കർക്കടക ചികിത്സ എന്തിന്?

കർക്കടകത്തിൽ ആയുർവേദ ചികിത്സ ചെയ്യുക എന്നത് വളരെ നാളായി പ്രചാരത്തിൽ ഉള്ള ഒരു പതിവാണല്ലോ. ആരോഗ്യ സംരക്ഷണം മുൻ നിർത്തിയും നേരത്തെയുള്ള രോഗങ്ങളുടെ ചികിത്സ എന്ന നിലയിലും ആയുർവേദ ചികിത്സ ചെയ്യുന്നവരുണ്ട്. എന്നാൽ ചില ആളുകൾ വിശ്വസിക്കുന്നത് പോലെ മഴക്കാലത്തു മാത്രമേ ആയുർവേദ ചികിത്സ ചെയ്യാവൂ എന്ന തരത്തിൽ ഒരു നിബന്ധനയും യഥാർത്ഥത്തിൽ ഇല്ല. ഏത് കാലത്തും ആ കാലത്തിന് അനുയോജ്യമായ രീതിയിൽ ആയുർവേദ ചികിത്സ ചെയ്യാം.

എന്താണ് കർക്കടകത്തിന് ഇത്ര പ്രധാന്യം?

ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം പറയപ്പെടുന്നുണ്ട്. ഋതു ചര്യ എന്നാണ് അതിന് പറയുന്നത്.ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ശരീരത്തിൽ ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർഷ ഋതു ചര്യ എന്നാൽ മഴക്കാലത്തു ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തിൽ കർക്കിടക മാസത്തിൽ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാൽ വർഷ ഋതു ചര്യയ്ക്ക് കർക്കിടകത്തിൽ പ്രാധാന്യം കൈ വന്നു എന്ന് മാത്രം.

കർക്കിടക ചികിത്സ പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് രോഗ ചികിത്സ, മറ്റൊന്ന് രോഗ പ്രതിരോധ ചര്യകൾ.

രോഗ ചികിത്സ

മഴക്കാലത്തു വർധിക്കുന്ന രോഗങ്ങൾക്ക് ആ കാലയളവിൽ ചികിത്സ ചെയ്യുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്‌ക്കാൻ സഹായിക്കും. മഴക്കാലത്തെ തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീര വേദനകൾ, ശ്വാസം മുട്ടൽ, അസ്ഥി സന്ധി രോഗങ്ങൾ, എന്നിവ കഠിനമാകാൻ സാധ്യതയുണ്ട്. അത്തരം രോഗങ്ങൾക്ക് രോഗത്തിന് അനുസരിച്ചുള്ള ചികിത്സ ഈ കാലയളവിൽ തേടാവുന്നതാണ്.

രോഗ പ്രതിരോധ ചര്യകൾ

മഴക്കാലം പൊതുവെ പകർച്ച വ്യാധികളുടെ കാലം തന്നെയാണ്. മലമ്പനി, കോളറ, ടൈഫോയ്ഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപനി എന്നിവ പൊതുവെ കേരളത്തിൽ പടർന്ന് പിടിക്കുന്ന ഒരു സമയവുമാണിത്. ഇത്തവണ കുരങ്ങുപനിയും കൂടെയുണ്ട്.

ആയുർവേദം മഴക്കാലത്തെ പൊതുവെ രോഗ പ്രതിരോധ ശേഷി കുറയുന്ന കാലമായിട്ടാണ് വിലയിരുത്തുന്നത്. ശരീരത്തിൽ അണുബാധകൾക്ക് അനുകൂലമായ ഒരു സാഹചര്യം കാലാവസ്ഥയുടെ സവിശേഷത കൊണ്ട് ഉണ്ടാകുന്നു എന്നാണ് ആയുർവേദ മതം. അണുബാധകളെ ചെറുക്കുന്നതിന് സാധാരണ നിർദ്ദേശിക്കപ്പെടാറുള്ള എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും പ്രാധാന്യം ഉള്ളവ തന്നെയാണ്. അതിനോടൊപ്പം ആന്തരികമായ ബല വർധനവിനും കൂടി ആയുർവേദം പ്രാധാന്യം നൽകുന്നുണ്ട്. മരുന്ന് കഞ്ഞി, ഔഷധ പ്രയോഗങ്ങൾ, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയാണ് ആയുർവേദം ആന്തരിക ബലത്തെ വർധിപ്പിക്കാൻ ഉതകുന്ന ചര്യകളായി പറയുന്നത്.

മരുന്ന് കഞ്ഞി

പണ്ട് മുതലേ തന്നെ ഉപയോഗത്തിൽ ഉള്ളതാണ് മരുന്നുകൾ ഇട്ട് ഉണ്ടാക്കുന്ന കർക്കിടക കഞ്ഞി. കേരളത്തിൽ വളരെ പ്രാധാന്യമുള്ള ഒരു രോഗ ചികിത്സാ രീതി കൂടി ആയിരുന്നു അത്. ദഹനത്തെ സഹായിക്കുന്ന മരുന്നുകൾ ഭക്ഷണത്തിൽ ചേർത്ത് നൽകുക എന്നത് ആയുർവേദത്തിലെ ഒരു രീതിയാണ്. പ്രധാനമായും ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഉലുവ, എന്നിങ്ങനെയുള്ള മരുന്നുകൾ ചേർത്താണ് കഞ്ഞി തയ്യാറാക്കാറുള്ളത്.

ഔഷധ പ്രയോഗങ്ങൾ

ബലവർധനവിന് ഉതകുന്ന മരുന്നുകൾ കഴിക്കുക എന്നതാണ് ഇത്. ഒരാളുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ പരിധിയില്ലാതെ ജീവിതകാലം മുഴുവൻ ഉയർത്താനൊന്നും മരുന്നുകൾ കൊണ്ട്കഴിയില്ല. എങ്കിൽ പോലും കുറച്ച് കാലത്തേക്ക് ചില രോഗങ്ങൾ വരാതെ നോക്കാനുള്ള കഴിവ് ആയുർവേദ ഔഷധങ്ങൾക്ക് ഉണ്ട്. പൊതുവെ ബലവർധനവിനായി നൽകപ്പെടുന്ന ഔഷധങ്ങൾ വൈദ്യ നിർദ്ദേശ പ്രകാരം കഴിക്കുന്നത് ഒരു പരിധിവരെ അണുബാധ തടയുകയോ അണുബാധ ഉണ്ടായാലും വഷളാകാതെ സഹായിക്കുകയോ ചെയ്യും.

ശോധന ചികിത്സ

ശോധന ചികിത്സ ആയുർവേദത്തിന്റെ മാത്രം പ്രത്യേകതയാണ്. രോഗിയുടെ അഥവാ ചികിൽസയ്ക്കു വിധേയനാകുന്ന ആളുടെ അവസ്ഥയ്ക്കനുസരിച്ചാണു ശോധന ചികിൽസ ചെയ്യേണ്ടത്. പഥ്യത്തോടും മറ്റു മരുന്നുകളോടും ഒപ്പമാണ് ഇത്തരം ചികിൽസകൾ ചെയ്യേണ്ടത്. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നിങ്ങനെ അഞ്ചു ചികിൽസകളാണ് പഞ്ചകർമ ചികിൽസയിൽ ഉള്ളത്. എങ്കിൽ പോലും ഇതെല്ലാം തന്നെ ഋതു ചര്യയുടെ ഭാഗമായി ചെയ്യണമെന്നില്ല. പ്രത്യേകിച്ചു രോഗങ്ങൾ ഒന്നുമില്ലാത്ത ഒരാൾക്ക് വളരെ മൃദുവായ ശോധനചികിത്സ വൈദ്യ നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.

വ്യായാമം

വ്യായാമം പൊതുവെ മഴക്കാലത്ത് സാധ്യമല്ല, പുറത്തിറങ്ങി നടപ്പ്, ഓട്ടം മുതലായവ സാധിക്കാതെ വരുമ്പോൾ വീടിനകത്ത് വ്യായാമങ്ങൾ ലഘുവായി ചെയ്യാം. ഈ കാലത്ത് പകൽ ഉറങ്ങരുത്.

ആഹാരം

ആഹാരം കലോറി കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതും ആണ് നല്ലത്. മാംസം അധികം എണ്ണ ചേർക്കാതെ പാകം ചെയ്തത് അല്പം മാത്രം കഴിക്കാം. സൂപ്പുകൾ പൊതുവെ നല്ലതാണ് മാംസങ്ങൾ കൊണ്ടുള്ള സൂപ്പ് മാത്രമല്ല, ചെറുപയർ, പോലുള്ള ധാന്യങ്ങൾ കൊണ്ടുള്ള സൂപ്പുകളും ഈ കാലത്ത് നല്ലതാണ്. കുരുമുളക്, ചുക്ക്, ഇവയൊക്കെ പൊടിച്ചിട്ട വെള്ളം, തിളപ്പിച്ച ചെറു ചൂട് വെള്ളം എന്നിവയൊക്കെ കുടിക്കാൻ ഉപയോഗിക്കാം. വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുത്.

ആധുനിക കാലത്ത് മാസ്കിന്റെ ഉപയോഗം കൊണ്ടും മറ്റും പല രോഗങ്ങളും ഒഴിവാകുന്നുണ്ട്. എന്നാൽ മസ്‌ക്ക് ശുചി ഉള്ളതായിരിക്കാൻ ശ്രദ്ധക്കേണ്ടതുണ്ട്. മഴക്കാലത്ത് മാസ്കിൽ പൂപ്പൽ ബാധിക്കാൻ സാധ്യത ഏറെയാണ്. ആയുർവേദം മഴക്കാലത്ത് വസ്ത്രങ്ങൾ പുക ഏൽപ്പിച്ച ശേഷം മാത്രം ഉപയോഗിക്കണം എന്ന് നിർദ്ദേശിക്കുന്നുണ്ട്.

Tags:    
News Summary - karkidaka chikitsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.