ദുബൈ: യു.എ.ഇയിലെ വിസ നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള വിസകളിൽ ഇളവ് അനുവദിച്ചതിനൊപ്പം പുതിയ വിസകളും പ്രഖ്യാപിച്ചു. മലയാളികളടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക് ആദരമായി യു.എ.ഇ അവതരിപ്പിച്ച ഗോൾഡൻ വിസക്ക് കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു.
10 വർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിതകാലം യു.എ.ഇയിൽ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. ആറു മാസം കൂടുമ്പോൾ യു.എ.ഇയിൽ എത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഇതോടെ ഒഴിവായി. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാനും അവസരം നൽകും. കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും യു.എ.ഇ തീരുമാനിച്ചു.
10 വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്രകാലം യു.എ.ഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല. റെസിഡന്‍റ് വിസക്കാർ ആറു മാസത്തിൽ കൂടുതൽ തുടർച്ചയായി യു.എ.ഇക്ക് പുറത്തുതങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം. ഇത് ഗോൾഡൻ വിസക്കാരെ ബാധിക്കില്ല.
ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം എന്നതാണ് മറ്റൊരു വലിയ ഇളവ്. ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് നൽകിയാൽ റെസിഡൻസി വിസയിലേക്ക് മാറാൻ ആറു മാസം സമയം ലഭിക്കും. ഈ എൻട്രി പെർമിറ്റിൽ പലതവണ യു.എ.ഇയിൽ വന്ന് മടങ്ങാൻ അനുമതിയുണ്ടാകും.
ഗോൾഡൻ വിസയുള്ളവർ മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ 10 വർഷത്തെ വിസാ കാലാവധി കഴിയുന്നതുവരെ യു.എ.ഇയിൽ തങ്ങാനും സൗകര്യമുണ്ടാകും. ഗോൾഡൻ വിസക്ക് അർഹതയുള്ളവരുടെ പട്ടികയും യു.എ.ഇ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
ദുബൈ: യു.എ.ഇ പുതിയ 'ഗ്രീൻ വിസകൾ' പ്രഖ്യാപിച്ചു. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസകൾ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ചു വർഷത്തെ ഗ്രീൻവിസ നൽകുക. വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്.
മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം. തൊഴിൽമന്ത്രാലയത്തിൽനിന്ന് സ്വയം തൊഴിൽ അനുമതി നേടണം.
ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം. കമ്പനികളിലെ നിക്ഷേപകർക്കും പാർട്ണർമാക്കും അഞ്ചു വർഷത്തെ ഗ്രീൻവിസ ലഭിക്കും. യു.എ.ഇയിൽ റിട്ടയർമെന്‍റ് ജീവിതം ആഗ്രഹിക്കുന്നവർക്കും മാനദണ്ഡങ്ങൾക്ക് വിധേയമായി അഞ്ചു വർഷത്തെ ഗ്രീൻ വിസ നൽകും.
ഭർത്താവ് മരിച്ച യു.എ.ഇ റെസിഡന്‍റ് വിസക്കാരികൾക്ക് മക്കൾ യു.എ.ഇയിലുണ്ടെങ്കിൽ മാനുഷിക പരിഗണനയിൽ ഗ്രീൻവിസ ലഭിക്കും. മറ്റു രാജ്യങ്ങളിലെ ജോലികൾ യു.എ.ഇയിൽ ഇരുന്ന് ചെയ്യുന്നതിന് ഒരുവർഷത്തെയും റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് രണ്ടുവർഷത്തെയും ഗ്രീൻവിസക്ക് അർഹതയുണ്ടാകും. ഗ്രീൻവിസക്കാർക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര കുടുംബത്തെയും സ്പോൺസർ ചെയ്യാം. 25 വയസ്സുവരെ ആൺമക്കളെ സ്പോൺസർ ചെയ്യാം. പെൺമക്കളെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാം.
ദുബൈ: തൊഴിലന്വേഷകർക്ക് ഉൾപ്പെടെ സ്പോൺസർ ആവശ്യമില്ലാത്ത പുതിയ സന്ദർശക വിസകൾ യു.എ.ഇ പ്രഖ്യാപിച്ചു. പത്തു തരം സന്ദർശക വിസകളാണ് അനുവദിക്കുന്നത്. ചികിത്സ, വിനോദ സഞ്ചാരം, ബന്ധുക്കളെ സന്ദർശിക്കൽ, താൽക്കാലിക ജോലി, ബിസിനസ് അന്വേഷണം, വിദ്യാഭ്യാസം, പരിശീലനം, നയതന്ത്രം, അടിയന്തര ആവശ്യങ്ങൾ, മറ്റ് ജി.സി.സിയിലെ താമസക്കാർ എന്നിവക്കാണ് വിസ അനുവദിക്കുക. ഇതിൽ ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് മെഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.