ദുബൈ: സൈബർ കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ദുബൈ പൊലീസ് ആഗോളതലത്തിലെ വിവിധ ഏജൻസികളുമായി സഹകരിക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച പാനൽ സെഷനിലാണ് വകുപ്പിന്റെ ഭാവി പദ്ധതികൾ സംബന്ധിച്ച് വിശദീകരിക്കപ്പെട്ടത്. വിപുലമായ പദ്ധതികളിലൂടെ സൈബർ സുരക്ഷ മേഖലയിൽ നൂതന സംവിധാനങ്ങളും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പ് പരിശ്രമം തുടരുകയാണെന്നും ദുബൈ പൊലീസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉദ്യോഗസ്ഥരും പ്രദർശകരും പങ്കെടുത്ത മൂന്നുദിവസത്തെ ഉച്ചകോടി വ്യാഴാഴ്ച സമാപിച്ചു. ലോകതലത്തിൽ ശതകോടിക്കണക്കിന് പണമാണ് ഓരോ വർഷവും സൈബർ തട്ടിപ്പുകൾ വഴി നഷ്ടപ്പെടുന്നത്. ആഗോളതലത്തിൽ വേരുകളുള്ള തട്ടിപ്പു സംഘങ്ങളെ കണ്ടെത്താൻ പലപ്പോഴും പ്രദേശിക സംവിധാനങ്ങൾക്ക് മാത്രമായി സാധിക്കില്ല. ഈ സാഹചര്യത്തിലാന് അന്താരാഷ്ട്ര സഹകരണത്തിന് ആലോചനകൾ സജീവമാക്കിയത്.
നിയമവിരുദ്ധമായ ധനശേഖരണത്തിന്റെയും ഉപയോഗത്തിന്റെയും സാഹചര്യത്തെ മറികടക്കാൻ കള്ളപ്പണം തടയൽ നടപടികൾ ശക്തമാക്കാനും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സഹകരണത്തിലൂടെ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ മാത്രം ദുബൈ പൊലീസ് 597 കൊടുംകുറ്റവാളികളെ പിടികൂടിയിട്ടുണ്ട്. 101രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര തലത്തിൽ തന്നെ പിടികിട്ടാപ്പുള്ളികളായവരാണ് ഇവരെന്ന് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന വേദിയിൽ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളിൽ വ്യാജരേഖ ചമക്കൽ, മോഷണം, ആസൂത്രിത കൊലപാതകം, കവർച്ച, ജ്വല്ലറി കൊള്ള, മോഷണശ്രമം തുടങ്ങിയ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട 85 പ്രതികളെ അതത് നാടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
അന്താരാഷ്ട്ര ഏജൻസികളുമായുള്ള സഹകരണത്തിന്റെ ഭാഗമായി, ദുബൈ പൊലീസ് 195 രാജ്യങ്ങളിലെ ഗവൺമെന്റുകൾക്കും 60 നിയമ നിർവഹണ ഏജൻസികൾക്കും സംഘടനകൾക്കും 9,012ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയിട്ടുമുണ്ടെന്നും വെളിപ്പെടുത്തി. വിവിധ മേഖലകളിലെ സഹകരണം സൈബർ സുരക്ഷ രംഗത്തേക്കും വ്യാപിപ്പിക്കാനാണ് ഉച്ചകോടിയിൽ തീരുമാനിച്ചിട്ടുള്ളത്. ഉച്ചകോടിയിൽ പൊലീസ് ജോലിയിൽ നവീകരണം, ഫോറൻസിക് സയൻസസ്, കുറ്റകൃത്യങ്ങൾ തടയൽ, മയക്കുമരുന്ന് പ്രതിരോധം, ഡ്രോൺ ഉപയോഗം, പൊലീസ് ഡോഗ്സ് കോൺഫറൻസ് എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുത്ത പാനൽ ചർച്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.