ദുബൈ: ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ ആദ്യ അങ്കത്തിൽ യു.എ.ഇക്ക് തകർപ്പൻ ജയം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെയാണ് യു.എ.ഇ മുട്ടുകുത്തിച്ചത്. സ്കോർ 3-1. സ്വന്തം മണ്ണിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിട്ടും ഖത്തർ ടീമിന് നിരാശയായിരുന്നു ഫലം. ആദ്യപകുതിയിൽ ഇബ്രാഹിം അൽ ഹസൻ നേടിയ ഗോളിലൂടെ ഖത്തറാണ് ലീഡ് നേടിയത്.
എന്നാൽ, രണ്ടാം പകുതിയിൽ വർധിത ആവേശത്തോടെ കളിച്ച ഇമാറാത്തികൾ മൂന്ന് തുടരൻ ഗോളുകളുമായി കളി പിടിച്ചു. 68ാം മിനിറ്റിൽ ഹാരിബ് സുഹൈലിലൂടെയായിരുന്നു തുടക്കം. പിന്നാലെ, ഖാലിദ് അൽ ദഹ്നാനിയും (80ാം മിനിറ്റ്), അലി സാലിഹും (94) യു.എ.ഇക്ക് തകർപ്പൻ വിജയമൊരുക്കി.
ഒരു ഗോളടിക്കുകയും രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്ത മധ്യനിര താരം ഹാരിബ് സുഹൈലിനെ മിന്നും പ്രകടനം യു.എ.ഇക്ക് കരുത്തായി. അതേസമയം, ആദ്യ പകുതിയിൽ മികച്ച നീക്കങ്ങളും പന്തടക്കവുമായി കളം വാണ ഖത്തറിന് രണ്ടാം പകുതിയിൽ വീണ പിഴവുകൾ തിരിച്ചടിയാവുകയായിരുന്നു. ആദ്യ 45 മിനിറ്റിൽ ഒരു തവണ പോലും ഷോട്ട് ചെയ്യാൻ കഴിയാതെ പോയ ഇമാറാത്തികൾ, രണ്ടാം പകുതിയിൽ ഏഴു ഷോട്ടുകളാണ് ഉതിർത്തത്.
കളിയുടെ 38ാം മിനിറ്റിൽ അക്രം അഫീഫ് ബോക്സിലേക്ക് നൽകിയ തകർപ്പൻ ക്രോസിൽ നിന്നായിരുന്നു ഖത്തറിന്റെ ഇബ്രാഹിം അൽ ഹസൻ ഗോൾ നേടിയത്. അൽ മുഈസ് അലിക്ക് അവസരങ്ങളെ ഗോളാക്കിമാറ്റാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.