുതലാണ് വിസ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നത്. ജോലി അന്വേഷകർക്ക് മാത്രമായി 'ജോബ് എക്സ്േപ്ലാറേഷൻ വിസ' നൽകുന്നതോടെ തൊഴിൽ മേഖലയിലും ഉണർവുണ്ടാകും. ജോലി തട്ടിപ്പ് പോലുള്ളവ ഒഴിവാക്കാനും തൊഴിൽ അന്വേഷിച്ച് എത്തുന്നത് നിയമവിധേയമാക്കാനും ഈ വിസ ഉപകരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലും വിസ ഇളവ് അനുവദിച്ചത് ഈ മേഖലയിലെ കുതിപ്പിനും കാരണമാകും.
30,000 ദിർഹം പ്രതിമാസ ശമ്പളമുള്ളവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാമെന്നതാണ്. നേരത്തെ ഇത് 50,000 ദിർഹമായിരുന്നു. ഇതോടെ കൂടുതൽ ആളുകൾക്ക് ഗോൾഡൻ വിസ ലഭിക്കാൻ വഴിയൊരുങ്ങും. മെഡിസിൻ, എൻജിനീയറിങ്, സയൻസ്, ഐ.ടി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിലേക്കെല്ലാം ഗോൾഡൻ വിസയുടെ പ്രയോജനം എത്തും. പത്ത് വർഷ വിസ ലഭിക്കുന്നതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ യു.എ.ഇയിൽ ജോലി ചെയ്യാനും ബിസിനസ് നടത്താനും കഴിയും. ഇത് ബിസിനസ് മേഖലയിൽ വൻ കുതിപ്പുണ്ടാക്കും.
20 ലക്ഷം ദിർഹം മൂല്യമുള്ള വസ്തു വാങ്ങുന്നവർക്കും ദീർഘ കാല വിസക്ക് അപേക്ഷിക്കാം. റിയൽ എസ്റ്റേറ്റ് മേഖലയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഇളവ് നൽകിയിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് ഇത്രയും വിലയുള്ള വസ്തു വാങ്ങുന്നതെങ്കിലും ഗോൾഡൻ വിസക്ക് അർഹരായിരിക്കും. ഇവർക്ക് സ്പോൺസർ ചെയ്യാൻ കഴിയുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധിയും ഒഴിവാക്കി. പ്രായപരിധിയില്ലാതെ കുട്ടികളെ സ്പോൺസർ ചെയ്യാമെന്ന് ചട്ടത്തിൽ നിഷ്കർഷിക്കുന്നുണ്ട്. ഇത് കുടുംബ സമേതം ഇവിടെ ദീർഘകാലം താമസിക്കാനുള്ള വഴിയൊരുക്കും. ഗ്രേസ് പിരീഡ് മാറ്റമാണ് മറ്റൊരു അനുഗ്രഹം. റസിഡൻസി വിസ കാലഹരണപ്പെട്ടാൽ ആറ് മാസം വരെ െഫ്ലക്സിബിൾ ഗ്രേസ് പിരീഡ് ലഭിക്കും. പല കാറ്ററഗറിയിലായി രണ്ട് മാസം മുതൽ ആറ് മാസം വരെയാണ് ഗ്രേസ് പിരീഡ്. ഇത് പ്രവാസികൾക്ക് പുതിയ ജോലി കണ്ടെത്താൻ ഉപകരിക്കും. ഗൾഫിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണ് 'ജോബ് എക്സ്േപ്ലാറേഷൻ വിസ'. നിലവിൽ സന്ദർശക വിസയിലെത്തിയാണ് പലരും ജോലി അന്വേഷിക്കുന്നത്. ഇത് യു.എ.ഇയിൽ നിയമവിരുദ്ധമാണ്. ഇത് ചൂഷണം ചെയ്താണ് തൊഴിൽ തട്ടിപ്പുകാർ പ്രവാസികളെ കുടുക്കുന്നത്. തട്ടിപ്പിനിരയായാലും കേസ് കൊടുക്കാൻ പലരും മടിക്കുന്നതും ഇത് കാരണമാണ്. ജോബ് എക്സ്േപ്ലാറേഷൻ വിസ വരുന്നതോടെ യു.എ.ഇയിൽ എത്തി നിയമപരമായി ജോലി അന്വേഷിക്കാൻ കഴിയും. തട്ടിപ്പിനിരയായാലും ധൈര്യപൂർവം പൊലീസിനെ സമീപിക്കാനും കഴിയും. മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തരംതിരിച്ച ഒന്ന്, രണ്ട്, മൂന്ന് സ്കിൽ വിഭാഗങ്ങളിൽപെട്ട, ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് വിസ അനുവദിക്കുക. ഈ വിഭാഗക്കാർക്ക് അറ്റസ്റ്റഡ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കും. മാനേജർ, എൻജിനീയർ, സേഫ്റ്റി ഓഫിസർ, പബ്ലിക്ക് റിലേഷൻസ് ഓഫിസർ, ഡോക്ടർ, ക്വാണ്ടിറ്റി സർവേയർ, റിസർവേഷൻ ഓഫിസർ എന്നിവരാണ് സ്കിൽ ലെവൽ-1ൽ ഉൾപ്പെടുന്നത്. സ്കിൽ ലെവൽ-2ൽ മെക്കാനിക്കൽ, ടെക്നിക്കൽ ജോലികളാണ് ഉൾപ്പെടുന്നത്. സ്കിൽ ലെവൽ-3ൽ സെയിൽസ് എക്സിക്യൂട്ടിവ്, സെയിൽസ് റപ്രസന്റേറ്റിവ്, സൈറ്റ് സൂപ്പർവൈസർ, ടിക്കറ്റിങ് ക്ലർക്ക്, കാഷ്യർ, റിസപ്ഷനിസ്റ്റ്, കാഷ് ഡെസ്ക് ക്ലർക്ക്, സെയിൽസ് സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, ടൂറിസ്റ്റ് ഗൈഡ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടും.
ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും ഈ വിസക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ നിന്നടക്കമുള്ള സർവകലാശാലകൾ ഈ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.