വേണ്ടത്ര പരിഗണന നല്‍കുകയും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ട ഒന്നാണ് കുട്ടികളിലെ വിരശല്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ നാലിലൊന്ന് ജനങ്ങളിലുംവിരശല്യം ബാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇതില്‍തന്നെ കുട്ടികളിലാണ് പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. സാധാരണ രണ്ടുമുതല്‍ 19 വയസ്സ് വരെയുള്ളവരിലാണ് ഏറെയും വിരശല്യം ബാധിക്കുന്നത്. കുട്ടികളുടെ വളര്‍ച്ച, ആരോഗ്യം, പഠന നിലവാരം തുടങ്ങി എല്ലാ മേഖലകളെയും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ എത്രയുംവേഗം ചികിത്സിച്ചു ഭേദമാക്കാൻ ശ്രദ്ധിക്കണം.
ഉരുളന്‍ വിര, നാടന്‍ വിര, കൃമി തുടങ്ങി പല വിഭാഗങ്ങളായാണ് വിര കാണപ്പെടുന്നത്. പ്രധാനമായും വൃത്തിയില്ലാത്ത സാഹചര്യങ്ങളുമായി ഇടപഴകുന്നതിലൂടെയാണ് വിര രൂപപ്പെടുന്നത്. അശ്രദ്ധമായി പാകം ചെയ്ത ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്നതിലൂടെ, പ്രത്യേകിച്ച് മാംസാഹാരങ്ങള്‍ നന്നായി വേവിച്ച് കഴിച്ചില്ലെങ്കില്‍ ഇത് ശരീരത്തില്‍ വിര രൂപപ്പെടുന്നതിന് കാരണമാകും. നാടന്‍വിര പ്രധാനമായും ബാധിക്കുന്നത് തെറ്റായ ആഹാര രീതിയിലൂടെയാണ്. കുട്ടികള്‍ ചെരിപ്പിടാതെ മണ്ണില്‍ കളിക്കുന്നതിനിടെ കാലുകളിലൂടെയും പലതരം വിരകള്‍ ശരീരത്തിലെത്താം. പ്രായഭേദമന്യേ കുട്ടികളിലും മുതിര്‍ന്നവരിലും ശരീരത്തില്‍ വിര ബാധിക്കുന്നത് ഈ രണ്ടു മാര്‍ഗങ്ങളിലൂടെയാണ്.
സാധാരണ വന്‍കുടലിലാണ് വിരകള്‍ ബാധിക്കുന്നത്, ചില വിരകള്‍ ശ്വാസകോശം, കരള്‍, ത്വക്കിന് തൊട്ടു താഴെയുള്ള ഭാഗം എന്നിവിടങ്ങളിലും ബാധിക്കാം. രാത്രി സമയങ്ങളിലാണ് വിര മുട്ടയിട്ട് ഇരട്ടിക്കുന്നത്. രാത്രി സമയങ്ങളില്‍ കുടലില്‍നിന്ന് വിര മലദ്വാരത്തിന് സമീപമെത്തുകയും മുട്ടയിടുകയും ചെയ്യും. ഈ സമയത്ത് മലദ്വാരത്തിന് ചുറ്റും വലിയ അസ്വസ്ഥതകള്‍ അനുഭവപ്പെടും. പെണ്‍കുട്ടികളില്‍ യോനീ ഭാഗത്തേക്കും ഇവ വളരെ പെട്ടെന്ന് ബാധിക്കുകയും മൂത്രനാളി അണുബാധക്ക് കാരണമാകുകയും ചെയ്യും.
ലക്ഷണങ്ങള്‍:
ചില കുട്ടികളില്‍ വിരശല്യം ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പ്രകടമാകും. എന്നാല്‍, ചിലരില്‍ ലക്ഷണങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് അനുഭവപ്പെടുക. നേരിയ വിശപ്പില്ലായ്മ, ചെറിയ വയറുവേദന, വയറ്റിനുള്ളില്‍ അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടാം.
എന്നാല്‍, വിരശല്യം രൂക്ഷമായി ബാധിച്ച കുട്ടികളില്‍ കുടലില്‍ നേരിയ സുഷിരങ്ങള്‍ രൂപപ്പെടുകയും ഇതുവഴി രക്തം നഷ്ടമാകുകയും ചെയ്യും. ശരീരത്തിലെത്തുന്ന പോഷകാംശങ്ങള്‍ ക്രമേണ നഷ്ടമാകാനും ശരീരം ശോഷിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല, ശരീരത്തില്‍ രക്തം കുറഞ്ഞ് വിളര്‍ച്ച ബാധിക്കുന്നതിനും രോഗപ്രതിരോധ ശേഷി നഷ്ടമാകുന്നതിനും ഇത് വഴിവെക്കും. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍ കുറയുന്ന അവസ്ഥയും വിരകള്‍ പെരുകുന്നതിനാല്‍ അനുഭവപ്പടാം.
ശരീരത്തിലെ ഒരു വിര ഏകദേശം 0.03 മില്ലി രക്തം നഷ്ടമാകുന്നതിന് വഴിവെക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഒരു കുട്ടിയുടെ ശരീരത്തിലുള്ള എണ്ണമറ്റ വിരകള്‍ വലിയ അളവില്‍ രക്തം നഷ്ടമാകുന്നതിന് ഇടവരുത്തും.
കുട്ടികളുടെ പൊക്കിളിന് ചുറ്റുമുള്ള വയറുവേദന വിരശല്യം അനുഭവപ്പെടുന്നതിന്റെ ലക്ഷണമാണ്. ചില സമയങ്ങളില്‍ ഭക്ഷണം കഴിച്ചു തുടങ്ങുന്ന സമയത്തോ ഭക്ഷണ ശേഷമോ വയറുവേദന അനുഭവപ്പെടാം. മലവിസര്‍ജ്ജന സമയത്ത് രക്തം കാണുക, മലദ്വാരം പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ തുടങ്ങിയവയും കണ്ടേക്കാം. ഇത്തരം കുട്ടികളില്‍ അലസത, ക്ഷീണം, പഠനത്തിനോ കളികള്‍ക്കോ താൽപര്യമില്ലാത്ത അവസ്ഥ എന്നിവയും കണ്ടേക്കാം. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന കുട്ടികളില്‍ വിരശല്യം ഒഴിവാക്കുന്നതിനുള്ള ചികിത്സാരീതികളാണ് സ്വീകരിക്കുന്നത്.
ചിലതരം വിരകള്‍ ചര്‍മത്തിലൂടെ സഞ്ചരിക്കുന്നതിനാല്‍ ചില കുട്ടികളില്‍ ചര്‍മത്തില്‍ പലയിടത്തായി ചൊറിച്ചില്‍ അനുഭവപ്പെടുകയും ഈ ഭാഗങ്ങള്‍ ചുവന്നു തിണര്‍ക്കുന്ന അവസ്ഥയുമുണ്ടാകാം. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ നീരു വെക്കുകയും ചെയ്യും. നാടന്‍ വിര വിഭാഗത്തിലെ ചില വിഭാഗം വിരകള്‍ വളരെ വിരളമായി ചിലരുടെ മസ്തിഷ്കത്തെ ബാധിക്കും. ചിലരില്‍ കാഴ്ച കുറയുന്നതിനും ഇത് വഴിവെക്കും. വിരകള്‍ ശ്വാസകോശത്തെ ബാധിക്കുന്നത് കുട്ടികളില്‍ ചുമ, ശ്വാസതടസ്സം, പനി തുടങ്ങിയവ തുടര്‍ച്ചയായി വരുന്നതിന് കാരണമാകും. അമിതമായി വിരശല്യം ഉണ്ടെങ്കില്‍ അത് ഇസിനോഫീലിയ പോലുള്ള അലര്‍ജി പ്രശ്നങ്ങള്‍ക്കും കരള്‍ വീക്കം പോലുള്ളവക്കും വഴിവെക്കും.
നീളന്‍ വിരകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് കുടലില്‍ തടസ്സമുണ്ടാക്കും. വിരകള്‍ പരസ്പരം ചുറ്റിപ്പിണഞ്ഞുകൊണ്ട് ഉരുണ്ട രൂപത്തിലേക്ക് മാറുന്നതിലൂടെയാണ് കുടലില്‍ തടസ്സം സൃഷ്ടിക്കുന്നത്. ഇവ കുടലിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനാല്‍ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ സൃഷ്ടിക്കും. മരുന്നുകള്‍കൊണ്ട് സുഖപ്പെടുത്താന്‍ കഴിയാത്തവിധം ഈ പ്രശ്നം രൂക്ഷമായാല്‍ ശസ്ത്രക്രിയ വഴി ബ്ലോക്ക് നീക്കം ചെയ്യേണ്ടതായി വരും.
ചികിത്സ:
വിരശല്യം കണ്ടെത്തിയാല്‍ ശരീരത്തില്‍ നിന്ന് വിരകളെ നീക്കം ചെയ്യുന്നത്തിനുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. പുറമെയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിച്ചാണ് ആദ്യഘട്ടത്തില്‍ ചികിത്സ നല്‍കുന്നത്. എന്നാല്‍, സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ കൃത്യമായ പരിശോധന രീതികളിലൂടെ വിര എത്രത്തോളം ബാധിച്ചുവെന്ന് കണ്ടെത്തിയ ശേഷമാണ് ചികിത്സ നല്‍കുന്നത്. രണ്ടുവയസ്സ് മുതലുള്ള എല്ലാ കുട്ടികള്‍ക്കും മരുന്ന് ഉപയോഗിക്കാം. കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്.
ഫെബ്രുവരി 10ന് ദേശീയ വിരനിവാരണ ദിനത്തിന്റെ ഭാഗമായി 19 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വിരനശീകരണ മരുന്നുകള്‍ വിതരണം ചെയ്യുന്നത് ഒരു പരിധി വരെ ഗുണം ചെയ്യുന്നുണ്ട്. വിര ശരീരത്തെ ബാധിക്കാതിരിക്കുന്നതിനുള്ള പ്രതിരോധമാണ് ഏറ്റവും പ്രധാനം.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.