ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതലുള്ളതാവട്ടെ നമ്മുടെ കേരളത്തിലും. കേരളത്തിലെ 20 ശതമാനം പേരും പ്രമേഹരോഗികളാണെങ്കിൽ അടുത്ത 30 ശതമാനം പേർ പ്രമേഹം വരാൻ സാധ്യതയുള്ളവരാണ്. പുതിയ ജീവിതസാഹചര്യങ്ങളിലെ ഭക്ഷണക്രമവും ജീവിതശൈലിയും പ്രമേഹംപോലുള്ളവയെക്കൊണ്ട് മനുഷ്യനെ നിത്യരോഗിയാക്കുന്നു.
ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിൽനിന്ന് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇത് വിവിധ തരങ്ങളിലുണ്ട്. ജന്മനാൽതന്നെ ഇൻസുലിന്റെ അളവ് കുറയുന്ന ടൈപ്പ്-1 പ്രമേഹമാണ് ഇതിൽ ആദ്യത്തേത്. വളരെ അപൂർവമായാണ് ഈ പ്രമേഹം കാണാറുള്ളത്. ഇത് ബാധിച്ചവർക്ക് ചെറുപ്പത്തിലേ ഇൻസുലിൻ എടുക്കേണ്ടിവരുന്നു. സാധാരണ നമ്മൾക്കിടയിൽ കാണുന്ന 95 മുതൽ 98 ശതമാനം വരെയുള്ള പ്രമേഹവും ടൈപ്പ്-2 പ്രമേഹമാണ്.
സാധാരണഗതിയിൽ 30 വയസ്സ് കഴിയുമ്പോഴാണ് ഈ അസുഖം കണ്ടുതുടങ്ങുന്നത്. ഗർഭസമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന പ്രമേഹത്തിനാണ് ജസ്റ്റേഷനൽ ഡയബറ്റിസ് എന്നു പറയുന്നത്. ഈ പ്രമേഹം പ്രസവത്തോടെ ഇല്ലാതാവും. എന്നാൽ, കുറച്ചു കാലങ്ങൾക്കുശേഷം ഇവർക്ക് വീണ്ടും പ്രമേഹം ഉണ്ടായേക്കാം. ഇതിനുപുറമേ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകളുടെ ഉപയോഗവും പ്രമേഹം ഉണ്ടാകാൻ കാരണമാകുന്നു.
പ്രമേഹം ഒരു പാരമ്പര്യ രോഗമാണ്. അധ്വാനവും ജീവിതരീതിയും ഇതിൽ വ്യത്യസ്തതകൾ ഉണ്ടാക്കും. മാതാവിനും പിതാവിനും ഏതു സമയത്താണോ പ്രമേഹം ഉണ്ടായത് ഏകദേശം അതേ സമയത്ത് മക്കൾക്കും രോഗം വരാം. മാതാപിതാക്കൾക്ക് പ്രമേഹം ഏതു രീതിയിലാണോ ബാധിച്ചത് അതുപോലെതന്നെയാണ് മക്കളെയും ബാധിക്കുക. മാതാപിതാക്കൾക്ക് പ്രമേഹം കിഡ്നിയെ ബാധിച്ചാൽ മക്കൾക്കും അതിനു സാധ്യത ഏറെയാണ്. അത് എല്ലാകാര്യത്തിലും അങ്ങനെതന്നെയാണ്.
പ്രമേഹംകൊണ്ടുള്ള സങ്കീർണതകൾ വളരെ വലുതാണ്. ദാഹം കൂടുന്നതും ധാരാളമായി മൂത്രമൊഴിക്കാൻ തോന്നുന്നതും ക്ഷീണം തോന്നുന്നതും രോഗത്തിന്റെ ഹ്രസ്വകാല ലക്ഷണങ്ങളാണ്. എന്നാൽ, ദീർഘകാല ലക്ഷണങ്ങളാണ് കൂടുതൽ അപകടകാരി. രക്തക്കുഴലുകളിലെ പഞ്ചസാരയുടെ അളവ് നിരന്തരമായി സാധാരണ നിലയിൽനിന്ന് അധികരിക്കുമ്പോൾ ശരീരത്തിലെ എല്ലാ കോശങ്ങളെയും എല്ലാ അവയവങ്ങളെയും ഇത് ബാധിക്കുന്നു. അതുകൊണ്ട് പ്രമേഹത്തെ നിശ്ശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗിയായ വ്യക്തി ഒരു നേരം മരുന്നു കഴിച്ചില്ലെങ്കിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.
എന്നാൽ, കാലക്രമേണ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാകും. ശരീരത്തിന്റെ ഒരൊറ്റ അവയവംപോലും പ്രമേഹം ബാധിക്കാത്തതായില്ല. കിഡ്നിയെ ബാധിച്ചാൽ ഡയബറ്റിക് നെഫ്രോപ്പതി എന്നും കണ്ണിനെ ബാധിച്ചാൽ റെറ്റിനോപ്പതിയെന്നും ഞരമ്പുകളെ ബാധിച്ചാൽ ന്യൂറോപ്പതി എന്നും പറയും. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലുള്ള പഞ്ചസാരയുടെ അസന്തുലിതാവസ്ഥയാണ് യഥാർഥത്തിൽ ബ്ലോക്കായും തലച്ചോറിൽ അത് സ്ട്രോക്കായും മാറുന്നത്. ശരീരത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളുടെയെല്ലാം മൂലകാരണം പ്രമേഹംതന്നെയാണ്.
അസ്വാഭാവികമായുള്ള രക്തപ്രവാഹം കാലക്രമേണ രക്തക്കുഴലുകളിൽ ഉണ്ടാകുമ്പോൾ രക്തക്കുഴലുകളുടെ ഉൾഭാഗത്തെ ഭിത്തിക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇത് സ്വാഭാവികമായ രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. അസന്തുലിതമായി നിൽക്കുന്ന പ്രമേഹത്തിന്റെ അളവാണ് ഈ രക്തക്കുഴലുകൾക്ക് കേടുപാട് ഉണ്ടാക്കുന്നത്. പ്രമേയം ബാധിച്ചവർക്കുണ്ടായ മുറിവ് ഉണങ്ങാൻ പ്രയാസം നേരിടാൻ കാരണം കോശങ്ങൾ നിർജീവമായതിനാൽ അവിടെയുള്ള ബാക്ടീരിയകൾ സജീവമാവുകയും അവർക്ക് വേണ്ട കൂടുതൽ ഷുഗർ ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുമ്പോഴാണ്.
പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ. ശരീരകോശങ്ങളിലേക്ക് ഗ്ലൂക്കോസുകൾ വേണ്ട അളവിൽ എത്തിക്കുക എന്നതാണ് ഇൻസുലിന്റെ ധർമം. ഇൻസുലിന്റെ അളവ് കുറയുന്നതോടെ കോശങ്ങൾ നശിച്ചുതുടങ്ങും. അതോടെ രക്തത്തിൽ ഷുഗർ കെട്ടിക്കിടക്കും. രക്തത്തിലെ പ്രോട്ടീൻ, വിറ്റമിൻ തുടങ്ങിയവയെല്ലാം കോശങ്ങൾക്ക് ഉപയോഗിക്കാൻ പാകപ്പെടുത്തുന്ന ഇൻസുലിന്റെ അഭാവം കാലക്രമേണ കോശങ്ങളുടെ എണ്ണം കുറക്കാൻ കാരണമാകും.
അതിവിദൂരമല്ലാത്ത ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ജനിതകഘടനയിൽ മാറ്റം വരുത്തി പ്രമേഹത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്നാണ് ആരോഗ്യരംഗം പ്രതീക്ഷിക്കുന്നത്. ക്രോമസോമിന്റെ കോഡിങ്ങിൽ മാറ്റം വരുത്തിയും പാൻക്രിയാറ്റിക് ട്രാൻസ് പ്ലാന്റേഷനിലൂടെയും ഇത് സാധ്യമായേക്കും. രോഗം വന്നിട്ട് ഇത്തരം ചികിത്സാരീതികൾക്ക് പിന്നാലെയോടുന്നതിന് പകരം തുടക്കംമുതലേ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
ശരീരത്തിൽനിന്ന് പൂർണമായും പ്രമേഹത്തെ എടുത്തുകളയുക എന്നതിലപ്പുറം പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. വിവിധ മാർഗങ്ങളിലൂടെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാം.
ഷുഗറിന്റെ അളവ് കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കാനും വേണ്ടവിധം വ്യായാമം ചെയ്യാനും കഴിഞ്ഞാൽ ഷുഗറിന്റെ അളവ് ഒരു പരിധിവരെ നിയന്ത്രിക്കാനാവും. ഭക്ഷണമാണ് ഏറ്റവും മികച്ച ഔഷധം എന്ന് നാം പറയാറുണ്ട്. എന്നാൽ, പ്രമേഹത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും മലയാളികളുടെ പ്രമേഹത്തിന്റെ പ്രധാന വില്ലൻ നാം കഴിക്കുന്ന ഭക്ഷണംതന്നെയാണ്. വളരെയധികം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് പ്രധാന വില്ലൻ.
പ്രമേഹമുള്ള വ്യക്തികൾ അരിഭക്ഷണത്തിന്റെ അളവും മധുരമടങ്ങിയ ഭക്ഷണങ്ങളും പരമാവധി കുറക്കണം. പകരം ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ ചെറുധാന്യങ്ങൾ (മില്ലറ്റ്സ്) അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നത് വളരെ ഫലപ്രദമായ ഒരു മാർഗമാണ്. റാഗി, ചാമ, തെന, ബജ്റ, ഓട്സ് തുടങ്ങിയ ചെറുധാന്യങ്ങൾ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണെങ്കിലും അവ രക്തത്തിലേക്ക് സാവധാനത്തിൽ മാത്രമേ റിലീസ് ചെയ്യൂ എന്നതിനാൽ ഇവ ഏറെ ഫലപ്രദമാണ്. ഇത്തരം ഭക്ഷണങ്ങൾ രുചി നൽകുന്നതോടൊപ്പം ആരോഗ്യത്തിന് ഏറെ ഗുണപ്രദവുമായിരിക്കും.
ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രിക്കാനായില്ലെങ്കിൽ വിവിധ തരത്തിലുള്ള ഓറൽ ടാബ്ലറ്റ് നമ്മൾ ഉപയോഗിക്കും. പാൻക്രിയാസിന്റെ കോശങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നവ, ഇൻസുലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നവ തുടങ്ങി വിവിധ തരത്തിലുള്ള ഗുളികകളാണ് ഓരോരുത്തർക്കും നൽകുക.
ഗുളികകൾക്കും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിലാണ് നമ്മൾ ഇൻസുലിൻ ഉപയോഗിക്കുക. ഡോക്ടർ നിർദേശിക്കുന്ന ഷോർട്ട് ആക്ടിങ്ങോ ലോങ് ആക്ടിങ്ങോ ആയിട്ടുള്ള ഇൻസുലിനുകൾ ഇന്ന് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.