ദുബൈ: പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ചവരെ സഹായിക്കാൻ ഇൻകാസ് സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു. യു.എ.ഇയിലെ വിവിധ സ്റ്റേറ്റ് കമ്മിറ്റികളുടെ സഹകരണത്തോടെ 10 വീടുകളും ആദ്യ ഗഡു ധന സഹായവുമായി അഞ്ച് ലക്ഷം രൂപയും നൽകാനാണ് യോഗം തീരുമാനിച്ചത്.
കെ.പി.സി.സിയുമായി സഹകരിച്ച് കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സുനിൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. മുഹമ്മദ് ജാബിർ, ടി.എ. രവീന്ദ്രൻ, യേശുശീലൻ, കെ.സി. അബൂബക്കർ, അഡ്വ. ഹാഷിക്, സഞ്ജു പിള്ള, സി.എ. ബിജു, ബിജു എബ്രഹാം, ഷാജി പരേത്, അശോക് കുമാർ, പോൾ പൂവത്തേരിൽ, ഷാജി ഷംസുദ്ദീൻ, അബ്ദുൽ മനാഫ്, നവാസ് തേകട, രഞ്ജി ചെറിയാൻ, രാജി നായർ, വിഷ്ണു, ജോർജ് മൂത്തേരി, പ്രജീഷ്, റഫീഖ് മട്ടന്നൂർ, അൻസാർ, ടൈറ്റസ് പുലൂരൻ, പവി ബാലൻ, ചാക്കോ, മോഹൻദാസ്, ഗീവർഗീസ്, ഷൈജു അമ്മനപാറ തുടങ്ങിയവർ സംസാരിച്ചു.
ദുബൈ: വയനാട് പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുന്നതിനൊപ്പം ജീവഹാനി സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആലപ്പുഴ ജില്ല പ്രവാസി സമാജം (ഗ്ലോബൽ) അറിയിച്ചു.
പ്രവാസി കൂട്ടായ്മകളെ ഏകോപിപ്പിച്ച് ക്രിയാത്മകമായി ദുരന്തബാധിതരെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും മുൻകൈ എടുത്ത് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ജോസഫ് വർഗീസ്, ജനറൽ സെക്രട്ടറി രാജ് ദേവ്, ട്രഷറർ വിനു വിശ്വനാഥ്, ചീഫ് കോഓഡിനേറ്റർ സഞ്ജ്രാജ്, രക്ഷാധികാരി സിജാർ സ്നേഹസാന്ദ്രം, സഹരക്ഷാധികാരി ഹാരിസ് ഫുജൈറ എന്നിവർ അറിയിച്ചു. ചാരിറ്റി കോഓഡിനേറ്റർ നിസാറിന് ചുമതല നൽകി.
ഷാർജ: ഉരുൾപൊട്ടൽ കെടുതികളെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാവാൻ മാസ്. ദുരിതബാധിതർക്ക് പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് വീടുകൾ നിർമിച്ചു നൽകുമെന്ന് മാസ് ഭാരവാഹികൾ അറിയിച്ചു.
കേരള സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള വീടുകൾ ആയിരിക്കും നിർമിക്കുക. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തരമായി കഴിവിന്റെ പരമാവധി സഹായം എത്തിക്കാൻ മാസ് അംഗങ്ങളോടും പൊതുസമൂഹത്തോടും ഭാരവാഹികൾ അഭ്യർഥിച്ചു.
അബൂദബി: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കും നാമാവശേഷമായ ഗ്രാമങ്ങളെ പുനഃസ്ഥാപിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സോഷ്യൽ സെന്റർ ആദ്യ ഗഡുവെന്ന നിലയിൽ 10 ലക്ഷം രൂപ സംഭാവന നൽകും. നാട്ടിലുള്ള സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയും ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. അൻസാരിയും തുക ഉടനെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് പ്രസ്താവനയിൽ അറിയിച്ചു.
കേരള സോഷ്യൽ സെന്റർ വിളിച്ചുചേർത്ത മലയാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. മുപ്പതോളം സംഘടന പ്രതിനിധികൾ പങ്കെടുത്തു. കേരള സർക്കാർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനവും ഏകോപനവും അഭിനന്ദനാർഹമാണ്. സ്വന്തം ജീവൻപോലും പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർ അടക്കമുള്ള രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവൻ പൊലിഞ്ഞവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അറിയിച്ചു.
സെന്റർ മീഡിയ സെക്രട്ടറി ധനേഷ് കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. െള്ളിയാഴ്ച രാത്രി എട്ടിന് വിപുലമായ യോഗം സെന്റർ അങ്കണത്തിൽ വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു. സെന്റർ ആക്ടിങ് പ്രസിഡന്റ് ആർ. ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോ. സെക്രട്ടറി പ്രകാശ് പല്ലികാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.