കോവിഡ്-19 വ്യാപനം രോഗപ്രതിരോധശേഷിയെക്കുറിച്ചുള്ള ആകുലതകൾ എല്ലാവരിലും വർധിപ്പിച്ചിട്ടുണ്ട്. പുതുരോഗങ്ങൾ പടരും കാലത്ത് പ്രതിരോധം തന്നെയാണ് മികച്ച സമീപനം. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ചിട്ടപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി സ്വാഭാവികമായി മെച്ചപ്പെടുത്താനാവും. അതിന് സഹായകരമായ വിദഗ്ധ നിർദേശങ്ങൾ ഇതാ...
ശരീരത്തിെൻറ ഇമ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷിയെപ്പറ്റി മനുഷ്യൻ പഠിക്കാൻ തുടങ്ങിയിട്ട് 2500 വർഷത്തിലേറെയായി. ഇന്നും ആഴത്തിലുള്ള പഠനങ്ങൾ നടക്കുന്ന ശാസ്ത്രശാഖയാണിത്. കോവിഡ്-19 ലോകമെമ്പാടും പടർന്നതോടെ രോഗപ്രതിരോധശേഷിയെപ്പറ്റി മനുഷ്യർ വീണ്ടും ഗൗരവത്തിൽ ആലോചിക്കാൻ തുടങ്ങി. ഭക്ഷണത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും എങ്ങനെ പ്രതിരോധശേഷി വർധിപ്പിക്കാം എന്നത് ഇന്ന് ഇൻറർനെറ്റിൽ ടോപ് സെർച്ചുകളിലൊന്നാണ്.
ഇമ്യൂണിറ്റി കൂട്ടുമെന്ന് വിശ്വസിച്ച് ൈകയിൽ കിട്ടുന്നതെന്തും പരീക്ഷിക്കുന്ന വലിയൊരു കൂട്ടം സമൂഹത്തിലുണ്ട്. ഇത് മുതലെടുത്ത് വ്യാജപ്രചാരണങ്ങളുമുണ്ട്. പ്രചാരണങ്ങളിലും തട്ടിപ്പുകളിലും വീണുപോവുന്നതിനേക്കാൾ ഗുരുതരമാണ് ഇങ്ങനെ എന്തെങ്കിലും ചെയ്ത് ഇമ്യൂണിറ്റി വന്നു എന്ന കപട ആത്മവിശ്വാസത്തിെൻറ പുറത്ത് സമൂഹത്തിലിറങ്ങി രോഗവ്യാപനം നടത്തുന്നവർ. ഈ പശ്ചാത്തലത്തിൽ എന്താണ് ഇമ്യൂണിറ്റി? അത് ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്തൊക്കെ ശ്രദ്ധിച്ചാൽ ഇമ്യൂണിറ്റി നിലനിർത്താം തുടങ്ങിയവ ശാസ്ത്രീയമായി അറിഞ്ഞിരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ലളിതമായ ഭാഷയിൽ പറഞ്ഞാൽ, രോഗം വരാതെ സൂക്ഷിക്കാനുള്ള കഴിവാണ് ഇമ്യൂണിറ്റി. ഇത് ശരീരത്തിലെ ഒരു സിസ്റ്റം തന്നെയാണ്. രോഗകാരികളില്‍ പ്രധാനികളായ ബാക്ടീരിയ, വൈറസ്, പരാദങ്ങള്‍, ഫംഗസ് തുടങ്ങി അനേകം ഘടകങ്ങളെ നശിപ്പിക്കുകയാണ് ഈ സിസ്റ്റത്തിെൻറ ധർമം. ശരീരത്തിലെ തൊലി, മൂക്കിനകത്തും ആന്തരികാവയവങ്ങളിലും മറ്റുമുള്ള മ്യൂക്കസ് മെംബ്രെയിന്‍, ശ്വേതരക്താണുക്കള്‍, പ്ലീഹ, ലസികാഗ്രന്ഥികള്‍, മജ്ജ, ടോണ്‍സില്‍, തൈമസ് എന്നിങ്ങനെ കോശങ്ങളും അവയവങ്ങളുമായി ചേർന്ന് ഏറെ സങ്കീര്‍ണമാണ് ഈ വ്യവസ്ഥ. ഇവയെല്ലാം ചേര്‍ന്നാണ് നമുക്ക് രോഗം വരാതെ സൂക്ഷിക്കുന്നതും.
ശരീരത്തിെൻറ പുറമേനിന്നും കടന്നുകയറുന്ന തേൻറതല്ലാത്ത എല്ലാത്തിനെയും തുരത്തുക എന്ന ഗോള്‍ഡന്‍ റൂള്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തൊലിപ്പുറത്ത് വന്നടിയുന്ന രോഗാണുക്കളെ അകത്തു കയറ്റിവിടാതെ നശിപ്പിച്ചുകളയാന്‍ നമുക്ക് തൊലിയുണ്ട്. വായ്ക്കകത്ത് രോഗാണു കയറിക്കഴിഞ്ഞാല്‍ ടോണ്‍സില്‍ അവയെ പിടികൂടി നശിപ്പിക്കും. ദഹനവ്യൂഹത്തില്‍ കയറിയാല്‍ ആമാശയത്തിലെ ആസിഡ് മുതല്‍ ചെറുകുടലിലെ പെയേഴ്സ് പാച്ചസ് വരെ പണിയെടുക്കും. ഇങ്ങനെ ഓരോ ഭാഗത്തിനും അതിേൻറതായ 'തുരത്തല്‍ മെക്കാനിസം' ഉണ്ട്. ഇതില്‍തന്നെ രക്തം വഴിയുള്ള പ്രതിരോധവും കോശങ്ങള്‍ ഇടനിലക്കാര്‍ ആകുന്ന ഇമ്യൂണിറ്റിയുമുണ്ട്. മനുഷ്യശരീരത്തിൽ രണ്ടു തരം ഇമ്യൂണിറ്റി ഉണ്ട്. ജന്മനാ ഉള്ളതും രോഗം വന്നും വാക്സിനേഷന് എടുത്തും നമ്മള് നേടിയെടുക്കുന്ന പ്രതിരോധശേഷിയുമാണ് അവ.
ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയെ അതിെൻറ സ്വാഭാവിക പ്രവർത്തനത്തിനപ്പുറത്തേക്ക് ഉത്തേജിപ്പിക്കാനാവില്ല. ഇനി ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ എടുത്ത് പറഞ്ഞാൽ, എന്തെങ്കിലും ഒരു ഭക്ഷ്യവസ്തു പ്രത്യേകമായി ഉൾപ്പെടുത്തുന്നത് കൊണ്ടും മറ്റും കോവിഡ് 19 വരാതെ തടയാനുമാവില്ല. ശരീരത്തിെൻറ രോഗപ്രതിരോധവ്യവസ്ഥയുടെ സ്വാഭാവികമായ പ്രവർത്തനത്തിന് ധാരാളം പോഷകങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന് വിറ്റമിനുകളായ ഡി, സി, ബി6, ബി12, സിങ്ക്, കോപ്പർ, ഫോളിക് ആസിഡ്, സെലനിയം, അയേൺ പോലെയുള്ളവ. സമീകൃതമായ ഡയറ്റ് നിലനിര്‍ത്തുന്ന ആള്‍ക്ക് ഇവയൊന്നും പ്രത്യേകം കഴിക്കേണ്ടതില്ല. ഇത്തരം പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ലഭിക്കാത്ത അവസരങ്ങളിൽ ഡോക്ടറുടെ നിർദേശാനുസരണം സപ്ലിമെൻറുകളെ ആശ്രയിക്കാം.
ഈ പോഷകങ്ങളിൽ വിറ്റമിൻ ഡി എല്ലുകളും പല്ലുകളും മസിലുമൊക്കെ ആരോഗ്യമുള്ളതായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ, റിക്കറ്റ്സ് പോലെയുള്ള അസുഖങ്ങൾ വരാതിരിക്കാനും വിറ്റമിൻ ഡി ലഭിക്കണം. സൂര്യപ്രകാശംകൂടിയുണ്ടെങ്കിലേ ശരീരത്തിന് ആവശ്യമായ വിറ്റമിൻ ഡി ലഭ്യമാവൂ. എന്നാൽ, കോവിഡ് ലോക്ഡൗൺ കാരണം സദാസമയം വീട്ടിനുള്ളിൽ അടച്ചിരിക്കുമ്പോൾ പലർക്കും ശരീരത്തിൽ ആവശ്യത്തിന് വിറ്റമിൻ ഡി കിട്ടാതെ വരുന്നുണ്ട്. മത്തിപോലുള്ള മത്സ്യങ്ങൾ, കോഡ് ലിവർ ഓയിൽ തുടങ്ങിയവയിൽ വിറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇതല്ലാതെ പാൽ, ബ്രേക്ഫാസ്റ്റ് സിറിയൽ പോലെയുള്ള ഭക്ഷ്യവസ്തുക്കൾ വിറ്റമിൻ ഡി ചേർത്തും വിപണിയിൽ ലഭ്യമാണ്.
അപ്പോൾ ഇമ്യൂണിറ്റി വർധിപ്പിക്കും എന്ന് അവകാശപ്പെട്ടുകൊണ്ട് ചുറ്റും കാണുന്ന ഒരുപാട് കൂട്ടുകളും ഔഷധങ്ങളും എന്താണ് ചെയ്യുന്നത് എന്ന് സ്വാഭാവികമായും സംശയം ഉണ്ടാകും? ശരീരത്തിെൻറ സ്വാഭാവികമായ പ്രതിരോധശേഷി പ്രവർത്തിക്കാൻ പോഷകങ്ങൾ ആവശ്യമാണെന്ന് പറഞ്ഞല്ലോ.'ഇമ്യൂണിറ്റി ബൂസ്റ്റിങ്' എന്നു പറഞ്ഞ് ലഭിക്കുന്ന ഭക്ഷണത്തിലും കൂട്ടുകളിലും മേൽപറഞ്ഞ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ മറ്റേതൊരു ഭക്ഷണവും പോലെ ശരീരം അതും ഉപയോഗപ്പെടുത്തും. അത്തരം ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. അതിലപ്പുറത്തേക്ക് ഇവയുടെ ഉപയോഗം കൊണ്ട് നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയെ അതിെൻറ സ്വാഭാവിക പ്രവർത്തനത്തിനപ്പുറത്തേക്ക് ഉത്തേജിപ്പിക്കാൻ പറ്റുന്ന ഒരു കഴിവും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ സാധാരണ മെനുവിൽ ഉൾപ്പെടുത്താൻ അനുവദനിയം ആയതാണെങ്കിൽ ആരോഗ്യകരമായ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയുമില്ല. എന്നാൽ എന്താണ് അതിലടങ്ങിയ കൂട്ട് എന്ന് വ്യക്തമല്ലാത്തവ വാങ്ങി കഴിക്കുമ്പോൾ അപകട സാധ്യതയും ഉണ്ടെന്ന് ഓർമ വേണം.
കഴിക്കാം, പച്ചക്കറിയും പഴങ്ങളും
ഇമ്യുണിറ്റി വർദ്ധിപ്പിക്കാനായി പച്ചക്കറിയും പഴങ്ങളും അധികമായി മെനുവിൽ ഉൾപ്പെടുത്തിയാൽ അതിൽ നിന്നുള്ള പോഷകങ്ങൾ ലഭിക്കും എന്ന ഗുണമുണ്ട്, കഴിക്കുന്നവർക്കും സന്തോഷം, മിക്കപ്പോഴും മറ്റ് ദോഷങ്ങൾ ഉണ്ടാവാറുമില്ല.എന്നാൽ ഈ പേരും പറഞ്ഞ് എന്തെന്നറിയാത്ത സാധനങ്ങൾ വാങ്ങിക്കഴിക്കുന്നത് അപകടം വരുത്താം. അതുപോലെ ഇതൊക്കെ കഴിച്ച് 'എനിക്കിനി രോഗം വരില്ല' എന്ന കപട ആത്മവിശ്വാസവുമായി പുറത്തിറങ്ങി രോഗം പകർത്താതെയും പടർത്താതെയുമിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിൽനിന്നു ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കണമെങ്കിൽ ഒന്നിലധികം ഘടകങ്ങൾ ഉൾപ്പെടുത്തണം. എല്ലാ ദിവസവും ഭക്ഷണത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം, പാലും പാലുൽപന്നങ്ങളും, ഫാറ്റ് എന്നിവ കൃത്യമായ അനുപാതത്തിൽ ഉൾപ്പെടുത്തലാണ് ഏറ്റവും ലളിതമായ മാർഗം.
ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഏറ്റവും നല്ല മാർഗം ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ഇവ ഗുണനിലവാരം ശ്രദ്ധിച്ച് പച്ചക്കോ അല്ലെങ്കിൽ പാകം ചെയ്തോ കഴിക്കാം. പച്ചക്കറികളെ നമുക്ക് അഞ്ച് ഗ്രൂപ്പായി തിരിക്കാം.
1. ചീര, മുരിങ്ങയില, ബ്രോക്കോളി പോലുള്ള കടും പച്ചനിറമുള്ള പച്ചക്കറികൾ.
2. തക്കാളി, കാരറ്റ്, മത്തങ്ങ, ഉണ്ടമുളക് പോലുള്ള റെഡ് & ഓറഞ്ച് പച്ചക്കറികൾ
3. കടല, സോയാബീൻ, വൻപയർ, ചെറുപയർ, ഗ്രീൻപീസ് തുടങ്ങിയ പീസ് & ബീൻസ് കുടുംബം
4. ഉരുളക്കിഴങ്ങ്, കോൺ, കപ്പ, വാഴയ്ക്ക തുടങ്ങിയ സ്റ്റാർച്ച് സമ്പുഷ്ടമായ പച്ചക്കറികൾ
5. പിന്നെ, ഉള്ളി, കാബേജ്, കോളിഫ്ലവർ, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയ പലവക പച്ചക്കറികൾ.
പച്ചക്കറികൾ കൊഴുപ്പ് ഒട്ടുമില്ലാത്ത ഭക്ഷ്യവസ്തുക്കളുമാണ്. വിറ്റമിൻ എ, വിറ്റമിൻ സി, പൊട്ടാസ്യം, ഫൈബർ, ഫോളിക് ആസിഡ് എന്നിങ്ങനെ ധാരാളം പോഷകങ്ങളുടെ ശേഖരം കൂടിയാണിവ. ഇതിൽ ഓരോ പച്ചക്കറിയും ശരീരത്തിന് എത്രയാണ് ആവശ്യം എന്നതിന് കണക്കുകളുണ്ട്. സ്ത്രീയാണോ പുരുഷനാണോ എന്നതും വയസ്സും എത്രത്തോളം ശാരീരിക അധ്വാനമുള്ള ആളാണ് എന്നതുമെല്ലാം അനുസരിച്ചാണ് ഒരാൾക്ക് എത്ര അളവ് പച്ചക്കറികൾ വേണം എന്ന് തീരുമാനിക്കുന്നത്. ഇത് ദിവസം ഒരു കപ്പ് മുതൽ മൂന്ന് കപ്പ് വരെ ആവാം. ഒരു ന്യൂട്രീഷൻ പ്രഫഷനലുമായി ചർച്ച ചെയ്ത് എത്ര അളവ് വേണം എന്ന് തീരുമാനിക്കണം.
ശരീരകലകളുടെ വളർച്ചയിലും പരിപാലനത്തിലും പഴങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. മുറിവുകൾ പെട്ടെന്നുണങ്ങാനും മോണകളുടെ ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന വിറ്റമിൻ സിയുടെയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിെൻറയും ചുവന്ന രക്താണുക്കളുടെ നിർമാണത്തിന് സഹായിക്കുന്ന ഫോളേറ്റിെൻറയും ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനും കൊളസ്ട്രോൾ നിയന്ത്രണത്തിനും സഹായിക്കുന്ന ഫൈബറിെൻറയും കലവറയാണ് പഴങ്ങൾ. എല്ലാ പഴങ്ങൾക്കും അതിേൻറതായ ഗുണങ്ങളുണ്ട്. ദിവസം ഒരു കപ്പ് മുതൽ രണ്ടു കപ്പ് വരെ പഴങ്ങൾ കഴിക്കാം.
ധാന്യങ്ങൾ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്. എന്നുവെച്ച് ആവശ്യത്തിലധികം അരിഭക്ഷണം കഴിക്കേണ്ടതില്ല. അരി, ഗോതമ്പ്, ബാർലി, ചോളം, ഓട്സ്, തിന, റാഗി, ചാമ എന്നിങ്ങനെ ഏതൊരു ധാന്യവും അവ ഉപയോഗിച്ചുണ്ടാക്കുന്ന ചോറും കഞ്ഞിയും ബ്രഡും പാസ്തയും പിസയും മറ്റു പലഹാരങ്ങളുമൊക്കെ ഈ ഗ്രൂപ്പിൽ വരും. ധാന്യങ്ങൾ തവിട് കളയാതെയും തവിടുകളഞ്ഞ് സംസ്കരിച്ചും ലഭ്യമാണ്. തവിടിലാണ് പ്രധാനമായും വിറ്റമിനുകളും ഫൈബറുകളും അടങ്ങിയിട്ടുള്ളത്. തവിടുകളഞ്ഞ് സംസ്കരിച്ച മൈദ പോലെയുള്ള ധാന്യപ്പൊടികൾ കൂടുതൽ മാർദവമുള്ളതാണെങ്കിലും പോഷകഗുണങ്ങളും ഫൈബറും തീരെ കുറവാണ്. ശരീരത്തിലെ ഊർജ ഉൽപാദനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന കാർബോഹൈഡ്രേറ്റ്, ഇരുമ്പും മഗ്നീഷ്യവും പോലുള്ള ധാതുക്കൾ, ഫൈബർ, വിറ്റമിൻ ബി എന്നിവയുടെ പ്രധാന സ്രോതസ്സാണ് ധാന്യങ്ങൾ. കുട്ടികൾ മുതൽ വിവിധ പ്രായത്തിലുള്ളവർക്ക് ഒരു ദിവസം ആവശ്യമായ ധാന്യങ്ങൾ 80 മുതൽ 220 ഗ്രാം വരെയാണ്.
ശരീരത്തിെൻറ വളർച്ചക്കും കോശങ്ങളുടെ നിർമാണത്തിനും അത്യന്താപേക്ഷിതമാണ് പ്രോട്ടീൻ. ശരീരത്തിെൻറ ബിൽഡിങ് ബ്ലോക്കുകൾ എന്നറിയപ്പെടുന്ന ഇവ പയറുവർഗങ്ങളിൾ മത്സ്യമാംസാദികൾ,മുട്ട, പാൽ എന്നിവയിൽ നിന്നുമെല്ലാം യഥേഷ്ടം ലഭിക്കും. നമ്മൾ പലപ്പോഴും കാർബോഹൈഡ്രേറ്റ് മുന്നിട്ടുനിൽക്കുന്ന അരിഭക്ഷണം കൂടുതൽ കഴിക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കുറവ് കഴിക്കുകയും ചെയ്യുന്നു.
ഇത് ആരോഗ്യപ്രശ്നങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാവുന്നുണ്ട്. ശരീരഭാരത്തിെൻറ അത്രയും ഗ്രാം പ്രോട്ടീൻ ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അതായത്, 60 കിലോ ഭാരമുള്ള ഒരാൾ 60 ഗ്രാം പ്രോട്ടീൻ ദിവസം കഴിക്കണം. വ്യായാമം ചെയ്യുന്നവരും കായികപ്രവൃത്തികളിൽ ഏർപ്പെടുന്നവരും അതിനനുസരിച്ച് ഈ കണക്കിൽ മാറ്റം വരുത്തേണ്ടി വരും. അതുപോലെ പ്രായവും ഒരു ഘടകമാണ്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഒരു അവശ്യഘടകമാണ് കാത്സ്യം. പാലും അതുപോലെ ചീസും തൈരും യോഗർട്ടുമൊക്കെപ്പോലുള്ള പാലുൽപന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിനാവശ്യമായ കാത്സ്യവും പ്രോട്ടീനും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താം. പ്രായവും ആക്ടിവിറ്റിയും അനുസരിച്ച് ദിവസം രണ്ടു കപ്പ് മുതൽ മൂന്നു കപ്പ് വരെ പാൽ കുടിക്കാം. എന്നാൽ, ചീസോ പനീറോ പോലെയുള്ള പാലുൽപന്നങ്ങളാവുമ്പോൾ ഈ അളവ് കലോറിയും മറ്റു ഘടകങ്ങളും ശ്രദ്ധിച്ച് പരിമിതപ്പെടുത്തേണ്ടിവരും.
കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ ശരീരത്തിലെ ഫാറ്റ് കൂടും എന്നൊരു ഭയം പൊതുവെയുണ്ട്. കാർബോഹൈഡ്രേറ്റ്സിനെയും പ്രോട്ടീനെയും അപേക്ഷിച്ച് ഇരട്ടിയിലുമധികം കലോറിയാണ് ഫാറ്റിലുള്ളത്. ഒരു ഗ്രാം കാർബോഹൈഡ്രേറ്റിലും പ്രോട്ടീനിലും വെറും നാലു കലോറി ഉള്ളപ്പോൾ ഒരു ഗ്രാം ഫാറ്റിൽ ഇത് ഒമ്പതു കലോറിയാണ്. എന്നുെവച്ച് പാടെ ഉപേക്ഷിക്കേണ്ട ഒന്നല്ല കൊഴുപ്പ്. പ്രധാന അവയവങ്ങളുടെ സംരക്ഷണത്തിനും കോശ നിർമാണത്തിനും ശരീരം ചൂടായി സൂക്ഷിക്കാനും ഹെൽത്തി സ്കിന്നിനും ദഹനവ്യവസ്ഥക്കും ഹോർമോൺ ഉൽപാദനത്തിനും എ, ഡി. ഇ, കെ വിറ്റമിനുകളുടെ ആഗിരണത്തിനും ഫാറ്റ് കൂടിയേ തീരൂ. അതുകൊണ്ടു ഫാറ്റ് അടങ്ങിയ നല്ല ഭക്ഷണം ആവശ്യത്തിന് കഴിക്കണം. രോഗപ്രതിരോധവ്യവസ്ഥ സുഗമമാവാൻ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ കൂടിയുണ്ട്.
കൃത്യമായി വ്യായാമം ചെയ്യുക എന്നതും പ്രാധാനമാണ്. ഓരോ തവണ വ്യായാമം പൂർത്തിയാക്കുേമ്പാഴും ഇമ്യൂണിറ്റിയുമായി ബന്ധപ്പെട്ട കോശങ്ങൾ ശരീരത്തിലെമ്പാടും വിതരണം ചെയ്യപ്പെടും. അതുപോലെ ഇമ്യൂണിറ്റിയെ നിലനിർത്താൻ സഹായിക്കുന്ന വിവിധയിനം പ്രോട്ടീനുകൾ, പ്രത്യേകിച്ച് പേശികളുമായി ബന്ധപ്പെട്ട സൈറ്റോകൈനുകൾ ശരീരത്തിൽ റിലീസ് ചെയ്യാനും വ്യായാമത്തിനു കഴിയും. ഇവയിലൊന്നായ െഎ.എൽ-15 മുന്‍പ് കണ്ട രോഗാണുക്കളെ കണ്ടാല്‍ ഓര്‍മ്മ നിലനിര്‍ത്തുന്ന ടി മെമ്മറി സെല്ലുകളുടെ(ഒരിനം ശ്വേത രക്താണുക്കള്‍) പരിപാലനത്തിന് സഹായിക്കും.
രണ്ടു മുതൽ അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ദിവസവും ആക്ടിവ് ആയി കളിക്കാൻ സാഹചര്യം ഉണ്ടാവണം. 6-17 വയസ്സുവരെയുള്ളവർ ദിവസവും ഒരു മണിക്കൂറെങ്കിലും ശരീരം അനങ്ങിയുള്ള കളികളും വ്യായാമങ്ങളും വേണം. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തീവ്രത കൂടിയ വ്യായാമങ്ങളാവാം. കൗമാരക്കാർക്ക് ഹൃദയവും ശ്വാസകോശവും ശക്തിപ്പെടുത്താനുള്ള കാർഡിയോ വർക്കൗട്ടുകളും മസിലുകൾ ശക്തിപ്പെടുത്താനുള്ള റെസിസ്റ്റൻസ് വർക്കൗട്ടുകളും ബാലൻസ് മെച്ചപ്പെടുത്താനുള്ള വർക്കൗട്ടുകളും ഉൾപ്പെടുത്തണം. പ്രായപൂർത്തിയായവർ ആഴ്ചയിൽ 2.5-5 മണിക്കൂർ വരെ വ്യായാമം ചെയ്യാം. ഇതിൽ കാർഡിയോ വർക്കൗട്ടുകൾക്കും റെസിസ്റ്റൻസ് വർക്കൗട്ടുകൾക്കും ഒരുപോലെ പ്രാധാന്യം നൽകണം.
ഇതിനോടൊപ്പം ചേർത്തുനിർത്താവുന്ന മറ്റൊരു പ്രധാന ഘടകമാണ് ഉറക്കം. ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങുന്നതാണ് ഉത്തമം. ഭക്ഷണവും വ്യായാമവും ശ്രദ്ധിച്ചാലും, വല്ലാതെ മാനസികസമ്മർദ്ദത്തിലൂടെ കടന്നു പോവുന്ന സമയങ്ങളിൽ അതും രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കും.
കൂടാതെ, പുകവലിയും മദ്യപാനവും ഒഴിവാക്കണം. ജീവിതത്തിെൻറ ഓരോ ഘട്ടത്തിലും ശരീരത്തിെൻറ പ്രതിരോധശേഷി വ്യത്യസ്തമാണ്. പ്രതിരോധശേഷി നമുക്ക് ജന്മനാ ലഭിക്കുന്നതും തുടർന്ന് നമ്മൾ പല വഴിക്ക് നേടുന്നതുമാണ്. ജനനം മുതൽ മരണം വരെ അത് ഏറിയും കുറഞ്ഞുമിരിക്കും. എങ്കിലും ചിട്ടയായ ഭക്ഷണം, വ്യായാമം, വിശ്രമം, മാനസികാരോഗ്യം എന്നിവ ചേരുമ്പോൾ മികച്ച പ്രതിരോധശേഷി നിലനിർത്താനാവും.
(ഫിറ്റ്നസ്, ന്യൂട്രീഷൻ സ്പെഷലിസ്റ്റും സർട്ടിഫൈഡ് പേഴ്സനൽ ട്രെയിനറുമായ ലേഖിക 'മാധ്യമം കുടുംബം' മാസികയിൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.