പ്രമേഹം ഒരു രോഗമല്ല, ഒരുപാട് രോഗങ്ങൾ ഉണ്ടാക്കുന്ന ഒരു ഏജന്റാണ്. നമ്മുടെ സമൂഹത്തെ ബാധിച്ച ഏറ്റവും മോശം ആരോഗ്യപ്രശ്നം എന്തെന്ന് ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും അത് പ്രമേഹമാണെന്ന്. ലോകത്തിന്റെ പ്രമേഹതലസ്ഥാനം എന്നറിയപ്പെടുന്നത് ഇന്ത്യയാണ്. കാരണം ലോകത്തിലെ പ്രമേഹരോഗികളുടെ 17 ശതമാനവും ഇന്ത്യയിലാണ്. അതിലെ 25 ശതമാനം കേരളത്തിലും. അതായത്, ഇന്ത്യയിൽ ഗോവയും പുതുച്ചേരിയും കഴിഞ്ഞ് മൂന്നാം സ്ഥാനം. നിലവിൽ 10 കോടി പേർക്കാണ് ഇന്ത്യയിൽ പ്രമേഹമുള്ളതായി കണക്കാക്കുന്നത്. എന്നാൽ, ഏറ്റവും ആശങ്കയുളവാക്കുന്നത് ഇന്ത്യയിൽ 13 കോടിയിലധികം ആളുകൾ പ്രമേഹം വരാൻ സാധ്യതയുള്ളവരാണ് അഥവാ പ്രീ ഡയബറ്റിക് ആണ് എന്നതാണ്.
ശരീരത്തിൽ പാൻക്രിയാസ് ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉൽപാദിപ്പിച്ച ഇൻസുലിനോട് ശരീരം പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതുമൂലം രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഓരോ കോശത്തിനും പ്രവർത്തിക്കാനുള്ള ആരോഗ്യത്തിന് ആവശ്യമായ ഷുഗർ മാത്രമേ അതത് കോശങ്ങൾ അകത്തേക്ക് അനുവദിക്കുകയുള്ളൂ. ആ നിശ്ചിത അളവിൽ കൂടിയാൽ അത് കോശങ്ങളുടെ അകത്തേക്കു കടക്കാൻ കഴിയാതെ വരുകയും രക്തത്തിൽ അമിതമായി കെട്ടിക്കിടക്കുകയും ഓരോ അവയവത്തിലെയും കോശങ്ങളെ പുറത്തുനിന്ന് നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ രക്തം എത്തുന്ന എല്ലാ ഇടത്തും നശീകരണം നടത്തും. രക്തം എത്താത്ത സ്ഥലം ശരീരത്തിൽ ഇല്ലതാനും!
ഷുഗർ അഥവാ പ്രമേഹത്തെ ഏറ്റവും വലിയ അപകടകാരിയാക്കുന്നത് എന്തെന്നാൽ അതിന്റെ രഹസ്യ നശീകരണ സ്വഭാവമാണ്. പ്രമേഹം ബാധിച്ച് ആദ്യത്തെ അഞ്ചോ ചിലപ്പോൾ പത്തോ വർഷം വരെ പ്രത്യേകിച്ച് കുഴപ്പങ്ങളില്ലാതെ ജീവിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധിക്കപ്പുറം കൂടുന്നതുവരെ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്യാം. എന്നതുകൊണ്ടുതന്നെ പ്രമേഹരോഗികളിൽ ഇത് നിശ്ചിത അളവിൽ നിയന്ത്രിക്കേണ്ട ആവശ്യത്തെ അവർ ഗൗരവമായി എടുക്കാറില്ല. പ്രമേഹരോഗികളിൽ 90 ശതമാനം ആളുകളും പ്രമേഹത്തിന് ചികിത്സിക്കുന്നവരാണ്.
എന്നിട്ടും പ്രമേഹസംബന്ധമായ ഏതെങ്കിലും ഒരു രോഗം ബാധിക്കാത്തവരായി ആരുമില്ല എന്നുതന്നെ പറയാം. ചികിത്സയുണ്ട്, മരുന്നുണ്ട് എന്ന് ആശ്വസിക്കുന്നതിനപ്പുറം ആദ്യ വർഷങ്ങളിൽ ലക്ഷണങ്ങളോ മറ്റോ ഇല്ല എന്നത് നിശ്ചിത അളവിൽ നിയന്ത്രിക്കേണ്ട ഗൗരവകരമായ ആവശ്യത്തിനെ മറക്കാൻ ഇവരെ പ്രേരിപ്പിക്കുന്നു. എന്നാൽ, പ്രമേഹരോഗിയുടെ അടി മുതൽ മുടി വരെ സകലതും പതിയപ്പതിയെ നശിച്ചുപോവുകയാണ് ഈ കാലയളവിൽ സംഭവിക്കുന്നത്. ഇവ ലക്ഷണങ്ങളായി പുറത്തിറങ്ങാൻ വർഷങ്ങളെടുക്കും. പ്രമേഹംകൊണ്ട് ഇങ്ങനെ സംഭവിക്കുന്ന കേടുപാടുകൾ തിരിച്ച് ശരിയാക്കിയെടുക്കാൻ പറ്റാത്ത irreversible കേടുകളാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങുന്ന രോഗങ്ങളെ തിരിച്ചു ശരിയാക്കാൻ പിന്നീട് പ്രമേഹം നിയന്ത്രിച്ചിട്ടും കാര്യമില്ല. അവ കൂടുതൽ വഷളാവാതിരിക്കാനുള്ള ഒരു വഴിയായിട്ടേ അത് ഉപകരിക്കൂ. അതുകൊണ്ടാണ് തുടക്കത്തിൽ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും രോഗികളോട് പ്രമേഹം നിയന്ത്രിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.