ജീവിത ​ശൈലിമാറ്റി കാൽമുട്ട് വേദനയെ തടയാം

കാൽമുട്ടുകളിൽ വേദനയും നീർക്കെട്ടും ഉണ്ടാകുന്നതിൻ്റെ ഫലമായി ദുരിതങ്ങൾ അനുഭവിക്കുന്നവരാണ് ഇന്ത്യയിൽ പതിനഞ്ച് കോടിയിലധികം ജനങ്ങൾ. അംഗവൈകല്യങ്ങൾ ഉണ്ടാകുന്നതിന് സമാനമായ ബുദ്ധിമുട്ടുകളാണ് കാൽമുട്ടുകളിലെ സന്ധിവാത രോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന ദുരിതം. യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് ഈ രോഗം അനുഭവിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്.

കാൽമുട്ടുകളിൽ കൂടുതൽ അദ്ധ്വാനഭാരം ഉണ്ടാകുന്നതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. കുത്തിയിരിക്കുക, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, പരിക്കുകൾ എന്നിവയിലൂടെ അസ്ഥികളുടെ ബലം കുറയുന്നതാണ്.

സ്ത്രീകളിൽ ആർത്തവ വിരാമശേഷം ശരീരത്തിലെ ജൈവ രാസ പ്രക്രിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി അസ്ഥികളിലുള്ള കാത്സ്യത്തിൻ്റെ ശേഖരം കുറയുന്നു. പ്രായം കൂടുന്നതിൻ്റ ഭാഗമായി അസ്ഥികളിൽ സംഭവിക്കുന്ന മാറ്റങ്ങളും കാൽമുട്ടുകളിൽ സന്ധിവാത രോഗം ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്.

ഇന്ത്യയിലെ ജനങ്ങളിൽ കാൽമുട്ടുകളിൽ ഉണ്ടാകുന്ന സന്ധിവാത രോഗം ജനങ്ങളുടെ ദൈനംദിന കാര്യങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിന് പോലും പ്രയാസം ഉണ്ടാകുന്ന അവസ്ഥയിൽ ആകാറുണ്ട്. നമ്മുടെ കൂട്ടത്തിൽ കുത്തിയിരിക്കുക, ചമ്രം പടിഞ്ഞ് ഇരിക്കുക, ഒരു കാലിൽ മറ്റേ കാൽ കയറ്റി വെച്ച് ഇരിക്കുക എന്നീ ശീലങ്ങൾ ഉള്ളവർ വളരെ കൂടുതലാണ്. ഇന്ത്യയിൽ കാൽമുട്ടുകളിൽ സന്ധിവാതം ഉണ്ടാകുന്നവരുടെ എണ്ണം കൂടുതലാകുന്നതിനുള്ള ഒരു കാരണവും അതാണ്.

സന്ധിവാത രോഗങ്ങളിൽ കൃത്യമായ രോഗനിർണയം ആരംഭാവസ്ഥയിൽ തന്നെ ഇപ്പോൾ സാധ്യമാണ്. ശരിയായ രീതിയിൽ ചികിത്സ കൈകാര്യം ചെയ്യുവാനും ലളിതമായ ചികിത്സയിലൂടെ ദിവസങ്ങൾക്കുള്ളിൽ രോഗശമനം ലഭിക്കുന്നതിനും ഉള്ള സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സന്ധിവാത രോഗങ്ങൾ കൂടുതൽ കണ്ട് വരുന്നത്. ഇതിന് കാരണമാകുന്നത് സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജൻ്റെ അഭാവമാണ്. ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ അസ്ഥികളുടെ സാന്ദ്രത കുറയുക എന്നുള്ളത് ഒരു സാധാരണ സംഭവമാണ്. ഗർഭാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നവരിലും ഇത് തന്നെയാണ് സംഭവിക്കാറുള്ളത്. ഇങ്ങനെയാണ് സ്ത്രീകളിൽ, പ്രത്യേകിച്ച് പ്രായം കൂടിയവരിൽ പുരുഷന്മാരെ അപേക്ഷിച്ച് സന്ധിവാത രോഗങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നതും. വീഴ്ച, അപകടങ്ങൾ എന്നിവയുടെ ഫലമായി കാൽമുട്ടുകളിൽ ഉണ്ടാകുന്ന പരിക്കുകളും ഒരു പ്രശ്നമാണ്.

കാൽമുട്ടുകളിൽ ഉണ്ടാകുന്ന സന്ധിവാത രോഗത്തിന്റെ ആരംഭത്തിൽ കാൽമുട്ടുകളിൽ വേദന അനുഭവപ്പെടുകയാണ് ചെയ്യാറുള്ളത്. ക്രമേണ വേദന മുന്നോട്ട് സഞ്ചരിച്ച് കൊണ്ടിരിക്കും. നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ വേദന കൂടുതലാകുകയും വിശ്രമിക്കുകയാണ് എങ്കിൽ കുറയുകയും ചെയ്യും. രോഗം ഗുരുതരമാകുന്ന അവസ്ഥയിൽ വിശ്രമിക്കുന്ന അവസരങ്ങളിലും വേദന അനുഭവപ്പെടുന്നതാണ്. പടികൾ കയറുകയോ കൂടുതൽ സമയം തുടർച്ചയായി നിൽക്കുകയോ ചെയ്യുകയാണ് എങ്കിൽ കാൽമുട്ടുകളിൽ അതി ശക്തമായ വേദന അനുഭവപ്പെടുന്നതാണ്.

ഈ അവസ്ഥയിൽ എത്തിയവർ പോലും പലരും ഒരു ഡോക്ടറെ കാണുകയോ ശാസ്ത്രീയമായും ഏറ്റവും പുതിയ അറിവുകൾ അനുസരിച്ചും ചികിത്സ ചെയ്യുകയോ ചെയ്യാറില്ല.

അതിന് പകരമായി മരുന്ന് കടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കും. ചിലപ്പോൾ ചിലരിൽ താൽക്കാലികമായി ആശ്വാസം ലഭിക്കുകയും ചെയ്യും.

കാൽമുട്ടുകളിലെ സന്ധിവാത രോഗചികിത്സയിൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്.

  • തറയിൽ കുത്തിയിരിക്കുന്ന ശീലം നല്ലതല്ല എന്ന് അറിയണം.
  • കയറ്റം കയറാതിരിക്കുക.
  • ഓടുക, പടികൾ കയറുക, ഒരു കാലിന്മേൽ മറ്റേ കാൽ കയറ്റി വെച്ച് ഇരിക്കുക എന്നിവ ചെയ്യാതിരിക്കുക.
  • ഡോക്ടർ നിർദ്ദേശിക്കുന്ന വ്യായാമങ്ങൾ പതിവായി ശീലിക്കുക.
  • സ്ത്രീകളിൽ ഉണ്ടാകുന്ന സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജൻ്റെ നിലയിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കാൻ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുക.
  • പൊണ്ണത്തടി ഉള്ളവരും അമിത ശരീരഭാരം ഉള്ളവരും അത് കുറയ്ക്കാൻ ശ്രമിക്കുക.

സന്ധിവാത രോഗങ്ങൾ അനുഭവിക്കുന്നവരും അത് വരാതിരിക്കാൻ ആഗ്രഹിക്കുന്നവരും നടത്തം, സൈക്കിളിംഗ്, നീന്തൽ എന്നീ വ്യായാമങ്ങൾ ശീലിക്കുന്നത് നല്ലതാണ്. പേശികളുടെ ദൃഢത, അസ്ഥികളിലെ സാന്ദ്രത എന്നിവ നല്ല നിലയിൽ ആകാൻ ഈ വ്യായാമങ്ങൾ സഹായിക്കും. ഓട്ടം, ഫൂട്ബോൾ, ബാസ്‌കറ്റ്‌ ബോൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

ഒരേ വ്യായാമം എല്ലാവർക്കും യോജിക്കുകയില്ല. അതുകൊണ്ട് ഓരോരുത്തർക്കും യോജിക്കുന്ന വ്യായാമങ്ങൾ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം.

വളരെ ലളിതമായ ചികിത്സയിലൂടെ സന്ധിവാത രോഗങ്ങൾക്ക് പരിഹാരം കാണാൻ ഇപ്പോൾ സാധ്യമാണ്. വളരെ കുറച്ച് മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും.

ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ ആയിരിക്കണം ചികിത്സയുടെ പ്രധാന ഭാഗം. ആശുപത്രിയിൽ കിടക്കേണ്ട ആവശ്യം വരികയും ഇല്ല.

Tags:    
News Summary - Knee pain can be prevented by lifestyle changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.