ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് വിരുദ്ധാഹാരം ആണെന്ന് പൊതുവായ പറച്ചിലുണ്ടാവാറുണ്ട്. അത്തരത്തിൽ വിരുദ്ധാഹാരങ്ങളുടെ പട്ടികയിൽ വരുന്ന ഒന്നാണ് പാലുൽപന്നങ്ങളും മീനുകളും. എന്നാൽ ഇതിന്‍റെ സത്യവസ്ഥ എനതാണ്? മീനും പാലും ഒരുമിച്ച് കഴിച്ചാൽ ചർമരോഗമായ വെള്ളപ്പാണ്ട് വരും എന്ന് പറയാറുണ്ട്. ഇതിന്‍റെ ശാസ്ത്രീയമായ അടിത്തറ എന്താണ്?
തെക്കൻ ഏഷ്യയിലും മധ്യ കിഴക്കും ആണ് വിരുദ്ധാഹാരങ്ങൾ ദോഷകരമാണ് എന്ന വിശ്വാസം നിലവിലുള്ളത്. ആയുർവേദ പാരമ്പര്യത്തോടുള്ള വിശ്വാസം മൂലമാണ് ഇത്. ചില ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കുമ്പോൾ അത് ശരീരത്തിന്‍റെ സന്തുലനം നഷ്ടപ്പെടുത്തും എന്നാണ് പ്രധാന വിശ്വാസം. ഉഷ്ണപ്രകൃതിയായ മത്സ്യത്തോടൊപ്പം ശീതപ്രകൃതിയായ പാലുൽപന്നങ്ങൾ കഴിക്കുന്നത് വിഷാംശം ഉണ്ടാകാനും വെള്ളപ്പാണ്ട് പോലുള്ള ചർമ രോഗങ്ങൾക്കും കാരണമാകുമെന്നും കരുതപ്പെടുന്നു.
എന്നാൽ പാലുൽപന്നങ്ങളും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ടിനോ മറ്റേതെങ്കിലും ചർമരോഗങ്ങൾക്കോ കാരണമാകും എന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തെ മെലാനോസൈറ്റുകൾ എന്ന പിഗ്മെന്റ്റ് കോശങ്ങൾ അബദ്ധത്തിൽ ആക്രമിക്കുന്നതു വഴി ഉണ്ടാകുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് വെള്ളപ്പാണ്ട്. ഇതിന് ജനിതകമോ പാരിസ്‌ഥിതികമോ, ഓട്ടോ ഇമ്മ്യൂൺ കാരണങ്ങളോ ഉണ്ടാകാം. എന്തായാലും പാലും മത്സ്യവും ഒരുമിച്ച് കഴിച്ചാൽ വെള്ളപ്പാണ്ട് വരില്ല.
ഈ ഭക്ഷണ കോമ്പിനേഷൻ ഇത്തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകും എന്ന് തെളിയിക്കുന്ന ഒരു ക്ലിനിക്കൽ പഠനവിവരണങ്ങളുമില്ല. ലോകത്തെ മിക്ക ഭക്ഷണരീതികളിലും പാലും മത്സ്യവും ഒരുമിച്ചു വരുന്നുണ്ട്. ഇത് വിരുദ്ധാഹാരമായിരുന്നെങ്കിൽ ലോകവ്യാപകമായി ആളുകൾക്ക് ഈ ചർമപ്രശ്നം ഉണ്ടായേനേ.
ചിലർക്ക് പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. പാലും മീനും ഒരുമിച്ച് കഴിക്കുന്നത് ചിലർക്ക് വയറു കമ്പിക്കാനും അസ്വസ്‌ഥതയ്ക്കും കാരണമായേക്കാം. എന്നാൽ ഇത് എല്ലാവക്കും വരില്ല. ലാക്ടോസ് ഇന്ടോളറൻസ് ഉള്ളവർക്കാണ് ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാറുള്ളത്. ധൈര്യമായി പാലുൽപന്നങ്ങളും മത്സ്യവും ഒരുമിച്ച് രുചികരമായി കഴിക്കാവുന്നതാണ്. ചർമത്തിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ശാസ്ത്രം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.