സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന രഹസ്യരോഗങ്ങൾക്ക് ശരിയായ ചികിത്സ തേടുന്നതിനു പകരം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി കഴിക്കുന്നത് അപകടത്തിലേക്ക് എത്തിക്കും
യോനിയിലുണ്ടാവുന്ന സ്രവങ്ങളിൽ പലതും രോഗകാരണങ്ങളുടെ ലക്ഷണമാണ്. എന്നാൽ, എല്ലാ സ്രവങ്ങളും രോഗം മൂലമുള്ളതല്ല. പല സ്ത്രീകൾക്കും ഉത്കണ്ഠയാണ് യോനിയിൽനിന്നുള്ള സ്രവം അസാധാരണമാണോ എന്ന്. എന്നാൽ, മിക്കവരിലും പരിശോധനക്കുശേഷം നോക്കിയാൽ സാധാരണമാണെന്നു കാണാം. സ്ത്രീകൾ കൃത്യമായി അറിഞ്ഞിരിക്കണം ഒാരോ സ്രവത്തെയും കുറിച്ച്. സംശയം തോന്നിയാൽ തുടക്കത്തിൽതന്നെ ചികിത്സ തേടുകയും ചെയ്യാം.
എങ്ങനെയാണ് യോനിയിൽനിന്നുള്ള സ്രവത്തിെൻറ സാധാരണ സ്വഭാവമെന്ന് അറിഞ്ഞിരിക്കാം. ആർത്തവസമയം മുതൽ തുടങ്ങാം. റെഗുലറായ ആർത്തവചക്രം 28^30 ദിവസം ആണെന്നിരിക്കട്ടെ. ആർത്തവ രക്തസ്രാവം നിലച്ചശേഷം തുടർന്നുള്ള 10^14 വരെയുള്ള ദിവസങ്ങളിൽ യോനിയിലെ സ്രവത്തിനു കട്ടി കുറയും. എന്നാൽ, പിന്നീട് കട്ടി കൂടുകയും നിറം വെള്ളയാവുകയും ചെയ്യും. അത് അണ്ഡോൽപാദനം മൂലമാണ്. ഗർഭകാലത്ത് വെള്ളനിറത്തിൽ കാണാറുണ്ട്. അത് ഈസ്ട്രജെൻറ അളവ് കൂടുതലാവുന്നതുകൊണ്ടാണ്.
നിറവ്യത്യാസം, മഞ്ഞനിറം, പച്ചനിറം, ദുർഗന്ധം, ചൊറിച്ചിൽ എന്നിവയൊക്കെ ഒരു സ്ത്രീരോഗ വിദഗ്ധയെ കാണിക്കാനുള്ള കാരണങ്ങളാണ്. ചുറ്റുമുള്ള ചർമഭാഗമായ വൾവ, യോനീഭിത്തി, ഗർഭാശയമുഖം, ഗർഭാശയഭിത്തി, ട്യൂബ് എന്നിവയിൽനിന്നുള്ള സ്രവങ്ങളാണ് യോനിക്ക് നനവു നൽകുന്നത്. സാധാരണ സ്രവങ്ങൾ വെളുത്ത നിറത്തോടുകൂടി മണമില്ലാത്തതും കൊഴുപ്പോടുകൂടിയതുമാണ്. കോടിക്കണക്കിനു ബാക്ടീരിയകൾ സാധാരണയായി യോനിയിലുണ്ടെങ്കിലും ലാക്ടോബാസിലി ആണ് കൂടുതലായുള്ളത്. ബാക്ടീരിയ എന്നു കേൾക്കുമ്പോൾ ആശങ്കപ്പെടേണ്ട ആവശ്യമില്ല. കാരണം, എല്ലാ ബാക്ടീരിയകളും രോഗം പരത്തുന്നവയല്ല. യോനിയുടെ സ്വതവേയുള്ള അമ്ലസ്വഭാവം രോഗകാരണങ്ങൾ ഉണ്ടാക്കുന്ന അണുക്കളിൽനിന്ന് സംരക്ഷണം നൽകുന്നു.
ആരോഗ്യകരമായ അമ്ലസ്വഭാവം നിലനിർത്തുന്നതിൽ ലാക്ടോബാസിലി മുഖ്യ പങ്കുവഹിക്കുന്നു. സ്റ്റാഫിലോ കോക്കി, സ്ട്രെപ്റ്റോ കോക്കി, കാൻഡിഡ എന്നീ അണുക്കളാണ് സാധാരണയായി രോഗമുണ്ടാക്കുന്നവ. ലൈംഗികബന്ധത്തിലൂടെ പകരുന്നവയാണ് ക്ലമീഡിയ, ഗൊണോറിയ, ട്രൈക്കോമോണാസ് വജൈനാലിസ്, ഹർപീസ് എന്നിവ. എന്നാൽ, ബാക്ടീരിയൽ വൈജനോസിസ്, കാൻഡിഡ് അഥവ യീസ്റ്റ് ഇൻഫെക്ഷൻ എന്നിവയാവട്ടെ അല്ലാതെ സംഭവിക്കുന്നതുമാണ്. അണുബാധ അല്ലാത്ത ഏതൊക്കെ സന്ദർഭങ്ങളിലാണ് വെളുത്ത നിറത്തിലുള്ള ദ്രാവകങ്ങൾ കൂടുതലായി വരുന്നതെന്നു നോക്കാം. സെർവിക്സിലെ വളർച്ച, അലർജി, ശുചിത്വമില്ലായ്മ, പുറത്തുനിന്നുള്ള പദാർഥങ്ങളുടെ ഇടപെടൽ എന്നീ അവസരങ്ങളിൽ ഇത് സാധാരണമാണ്.
സാധാരണ വെളുത്ത നിറത്തിൽ സ്രവങ്ങൾ അളവിൽക്കവിഞ്ഞ് കാണുമ്പോൾ അതിനെ വെള്ളപ്പോക്ക് (leukorrhea) എന്നു പറയുന്നു. വെള്ളപ്പോക്കിെൻറ മറ്റൊരു പേരാണ് അസ്ഥിസ്രാവം. എന്നാൽ, അസ്ഥിയുമായി ഇതിന് ഒരു ബന്ധവുമില്ല. ശരീരത്തിെൻറ പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളിലും വെള്ളപ്പോക്ക് സാധാരണമാണ്. പ്രായപൂർത്തിയാവുക, ഗർഭധാരണം, അണ്ഡവിസർജനസമയം, മാസമുറ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, ലൈംഗിക ഉത്തേജനം ലഭിക്കുമ്പോൾ എന്നീ അവസ്ഥകളിലും പതിവിൽക്കൂടുതൽ യോനീസ്രവം ഉണ്ടാവാം. രോഗകാരണം അല്ലാത്തതിനാൽ പ്രത്യേകിച്ച് ചികിത്സയൊന്നും വേണ്ട. എന്നാൽ, സ്ത്രീരോഗ വിദഗ്ധയെ കാണിച്ച് ശരിയായ ഉൾപ്പരിശോധന നടത്തേണ്ടത് ആവശ്യമാണ്.
മിക്ക സ്ത്രീകളും ഇതൊക്കെ പുറത്തുപറയാൻ മടികാണിക്കാറുണ്ട്. ഇതു മാനസിക പിരിമുറുക്കത്തിനുതന്നെ കാരണമാവാം. കൗമാരക്കാരുടെ ഇത്തരം പ്രശ്നങ്ങൾ അമ്മമാർ ചോദിച്ചു മനസ്സിലാക്കണം. യൗവനാരംഭത്തിനുമുമ്പ് (prepubertal) ഇത്തരം അണുബാധക്ക് സാധ്യതകൾ കൂടുതലാണ്. പ്രധാനമായും യോനിയുടെയും അനുബന്ധ അവയവങ്ങളുടെയും ഘടനയിലുള്ള മാറ്റങ്ങൾ, മലദ്വാരം ഇതിനടുത്ത് സ്ഥിതിചെയ്യുന്നത്, രഹസ്യരോമങ്ങളുടെ അഭാവം എന്നിവ കുട്ടികളിൽ കൂടുതൽ വൃത്തിഹീനമായ ചുറ്റുപാട് ഉണ്ടാക്കുന്നു. എന്നാൽ, രക്തത്തോട് കൂടിയ ഡിസ്ചാർജുകൾ കണ്ടാൽ എന്തെങ്കിലും കമ്പ്, കോൽ എന്നിവ അകത്തുണ്ടോയെന്നു ശരിയായി ഉൾപ്പരിശോധന നടത്തേണ്ടതും അനിവാര്യമാണ്.
വൾവോവജൈനൈറ്റിസ് ആണ് ഏറ്റവും സാധാരണയായി യോനി ഡിസ്ചാർജ് ഉണ്ടാക്കുന്ന രോഗം. സ്ട്രെപ്റ്റോകോക്കസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ, കാൻഡിഡ എന്നിവയാണ് രോഗകാരണങ്ങൾ. അർബുദ സാധ്യതകളുള്ള മുഴകൾ, പുറത്തുനിന്നുള്ള വസ്തുക്കൾ എന്നിവയും മറ്റു കാരണങ്ങളാണ്. എന്നാൽ, ഗർഭാശയസംബന്ധമല്ലാത്ത കാരണങ്ങളുമുണ്ട്. ഡിഫ്തീരിയ, മീസിൽസ്, ചിക്കൻ പോക്സ്, ഷിഗെല്ല എന്നീ രോഗങ്ങളോടനുബന്ധിച്ചും കാണാം.
എന്താണ് ട്രൈക്കോമോണിയാസിസ്?
െട്രെക്കോേമാണസ് വൈജനാലിസ് എന്ന രോഗാണു പരത്തുന്ന ലൈംഗികജന്യ രോഗമാണിത്. വ്യക്തിശുചിത്വം പാലിക്കാത്തവർ, ഒന്നിലധികം പങ്കാളികളുള്ളവർ, പങ്കാളിക്ക് രോഗമുണ്ടെങ്കിൽ, ആർത്തവ സമയത്ത്, ഗർഭധാരണ സമയത്ത് ഒക്കെയാണ് സാധ്യത കൂടുതൽ. എന്നാൽ, നവജാതശിശുക്കളിൽ അമ്മയിൽനിന്നു രോഗം കുഞ്ഞിനും കിട്ടാം. ദുർഗന്ധമുള്ള മഞ്ഞ കലർന്ന പച്ചനിറമുള്ള സ്രവമാണ് രോഗലക്ഷണം. കൂടാതെ, യോനിയിലും സമീപഭാഗങ്ങളിലും വീക്കവും കാണാം. യോനീഭാഗം ചുവന്ന നിറത്തിൽ വീങ്ങി വേദനയുണ്ടാവാം. ചുറ്റുമുള്ള ഭാഗത്ത് ചൊറിച്ചിലും നീറ്റലും ഉണ്ടാവാം. മൂത്രമൊഴിക്കുമ്പോൾ വേദന, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടാം. യോനിയിൽ ചുവന്ന കുത്തുകൾ കാണാം. ഇത് ‘സ്ട്രോബറി വൈജന’ എന്നറിയപ്പെടുന്നു. കൃത്യസമയത്ത് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കണം. പങ്കാളിക്കും വേണം ട്രീറ്റ്മെൻറ്.
തൈരുപോലുള്ള സ്രവമാണ് കാൻഡിഡ് അണുബാധ വഴി ഉണ്ടാവുന്നത്. അസഹ്യമായ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോൾ വേദന, ബന്ധപ്പെടുമ്പോൾ വേദന, പുകച്ചിൽ എന്നിവയൊക്കെ കാൻഡിഡിയാസിെൻറ ലക്ഷണങ്ങളാണ്. ആർക്കൊക്കെയാണ് സാധ്യത കൂടുതൽ എന്ന് നോക്കാം. ഗർഭിണികൾ, പ്രമേഹരോഗികൾ, അമിതവണ്ണമുള്ളവർ, ആൻറിബയോട്ടിക്കുകൾ, ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡ് മരുന്നുകൾ എന്നിവ ഉപയോഗിക്കുന്നവർ, എയ്ഡ്സുള്ളവർ എന്നിവരൊക്കെ കാൻഡിഡിസീസിനു കാരണമാവാം. കാൻഡിഡ് ആൽബിക്കൻസ് എന്ന യീസ്റ്റ് ഫങ്കസാണ് കാരണം.
മത്സ്യഗന്ധമുള്ള ചാരനിറം കലർന്ന സ്രവമാണെങ്കിൽ അത് ബാക്ടീരിയൽ വൈജനോസിസ് കാരണമാവാം. ഗാർഡനെല്ല വൈജനോസിസാണ് രോഗകാരണം. 50 ശതമാനം പേരിലും പ്രത്യേകിച്ച് ലക്ഷണമൊന്നും കാണാറില്ല. സാധാരണ യോനിയിൽ കണ്ടുവരാറുള്ള ലാക്ടോബാസിലിയുടെ ബാക്ടീരിയൽ അണുബാധക്ക് ആൻറിബയോട്ടിക് ചികിത്സ ഫലപ്രദം. ഇത് ലൈംഗികബന്ധത്തിലൂടെ പകരില്ല. അതിനാൽ പങ്കാളിക്ക് ചികിത്സ വേണ്ട. വദനസുരതം, ഗർഭാശയത്തിനുള്ളിൽ കടത്തിവെക്കുന്ന ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം, ഒന്നിലധികം പങ്കാളികൾ, നവ വിവാഹിതർ, പുകവലി, ആർത്തവസമയത്തെ ലൈംഗികബന്ധം എന്നിവയെല്ലാം ഈ അണുബാധക്ക് സാധ്യത വർധിപ്പിക്കുന്നു.
സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന രഹസ്യരോഗങ്ങളാണ് മേൽപറഞ്ഞവ. നേരിട്ട് ഡോക്ടറുടെ അടുത്തുപോയി ശരിയായ ചികിത്സ എടുക്കുന്നതിനു പകരം സുഹൃത്തുക്കളുടെ ഉപദേശപ്രകാരം മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഗുളികകൾ വാങ്ങി കഴിക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഇത് ആരോഗ്യത്തെ ബാധിക്കുകയും ഭാവിയിൽ വന്ധ്യതയുണ്ടാവാൻ ഇടയാക്കുകയും ചെയ്യുന്നു.
ഡോ. സ്മിത മേനോൻ, അസിസ്റ്റൻറ് സർജൻ, സി.എച്ച്.സി, ബേഡഡുക്ക, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.