ദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ചരിത്രം കുറിച്ച് ദുബൈയിൽ നടന്ന കോപ് 28 ഉച്ചകോടിയിൽ ആഗോള കാലാവസ്ഥ ഉടമ്പടിക്ക് അംഗീകാരം. ഉച്ചകോടിയുടെ അവസാന ദിനവും പിന്നിട്ട് മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കുശേഷം ബുധനാഴ്ചയാണ് 198 രാജ്യങ്ങൾ ഐകകണ്ഠ്യേന ഉടമ്പടിരേഖക്ക് അംഗീകാരം നൽകിയത്.
ചരിത്രത്തിൽ ആദ്യമായി ഫോസിൽ ഇന്ധനം സംബന്ധിച്ച് പരാമർശമുണ്ടെന്നതാണ് ‘യു.എ.ഇ സമവായ’ത്തെ വ്യത്യസ്തമാക്കുന്നത്. ഉച്ചകോടി വേദിയിൽ കരഘോഷത്തോടെ എഴുന്നേറ്റുനിന്നാണ് പ്രഖ്യാപനത്തെ വിവിധ രാഷ്ട്ര പ്രതിനിധികൾ സ്വീകരിച്ചത്.
ഭൂമിയുടെയും ജനങ്ങളുടെയും നല്ല ഭാവിക്കു വേണ്ടി കഴിഞ്ഞ രണ്ടാഴ്ചകളിലായി നടത്തിയ കഠിനാധ്വാനത്തിന്റെ വിജയമാണിതെന്ന് കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബിർ ഉടമ്പടി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. തലയുയർത്തിപ്പിടിച്ചാണ് ദുബൈയിൽ നിന്ന് കോപ് പ്രതിനിധികൾ മടങ്ങുന്നതെന്നും ഐക്യവും ഐക്യദാർഢ്യവും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും കുറക്കുന്നതിന് കൽക്കരി, പെട്രോളിയം അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉൽപാദനവും ഉപഭോഗവും കുറക്കണമെന്നാണ് ഉടമ്പടിയിൽ പരാമർശിച്ചിട്ടുള്ളത്. കരാറിന് അംഗീകാരം നൽകിയ എല്ലാ രാജ്യങ്ങളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടിവരും.
ആഗോളതാപനം 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്തേണ്ടതിന്റെ അനിവാര്യത ഉറപ്പിക്കുന്നതാണ് കോപ് 28 ഉടമ്പടിയെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ഉച്ചകോടി വർഷങ്ങളായി മുടങ്ങിക്കിടന്ന ഫോസിൽ ഇന്ധനങ്ങളെ കുറിച്ച ചർച്ച തിരിച്ചുകൊണ്ടുവരുകയും ഊർജ പരിവർത്തനത്തിന്റെ അനിവാര്യത ഉറപ്പിക്കുകയും ചെയ്തു.
ശാസ്ത്രം ആവശ്യപ്പെടുന്നത് ഇത്തരം ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാതെ കാലാവസ്ഥ വ്യതിയാനത്തെ തടയാനാകില്ലെന്നാണ്. ഫോസിൽ ഇന്ധനം ഉപേക്ഷിക്കുന്നത് എതിർത്തവരോട് പറയാനുള്ളത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതല്ലാതെ വഴിയില്ലെന്ന കാര്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച അവസാനിപ്പിക്കാൻ നിശ്ചയിച്ച ഉച്ചകോടി അന്തിമ ഉടമ്പടി സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബുധനാഴ്ചയിലേക്ക് നീണ്ടത്. ഫോസിൽ ഇന്ധന ഉപയോഗം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം ഉച്ചകോടിയിലുണ്ടാകില്ലെന്ന് തിങ്കളാഴ്ചതന്നെ ഉറപ്പായിരുന്നു. ഫോസിൽ ഇന്ധനം ഉപേക്ഷിക്കുകയെന്ന വാക്ക് രേഖയിൽനിന്ന് മാറ്റി, ‘ഫോസിൽ ഇന്ധനത്തിന്റെ ഉൽപാദനവും ഉപഭോഗവും കുറക്കുക’ എന്നത് പകരമായി കരട് രേഖയിൽ ചേർത്തിരുന്നു.
പല രാജ്യങ്ങളും കൽക്കരി, പെട്രോൾ അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കണമെന്ന നിലപാടിനെ പിന്താങ്ങാൻ ഒരുക്കമല്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് കരട് രേഖയിൽ തിരുത്ത് വന്നത്. 21പേജുള്ള രേഖയിൽ 2050ന് മുമ്പായി നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുന്നതിന് നീതിയുക്തമായ രീതിയിൽ ശാസ്ത്രീയ സംവിധാനങ്ങളിലൂടെ പരിശ്രമിക്കുമെന്ന തീരുമാനമാണുള്ളത്.
ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30നാണ് കോപ് 28 ഉച്ചകോടി ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിവിധ രാഷ്ട്ര നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.