അപസ്മാരം പ്രതിരോധിക്കാം, ചികിത്സയിലൂടെ


തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് അപസ്മാരം. ആയിരക്കണക്കിന് ന്യൂറോണുകളുടെ ഇലക്ട്രിക്കല്‍ ഇംപള്‍സ് വഴിയാണ് മനുഷ്യ ശരീരത്തില്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നത്. ചിന്താശേഷി, കൈകാലുകളുടെ ചലനം, സംസാരം, ബുദ്ധിശക്തി തുടങ്ങി ശരീരത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം ഇതിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, ഈ ഇലക്ട്രിക്കല്‍ ഇംപള്‍സ് തലച്ചോറിന്‍റെ ഏതെങ്കിലും ഒരു വശത്തോ അല്ലെങ്കില്‍ മസ്തിഷ്കത്തില്‍ മുഴുവനായോ അനിയന്ത്രിത രീതിയില്‍ പ്രവഹിക്കുന്നതാണ് അപസ്മാരത്തിന് കാരണമാകുന്നത്.

ജനിതക വ്യതിയാനങ്ങള്‍ മൂലമോ തലച്ചോറിന്‍റെ ഘടനയിലുണ്ടാകുന്ന ഏതെങ്കിലും മാറ്റത്തിന്റെ ഭാഗമായോ കുറഞ്ഞ സമയത്തിനുള്ളില്‍ അപസ്മാര ലക്ഷണങ്ങള്‍ പ്രകടമാകും. ചിലരില്‍ പെട്ടെന്ന് ശരീരത്തിലെ ഓക്സിജന്‍ നില, പഞ്ചസാരയുടെ അളവ് എന്നിവ കുറയുക, തലയില്‍ ട്യൂമര്‍ രൂപപ്പെടുന്നതിന്റെ ഭാഗമായോ മറ്റേതെങ്കിലും രോഗാവസ്ഥകളുടെ ഭാഗമായോ അപസ്മാരം ഉണ്ടാകാം. ഗുരുതര രീതിയില്‍ കൈകാലുകള്‍ വിറച്ചു തുള്ളിക്കൊണ്ട് അഞ്ച് മിനിറ്റില്‍ കൂടുതല്‍ നേരം അപസ്മാരം അനുഭവപ്പെടുന്നത് സ്റ്റാറ്റസ് എപിലിപ്സ്റ്റക്കസ് എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ അനുഭവപ്പെടുന്ന രോഗികളെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രദ്ധിക്കണം.

അപസ്മാര ലക്ഷണങ്ങള്‍ പലതവണ അനുഭവപ്പെടുന്നവരിലാണ് ഇതൊരു രോഗാവസ്ഥയായി കണക്കാക്കുന്നത്. മറ്റ് രോഗാവസ്ഥകളുടെ ഭാഗമായോ ചില ശാരീരിക അവസ്ഥകളുടെ ഭാഗമായോ വിരളമായി മാത്രം അപസ്മാര ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത് അപസ്മാരം എന്ന രോഗാവസ്ഥയായി കണക്കാക്കാനാകില്ല.

ജനറലൈസ്ഡ് എപിലപ്സി

തലച്ചോറിന്‍റെ ഇരുവശങ്ങളില്‍ നിന്നും ബാധിക്കുന്ന അപസ്മാരമാണ് ജനറലൈസ്ഡ് എപിലപ്സി. കൈകാലുകള്‍ ബലം വെക്കുകയും അനിയന്ത്രിതമായ ചലനം അനുഭവപ്പെടുകയും ചെയ്യുക, മുഖം ഒരു വശത്തേക്ക് കോടിപ്പോ കുക, വായില്‍നിന്ന് നുരയും പതയും വരുക, അബോധാവസ്ഥയിലാവുക, മൂത്രം അറിയാതെ പോവുക തുടങ്ങിയവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍. കൂടുതല്‍ രോഗികളിലും കാണപ്പെടുന്ന അവസ്ഥ ഇതാണ്. ഫോക്കല്‍ എപിലപ്സി: മസ്തിഷ്കത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു നിന്ന് ബാധിച്ചുകൊണ്ട് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നതാണ് ഫോക്കല്‍ എപിലപ്സി.

കോംപ്ലക്സ് പാര്‍ഷ്യല്‍ സീഷേഴ്സ്

കോംപ്ലക്സ് പാര്‍ഷ്യല്‍ സീഷേഴ്സ് എന്ന മറ്റൊരു വിഭാഗവും അപസ്മാരത്തിനുണ്ട്. സാധാരണ ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഇത് അനുഭവപ്പെടുക. ഒരു വശത്തേക്ക് തുറിച്ചു നോക്കുക, മുഖം, ചുണ്ട് എന്നിവകൊണ്ട് അസാധാരണമായ ചേഷ്ടകള്‍ കാണിക്കുക, കൈകള്‍ ശക്തമായി അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. സാധാരണ ഇത് അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് വയറിനുള്ളില്‍ ഉരുണ്ടുകയറ്റം, അകാരണമായ ഭയം അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. അതുകൊണ്ടു തന്നെ രോഗികള്‍ക്ക് പലപ്പോഴും ഈ അവസ്ഥ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും.

ആബ്സന്റ് സീഷേഴ്സ്

5 – 10 വയസ്സ് വരെയുള്ള കുട്ടികളില്‍ കാണപ്പെടുന്ന അവസ്ഥയാണ് ആബ്സന്റ് സീഷേഴ്സ്. കുറഞ്ഞ സമയത്തേക്ക് മാത്രമാണ് ഇത് അനുഭവപ്പെടുക. അതുകൊണ്ടു തന്നെ പലപ്പോഴും തിരിച്ചറിയാതെ പോകാനും സാധ്യതയുണ്ട്. ചില കുട്ടികളില്‍ തുടര്‍ച്ചയായി കണ്ണിമ ചിമ്മുക, കാഴ്ചയില്‍ കുറഞ്ഞ സെക്കൻഡ് നേരത്തേക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകാം. കുട്ടികളുടെ സ്വഭാവരീതി, ശരീര ഭാഷ എന്നിവയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ അനുഭവപ്പെടാം.

പ്രഥമ ശുശ്രൂഷ എങ്ങനെ ?

അപസ്മാരം ഏത് സമയത്തും സംഭവിക്കാമെന്നതിനാല്‍ പ്രഥമ ശുശ്രൂഷ എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. രോഗിയെ ആദ്യം സുരക്ഷിതമായ സ്ഥലത്തേക്ക് കിടത്തുകയാണ് ഇതില്‍ പ്രധാനം. നിയന്ത്രിക്കാനവാത്തവിധം ശരീര ചലനങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അപകട സാധ്യതയില്ലാത്ത സ്ഥലത്ത് രോഗിയെ കിടത്താന്‍ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്ന സമയത്ത് തറയിലോ സമീപത്തുള്ള വസ്തുക്കളിലോ ഇടിച്ച് പരിക്കേൽക്കാന്‍ സാധ്യതയുള്ളതിനാല്‍ തലക്ക് താഴെ മൃദുവായ തുണി, തലയിണ പോലുള്ളവ വെക്കുന്നത് ഗുണം ചെയ്യും. അബോധാവസ്ഥയിലായതിനാല്‍ വായിലുള്ള തുപ്പലും കൊഴുപ്പും കലര്‍ന്ന ദ്രാവകം ശ്വസനനാളത്തില്‍ പോയി അടയാതിരിക്കാന്‍ രോഗിയെ ചരിച്ച് കിടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് അപസ്മാരം ഉണ്ടാകുന്നത്, കൂടുതല്‍ സമയം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുവെങ്കില്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്.

ഇരുമ്പു വസ്തുക്കള്‍ നല്‍കരുത്

അപസ്മാര ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഇരുമ്പു കൊണ്ടുള്ള വിവിധ ഉപകരണങ്ങള്‍ രോഗിയുടെ കൈയില്‍ പിടിപ്പിക്കുന്ന രീതി പിന്തുടരുന്നവരുണ്ട്. എന്നാല്‍, ഇത് തികച്ചും അശാസ്ത്രീയമാണ്. മാത്രമല്ല, ഇത്തരം വസ്തുക്കള്‍ കൈയില്‍ വെക്കുന്നത് പലപ്പോഴും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യും.

ചികിത്സകൊണ്ട് പ്രതിരോധിക്കാം

നിര്‍ബന്ധമായും ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയാണ് അപസ്മാരം. മരുന്നുകള്‍ നല്‍കിക്കൊണ്ട് അപസ്മാരം പൂര്‍ണമായി മാറ്റാന്‍ സാധിക്കില്ല, എന്നാല്‍, അപസ്മാരം വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ തുടര്‍ച്ചയായി മരുന്ന് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ചിലരില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് അവസ്ഥയുണ്ടാകുന്നതെങ്കില്‍ ആനുപാതികമായി മരുന്നിന്‍റെ അളവ് കുറക്കാം. 30 ശതമാനം രോഗികളില്‍ ഒന്നോ രണ്ടോ മരുന്നുകള്‍ നല്‍കിയാലും രോഗ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനാവാതെ വരും. റിഫ്രാക്ടറി എപിലപ്സി എന്നറിയപ്പെടുന്ന ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ശസ്ത്രക്രിയ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായി വരും.

അപസ്മാരം പ്രതിരോധിക്കുന്നതിന് ചികിത്സയോടൊപ്പം കൃത്യമായ ഉറക്കം ലഭിക്കുന്ന വിധത്തില്‍ ജീവിതശൈലി ക്രമപ്പെടുത്തേണ്ടതുണ്ട്. ഉറക്കം നഷ്ടമാകുന്നത് പലപ്പോഴും അപസ്മാരം സംഭവിക്കാന്‍ വഴിവെക്കും. കൂടാതെ റിഫ്ലക്സ് എപിലപ്സി അനുഭവിക്കുന്ന രോഗികള്‍ക്ക് ഫ്ലാഷ് ലൈറ്റുകളിലേക്ക് നോക്കുക, വിഡിയോ ഗെയിം കളിക്കുക തുടങ്ങിയവ ചെയ്യുന്ന സമയത്ത് അപസ്മാരം സംഭവിക്കാം. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരിലും കാരണങ്ങള്‍ വ്യത്യാസപ്പെടാമെന്നതിനാല്‍ ഇത് തിരിച്ചറിയേണ്ടത് പ്രധാനമാണ്.

കൃത്യമായ ചികിത്സയും കരുതലുമുണ്ടെങ്കില്‍ നിത്യജീവിതത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയല്ല അപസ്മാരം. ഇത് ശരീരത്തിലെ മറ്റ് അവയവങ്ങളെ ദോഷകരമായി ബാധിക്കുകയോ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയോ ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിന് പ്രയാസമില്ലെന്നത് തിരിച്ചറിയണം. സ്ത്രീകളിലെ ഗര്‍ഭധാരണം, പ്രസവം തുടങ്ങിയവക്കൊന്നും അപസ്മാരം മൂലം പ്രശ്നങ്ങള്‍ അനുഭവപ്പെടാറില്ല.

ഡോ. ബിനീഷ്
Consultant Neurologist 
MBBS, MD, DM, NIMHANS=

Tags:    
News Summary - Epilepsy defend, through treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.