ആശുപത്രി മാലിന്യങ്ങളിലുള്ളത് മാരക രോഗങ്ങൾക്കിടയാക്കുന്ന രാസവസ്തുക്കൾ

ആരോഗ്യ പരിരക്ഷാ മികവിൽ കേരളത്തെ യൂറോപ്യൻ നിലവാരത്തോടാണ് താരതമ്യം ചെയ്യാറുള്ളത്. കേന്ദ്ര സർക്കാറിനു കീഴിലെ നിതി ആയോഗ് പുറത്തിറക്കിയ ആരോഗ്യസൂചികയിലും കേരളം ഒന്നാമതാണ്. എന്നാൽ, ആരോഗ്യപരിരക്ഷാ കേന്ദ്രങ്ങൾ പുറംതള്ളുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ കേരളം വൻ പരാജയമാണ്. ‘ആരോഗ്യ കേരള’ത്തിനുമേൽ വിഷമായി പടരുന്ന ബയോ മെഡിക്കൽ വേസ്റ്റ് (ബി.എം.ഡബ്ല്യു) സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെക്കുറിച്ച് സാധാരണക്കാർക്ക് മാത്രമല്ല, അധികൃതർക്ക് പോലും കാര്യമായ ധാരണയില്ല.

ആശുപത്രികളിൽനിന്നും ലാബുകളിൽനിന്നും ശേഖരിക്കുന്നവയിൽ ദിവസങ്ങളോളം പഴക്കമുള്ള, മനുഷ്യമാംസം അടക്കമുള്ള ആശുപത്രിമാലിന്യങ്ങളുമുണ്ട്. ആശുപത്രി പരിസരങ്ങളിൽ കുന്നുകൂട്ടിയും കത്തിച്ചും കളയുന്ന മാലിന്യത്തിൽ അർബുദമടക്കം മാരക രോഗങ്ങൾക്കിടയാക്കുന്ന അത്യപകടകരമായ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. നഗരമാലിന്യം സംസ്കരിക്കാൻ എന്ന പേരിൽ സ്ഥാപിച്ച പ്ലാന്റുകൾക്ക് മുന്നിലെ മാലിന്യമലകളിലും അവിടങ്ങളിൽ ഇടക്കിടെ കത്തിയാളുന്ന തീയിലും ഭയപ്പെടുത്തുന്ന അളവിൽ ആശുപത്രിമാലിന്യങ്ങളുണ്ട്.

തിരുവനന്തപുരത്തെ മുട്ടത്തറ മാലിന്യസംസ്‌കരണ പ്ലാന്റില്‍ മനുഷ്യന്റെ കാലുകള്‍ കണ്ടെത്തിയത് അടുത്തിടെയാണ്. ഓപറേഷൻ തിയറ്ററിൽനിന്ന് മുറിച്ചുമാറ്റിയതാണെന്നായിരുന്നു നിഗമനം. പ്ലാന്റുകളിൽ കൂട്ടിയിട്ട മാലിന്യത്തിൽനിന്ന് ചാപിള്ളകളുടേതടക്കം ശരീരഭാഗങ്ങൾ കണ്ടെത്തിയ നിരവധി സംഭവങ്ങൾ നാം അറിഞ്ഞിട്ടുള്ളതാണ്.

അശ്രദ്ധയോടെ കൈകാര്യംചെയ്താൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന ആശുപത്രിമാലിന്യം ഉറവിടത്തിൽതന്നെ തരംതിരിച്ച് ഉടൻതന്നെ നിർവീര്യമാക്കി നിർമാർജനം ചെയ്യുകയാണ് വേണ്ടതെന്ന് നിയമം നിഷ്കർഷിക്കുന്ന ഒരു നാട്ടിലാണിതൊക്കെ നടക്കുന്നത്! നിർവീര്യമാക്കാനുള്ള മാലിന്യം ഒരുകാരണവശാലും 48 മണിക്കൂറിലധികം സൂക്ഷിക്കരുതെന്നും 75 കിലോമീറ്റർ ദൂരപരിധിക്കപ്പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്നുമുള്ള കർശന വ്യവസ്ഥകൾ കാറ്റിൽപറത്തിയാണ് കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കും അതിർത്തികൾ കടന്നും മാലിന്യവണ്ടികൾ ആൾത്തിരക്കിലൂടെ പായുന്നത്.

പാതയോരങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന മാലിന്യക്കൂമ്പാരങ്ങളിലും വലിയതോതിൽ ആശുപത്രി അവശിഷ്ടങ്ങളുണ്ട്. ക്ലിനിക്കുകളിൽനിന്നും ലാബുകളിൽനിന്നുമുള്ള ഖര-ദ്രവ മാലിന്യങ്ങൾ കലർന്ന വെള്ളം മലയാളി കുടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിലെ കുടിവെള്ളത്തിലടക്കം അപകടകരമായ തോതിൽ കോളിഫോം, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കാണപ്പെടുന്നുണ്ട്. ഇവിടെയുള്ള ജലാശയങ്ങളിൽ ആന്റിബയോട്ടിക്കുകളുടെ ക്രമാതീതമായ സാന്നിധ്യമുള്ളതായി സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒ​റ്റ​ദി​നം 550 ട​ൺ മാ​ലി​ന്യം, മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ൽ!

2018ലെ ​അ​സോ​സി​യേ​റ്റ​ഡ് ചേം​ബേ​ഴ്‌​സ് ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (അ​സോ​ചം) റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് 550 ട​ൺ ആ​യി​രു​ന്നു. 2022ഓ​ടെ 775.5 ട​ൺ ആ​യി ഇ​ത് ഉ​യ​രു​മെ​ന്നാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ടും മു​മ്പു​ണ്ടാ​യി​രു​ന്ന അ​നു​മാ​നം. രാ​ജ്യ​ത്ത് പു​റ​ന്ത​ള്ളു​ന്ന ആ​ശു​പ​ത്രി​മാ​ലി​ന്യ​ത്തി​​ന്റെ മൂ​ന്നി​ലൊ​ന്ന് ആ​ശു​പ​ത്രി​ക​ളാ​ൽ ‘സ​മ്പ​ന്ന​മാ​ക്ക​പ്പെ​ട്ട’ ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ലാ​ണെ​ന്ന്​ ‘അ​സോ​ചം’ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ‘ഹ​രി​ത കേ​ര​ള മി​ഷ​ന്റെ’ വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ്: ഇ​ന്ത്യ​യി​ല്‍ ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത് (27 ശ​ത​മാ​നം) കേ​ര​ള​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ മൊ​ത്തം കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 1,13,530 ആ​ണ്. അ​തി​ൽ 43,273 എ​ണ്ണം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും 2740 എ​ണ്ണം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും 67,517 എ​ണ്ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​ണ് (സി.​പി.​സി.​ബി, 2011). ഓ​രോ കി​ട​ക്ക​യി​ലും ഓ​രോ ദി​വ​സ​വും ഏ​ക​ദേ​ശം 1.5 കി.​ഗ്രാം മു​ത​ൽ ര​ണ്ടു കി.​ഗ്രാം വ​രെ ഖ​ര​മാ​ലി​ന്യ​ങ്ങ​ളും 4.50 ലി​റ്റ​ർ ദ്ര​വ​മാ​ലി​ന്യ​ങ്ങ​ളും ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ഖ​ര​മാ​ലി​ന്യ​ത്തി​ൽ 85 ശ​ത​മാ​നം അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത​വ​യും, 10 ശ​ത​മാ​നം രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത​യു​ള്ള​തും അ​ഞ്ചു ശ​ത​മാ​നം വി​ഷാം​ശം ഉ​ള്ള​വ​യു​മാ​ണ്. അ​ത​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം 83,000 ട​ണ്‍ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം 12,500 ട​ണ്‍ രോ​ഗ​വ്യാ​പ​ന​സാ​ധ്യ​ത​യു​ള്ള​തോ വി​ഷാം​ശ​മു​ള്ള​തോ ആ​യ ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യ​മാ​ണ്.

സം​സ്ഥാ​ന​ത്ത് പു​റ​ന്ത​ള്ളു​ന്ന ആ​ശു​പ​ത്രി​മാ​ലി​ന്യ​ത്തി​ന്റെ ഏ​താ​ണ്ട് 90 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു കീ​ഴി​ലെ ഇ​മേ​ജ് എ​ന്ന സ്ഥാ​പ​ന​മാ​ണ്. ഇപ്പോൾ ഒന്നരയാഴ്ച തീ ആളിക്കത്തിയ ബ്രഹ്മപുരത്തെ പ്ലാന്റിൽ ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്നില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, വിവിധ ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെക്കൊണ്ടുവന്ന് തള്ളാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

Tags:    
News Summary - Hospital waste contains highly dangerous chemicals that cause deadly diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.