"അയ്യോ... എന്തൊരു ചൂട്. പുറത്തിറങ്ങാൻ വയ്യ. " ഒന്ന് പുറത്തു പോയി വന്നാൽ എല്ലാവരും ഇന്ന് ഇത് തന്നെയാണ് പറച്ചിൽ . ദൈനം ദിന ജീവിതത്തെ താളം തെറ്റിക്കുന്ന രീതിയിൽ അന്തരീക്ഷത്തിന്റെ ചൂട് അനുദിനം വർദ്ധിച്ചു വരികയാണ്. ഉഷ്ണത്തോടൊപ്പം ഒരു പാട് വായു ജന്യ ജലജന്യ രോഗങ്ങളുമായാണ് വേനൽ കാലം കടന്നു പോകുന്നത്.
വേനലിലെ അമിതമായ വിയർപ്പു കാരണം ശരീരത്തിലെ ജലധാതു ലവണങ്ങൾ നഷ്ടപ്പെടുന്നത് മൂലമാണ് രോഗങ്ങൾ കൂടുതൽ പ്രശ്നകാരികളായി ഭവിക്കുന്നത്. ചിക്കൻ പോക്സ്, അഞ്ചാം പനി, വയറുകടി, കോളറ, നേത്ര രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, മഞ്ഞപ്പിത്തം, ചെങ്കണ്ണ് എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന വേനൽ കാല രോഗങ്ങൾ . അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് ആരോഗ്യം പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജീവിത ശൈലിയിലെ (ആഹാര വിഹാരങ്ങൾ) ചെറിയ മാറ്റങ്ങൾ രോഗങ്ങളെ പ്രതിരോധിക്കാനും അസഹ്യമായ വേനൽ ചൂടിൽ നിന്ന് ഒരു സംരക്ഷണവും നൽകുന്നു.
ചൂട് കാലത്തെ ആഹാരക്രമമാണ് വളരെ പ്രധാനം. ഏറ്റവും ലളിതമായ ചില ആഹാരക്രമീകരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം :-
ശീലിക്കേണ്ട ആഹാരങ്ങൾ
- ദഹിക്കാൻ എളുപ്പമുളള ലഘുവായ ആഹാരങ്ങൾ .
- ജലാംശം കൂടുതൽ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ( തണ്ണിമത്തൻ, മുന്തിരി ,ഓറഞ്ച്,മാമ്പഴം, കക്കിരി, വെള്ളരി )
- ദ്രവാംശം കൂടുതൽ അടങ്ങിയ കഞ്ഞി (നെയ്യ് ചേർത്തും അല്ലാതെയും).
- പച്ചക്കറി സലാഡ്.
- കൂവ കുറുക്ക് ഉപയോഗിക്കുക.
ശീലിക്കേണ്ട പാനീയങ്ങൾ
- ധാരാളം വെള്ളം കുടിക്കുക.
- മൺ പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുക
- നന്നാറി , കൊത്ത മല്ലി, കരിങ്ങാലി, രാമച്ചം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഉപയോഗിക്കുക.
- നേർപ്പിച്ച പാൽ, കരിക്കിൻ വെള്ളം, കഞ്ഞി വെള്ളം, ഫ്രൂട്ട് ജ്യൂസുകൾ.
- ചെറുപയർ സൂപ്പ് ശീലിക്കുക
- വേനൽ കാലത്ത് കണ്ട് വരുന്ന മൂത്രാശയ അണുബാധ തടയാൻ ഞെരിഞ്ഞിൽ, ചെറൂള ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
ഒഴിവാക്കേണ്ട ആഹാരങ്ങൾ
- അമിതമായിഉപ്പ്, പുളി, എരിവ്, മസാലകൾ ചേർത്ത ആഹാരങ്ങൾ.
- അച്ചാർ, തൈര്.
- ബേക്കറി പലഹാരം, മൈദ കൊണ്ടുള്ള ആഹാരങ്ങൾ.
- വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ.
- ഉപ്പിലിട്ടത്, ഉണക്ക മത്സ്യം.
- ഉഴുന്ന്, മുതിര തുടങ്ങിയ പരിപ്പ് വർഗങ്ങൾ.
ഒഴിവാക്കേണ്ട പാനീയങ്ങൾ
- സോഡ അടങ്ങിയ ശീത പാനീയങ്ങൾ (പെപ്സി,കോള തുടങ്ങി..).
- ചായ, കാപ്പി അമിതമായി ഉപയോഗിക്കാതിരിക്കുക.
- ഉപ്പ് ചേർത്ത പാനീയങ്ങൾ.
- മദ്യവും മറ്റു ലഹരി പദാർഥങ്ങളും.
അതു പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിഹാരങ്ങളും . ശരീരബലം സംരക്ഷിച്ച് വേണം ഓരോ കാര്യങ്ങളിലും ഏർപ്പെടാൻ . അത്തരം ചെറിയ ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം ....
ശീലിക്കേണ്ട ചര്യകൾ
- അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- ഉച്ചവിശ്രമം (പകലുറക്കം) ശീലിക്കാം.
- ദിവസം രണ്ട് നേരം കുളിക്കുക.
- വിയർപ്പാറിയ ശേഷം കുളിക്കുക.
- നാൽപാമരം, രാമച്ചം, വേപ്പില മുതലായവ ഇട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കുക.
- സോപ്പിന് പകരം ചെറുപയർ പൊടി, കടല പൊടി എന്നിവ ഉപയോഗിക്കാം.
- തല കഴുകാൻ ചെമ്പരത്തി ,താളി എന്നിവ ഉപയോഗിക്കാം.
- ലഘു വ്യായാമം ചെയ്യുക
- ചർമ സംരക്ഷണത്തിന് കറ്റാർ വാഴ ലേപം ഉപയോഗിക്കാം.
- ശുദ്ധജലം ഉപയോഗിച്ച് ഇടക്കിടെ കണ്ണ് കഴുകുക.
- പകൽ സമയം പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക.
- യാത്രകളിൽ സ്റ്റീൽ / കുപ്പി പാത്രങ്ങളിൽ വെള്ളo കരുതുക
ഒഴിവാക്കേണ്ട ചര്യകൾ
- പോളിസ്റ്റർ വസ്ത്രങ്ങൾ.
- 11 മുതൽ 3 മണി വരെയുള്ള വെയിൽ.
- സോപ്പിന്റെ ഉപയോഗം .
- ചൂട് വെള്ളത്തിൽ കുളിക്കരുത്.
- കഠിന വ്യായാമങ്ങൾ.
- രാത്രി ഉറക്കമൊഴിക്കൽ.
- വെയിൽ കൊണ്ട് വന്ന ഉടനെ തണുത്ത വെള്ളത്തിൽ കുളിക്കാതിരിക്കുക.
- ഉച്ച സമയത്ത് കുളിക്കരുത്.
- പുക വലി, മദ്യപാനം, വെറ്റില മുറുക്ക്.
- വെയിലിൽ നിന്ന് ഉടനെ എസി മുറിയിലേക് കയറുന്നത് ഒഴിവാക്കുക (മറിച്ചും .
രോഗങ്ങൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതിരിക്കാൻ ശ്രദ്ധിക്കുകയാണ് നാം വേണ്ടത്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ദൈനം ദിന ജീവിത ത്തിലെ ഇത്തരം ചെറിയ ക്രമീകരണങ്ങൾ രോഗപ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെ അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.