അബൂദബി: ന്യൂനപക്ഷ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന ഇരട്ടത്താപ്പ് മതേതരത്വത്തെ കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നതായി പി.സി.എഫ് അബൂദബി പ്രവർത്തക സംഗമം ആരോപിച്ചു. 91ലെ ആരാധന നിയമം നിലനിൽക്കെ രാജ്യത്തെ മുസ്ലിം പള്ളികളെയും ദർഗകളെയും അടിസ്ഥാന ചിഹ്നങ്ങളെയും സംഘ്പരിവാർ ശക്തികൾ നിരന്തരം വെല്ലുവിളിക്കുമ്പോൾ വഖഫ്, ബാബരി വിഷയങ്ങളിൽ കോൺഗ്രസും ലീഗും ഫാഷിസത്തിന് കുട പിടിക്കാൻ മത്സരിക്കുകയാണ്. അതിന് തെളിവാണ് കെ.പി.സി.സി പ്രഡിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും പ്രസ്താവനകൾ. ഇതിന് പരസ്യമായി കൂട്ടുനിൽക്കുകയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗിന് ബാബരി ഓർമകളെ പോലും പേടിയാണ്. അതുകൊണ്ടാണ് പ്രതിഷേധ പരിപാടികൾ പേരിന് കാണാൻ കഴിയാത്തതെന്ന് പി.ഡി.പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു.
മഅ്ദനി ഉയർത്തിവെച്ച രാഷ്ട്രീയ നിലപാടുകൾ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ പ്രോജ്വലിച്ചു നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീപ്ൾസ് കൾചറൽ ഫോറം അബൂദബി കമ്മിറ്റി യു.എ.ഇ ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്മായിൽ നാട്ടിക അധ്യക്ഷത വഹിച്ച സംഗമം പീപ്ൾസ് കൾചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ ഉദ്ഘാടനം ചെയ്തു. ഇല്യാസ് തലശ്ശേരി, ഇബ്രാഹിം പട്ടുശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ജലീൽ കടവ് സ്വാഗതവും നജ്മുദ്ദീൻ വളാഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.