ക്ഷയരോഗ നിർമാർജനം; മൃഗങ്ങളിലെ ക്ഷയരോഗനിയന്ത്രണം അനിവാര്യം, വേണം കാര്യക്ഷമമായ ഇടപെടൽ

‘കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ഉൾപ്പെടെ മൃഗങ്ങൾ കൂട്ടമായി ചാകാൻ തുടങ്ങിയതോടെയാണ് അവയുടെ സാമ്പിളുകൾ ജില്ലയിലെ തന്നെ പാലോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിൽ (State Institute For Animal Diseases-siad) പരിശോധനയ്ക്ക് അയച്ചത്. ആന്തരിക അവയവ പരിശോധയിൽ ട്യൂബർകുലോസിസ് (ക്ഷയം) ആണെന്ന് സ്ഥിരീകരിച്ചു.

തുടർന്ന് ക്ഷയരോഗം ജനങ്ങളിലേക്കും മറ്റ് മൃഗങ്ങളിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധയോടെ നടപടികൾ കൈക്കൊള്ളണമെന്നും സിയാഡിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, മൃഗശാലാ ഡയറക്ടർക്ക് കത്തിലൂടെ മുന്നറിയിപ്പും നൽകി. പിന്നാലെ സിയാഡിലെ വിദഗ്ധ സംഘം മൃഗശാല സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു.

സംഭവം ഗൗരവത്തോടെ നിരീക്ഷിക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും അറിയിച്ചു. 5 വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 3 കടുവകൾ ഉൾപ്പെടെ 422 മൃഗങ്ങളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 54 കൃഷ്ണമൃഗങ്ങൾ, 42 പുള്ളിമാൻ, 3 ഇഗ്വാനകൾ, കാട്ടുപോത്തുകൾ, വിവിധ ഇനത്തിൽപെട്ട 24 പക്ഷികൾ, 2 പ്രത്യേകയിനം തത്തകൾ, അനാക്കോണ്ട എന്നിവ ഉൾപ്പെടെ 126 മൃഗങ്ങളാണ് ചത്തത്’- 2023 ജനുവരിയിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ മൃഗശാലയിൽ മൃഗങ്ങൾ കൂട്ടത്തോടെ ചത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തയാണിത്.


മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കും പലവിധ രോഗങ്ങൾ പകരാനുള്ള സാധ്യത ഏറിവരുന്ന കാലമാണ്. കോവിഡും ക്ഷയരോഗവുമെല്ലാം ഇതില്‍ ചിലതുമാത്രം. അതിനിടെ പുറത്തുവന്ന ഈ വാർത്ത സമൂഹത്തിൽ ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. കോവിഡിന്‍റെ പശ്ചാതലത്തിൽ മൃഗശാലയിലെ സംഭവം വിരൽ ചൂണ്ടുന്നത് ഈ വിഷയത്തിലും അതി ജാഗ്രത വേണമെന്നതിലേക്കാണ്.


സൂണോട്ടിക് ഡിസീസ്

(zoonotic diseases)

മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും പുതുതായി ഉയർന്നുവരുന്ന പകർച്ച വ്യാധികളിൽ (emerging zoonotic diseases) 75 ശതമാനവും ജന്തുജന്യ രോഗങ്ങളാണത്രെ. ഇത്തരം രോഗങ്ങളില്‍ പലതും മൃഗങ്ങളെ രോഗികളാക്കില്ല, പക്ഷേ മനുഷ്യരെ രോഗികളാക്കാനുള്ള സാധ്യത ഏറെയാണ്. ചില രോഗങ്ങള്‍ മരണകാരണവും. വർഷംതോറും 250 കോടി പേരിൽ ജന്തുജന്യരോഗങ്ങൾ കാണപ്പെടുകയും ഇവരിൽ 27 ലക്ഷം പേർ മരിക്കുകയും ചെയ്യുന്നു.

ആഗോള തലത്തിൽ 15 .8 ശതമാനം മരണങ്ങളും ജന്തുജന്യ രോഗങ്ങളാകുമ്പോൾ അവികസിത രാജ്യങ്ങളിൽ അത് 43.7 ശതമാനമാണ്. പുതുതായി ഉയർന്നു വരുന്ന ജന്തുജന്യ രോഗങ്ങളാണ് (emerging zoonotic diseases) അടുത്ത കാലത്തായി വളരെ വിനാശകരമായ പകർച്ച വ്യാധികൾക്കു കാരണമായിക്കൊണ്ടിരിക്കുന്നത്. മനുഷ്യരിൽ മാത്രം കാണപ്പെടുന്ന വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാർസ്, മെർസ്, എബോള, നിപാ തുടങ്ങിയ മഹാമാരികൾ എല്ലാം തന്നെയും മൃഗജന്യരോഗങ്ങളാണ്. ചില രോഗങ്ങൾ കീടങ്ങൾ വഴിയാണ് മനുഷ്യരിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും ((Vector Born Diseases) ) വിളിക്കുന്നു.

ജന്തുജന്യ ടിബികൾ പലതരം

മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമാണ് ക്ഷയം. മൈക്കോബാക്ടീരിയം ബോവിസ് (Mycobacterium bovis (Bovine Tuberculosis)) എന്ന ബാക്ടീരിയ അണുക്കളാണ് മൃഗങ്ങളില്‍ രോഗമുണ്ടാക്കുന്നത്. ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ മുന്‍കരുതല്‍ എടുക്കാനും രോഗം പകരാതിരിക്കാനും പരിധിവരേ സാധിക്കും.

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ആകെ ക്ഷയ രോഗികളുടെ നിരക്കിൽ ഏകദേശം 10 ശതമാനം മൈക്കോബാക്ടീരിയം ബോവിസ് കൊണ്ടുവരുന്നവയാണെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. കന്നുകാലികളാണ് പ്രധാന രോഗവാഹകർ. നായ്, പന്നികൾ, മറ്റ് സസ്തനികൾ (Cattle, dogs and swine,other mammaels) എന്നിവയിലും രോഗം കാണാറുണ്ട്.

മൈക്കോ ബാക്ടീരിയം ഏവിയം കോംപ്ലക്സ് ( M.avium complex (MAC)) ആണ് മറ്റൊന്ന്. മൈക്കോബാക്ടീരിയം ഏവിയം പാരാട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്. പക്ഷികളാണ് പ്രധാന രോഗ വാഹകർ. പന്നികൾ, ആടുകൾ, മറ്റ് സസ്തനികൾ എന്നിവയിലാണ് കാണപ്പെടുന്നത്. അപൂർവ്വമാണെങ്കിലും മനുഷ്യരിലേക്ക് പകരാറുണ്ട്.


ജന്തുജന്യ ക്ഷയരോഗവും കണക്കുകളും

ലോകാരോഗ്യ സംഘടനയുടെ 2017ലെ കണക്കുപ്രകാരം വർഷവും 140,000-ത്തിലധികം ആളുകൾ രോഗബാധിതരാകുകയും 12,000-ത്തിലധികം ആളുകൾക്ക് ജന്തുജന്യ ടിബി മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് കൂടുതലും ആഫ്രിക്കൻ, തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലകളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ICMR-ന്റെ ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസ് (NIRT) 2015-2019 കാലയളവിൽ സജീവ രോഗ ലക്ഷണങ്ങളുള്ള 167 കന്നുകാലികളിൽ നടത്തിയ പരിശോധനയിൽ 21 എണ്ണത്തിന് ഇൻട്രാഡെർമൽ ടെസ്റ്റുകളിൽ ടിബി പോസിറ്റീവ് ആയിരുന്നു.

ഇന്ത്യയിലെ മൃഗജന്യമായ ക്ഷയരോഗത്തിന്റെ വ്യാപ്തി 7.3 ശതമാനമാണെന്നാണ് 2018 ലെ ഒരു പഠനം പറയുന്നത്. കന്നുകാലി വളർത്തലിൽ ലോകത്ത് മുൻനിരയിലുള്ള ഇന്ത്യയിൽ ഏതാണ്ട് രണ്ട് കോടിയിലധികം കന്നുകാലികൾ മൈക്കോബാക്ടീരിയം ബോവിസ് ബാധിതയുണ്ടെന്നും മറ്റൊരു പഠനം കണ്ടെത്തിയിരുന്നു.

മനുഷ്യർക്കും പകരാം എന്നുള്ളതാണ് കന്നുകാലികളിലെ ക്ഷയരോഗത്തെ അപകടകാരിയാക്കുന്നത്. മൃഗങ്ങൾ വഴിയുണ്ടാകുന്ന രോഗനിയന്ത്രണത്തിന് കർശനമായ നടപടികൾ എടുത്തില്ലെങ്കിൽ സൂനോട്ടിക്ക് ടിബി (Zoonotic- (A zoonosis is an infectious disease that has jumped from a non-human animal to humans) ഭീഷണിയായേക്കാം എന്നാണ് തിരുവനന്തപുരം മൃഗശാലയിലുണ്ടായ സംഭവം സൂചിപ്പിക്കുന്നത്.

ബൊവൈൻ ടിബി

(Bovine Tuberculosis)

മനുഷ്യരിലെ ക്ഷയരോഗത്തിന്റെ പ്രധാന കാരണം മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ്. കന്നുകാലികളെയും ഇതര വളർത്തു മൃഗങ്ങളെയും ബാധിക്കുന്ന ബൊവൈൻ ടിബിക്ക് കാരണമാകുന്നതും മൈക്കോബാക്ടീരിയം ഇനത്തിൽ പെട്ട ബാക്ടീരിയകളാണ്.

എന്നാൽ മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന ബൊവൈൻ ടിബിയുമായി ബന്ധപ്പെട്ട് (Bovine TB) പലരും അജ്ഞരാണ്. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാവുന്നതുകൊണ്ടുതന്നെയാണ് ബൊവൈൻ ടിബിയെ ജന്തുജന്യരോഗമായി കണക്കാക്കുന്നതും പൊതുജനാരോഗ്യപ്രശ്നമായി കാണുന്നതും. 1881ലാണ് റോബര്‍ട്ട് കോച്ച് എന്ന ശാസ്ത്രജ്ഞന്‍, രോഗം പകര്‍ത്തുന്നത് 'ട്യൂബര്‍ക്കിള്‍ ബാസിലസ്' ആണെന്ന് കണ്ടുപിടിച്ചത്. 1898ല്‍ ബാക്ടീരിയ മൈക്കോബാക്ടീരിയം ബോവിസ് ആണെന്ന് തിരിച്ചറിഞ്ഞു. വന്യമൃഗങ്ങളിലും ഈ അസുഖം കണ്ടുവരുന്നു.


ബൊവൈൻ ടിബിയും മൃഗങ്ങളിലെ രോഗ ലക്ഷണങ്ങളും

● ക്ഷീണം

● ശരീരം ശോഷിക്കൽ

● തീറ്റയെടുക്കാനുള്ള വിമുഖത

● ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകൾ

● കഴലകളുടെ വീക്കം

● തൂക്കം കുറയുക

● ഇടവിട്ടിട്ടുള്ള ചുമ, ക്രമത്തിലല്ലാത്ത പനി

● ഭക്ഷണക്കുറവ്

● പാലുല്‍പ്പാദനം വളരെ കുറയുക

ബൊവൈൻ ടിബിയും രോഗവ്യാപനവും

● ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്ഷയരോഗം അസുഖബാധിതരായ മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗാണുക്കളാൽ മലിനമായ ഭക്ഷ്യ വസ്തുക്കൾ കഴിക്കുന്നതിലൂടെയോ ഉണ്ടാകാം.

● ശ്വസനം, ഭക്ഷണം, സാമീപ്യം എന്നിവയിലൂടെ പകരാം

● അസുഖംബാധിച്ച മൃഗങ്ങളുടെ (വന്യമൃഗങ്ങളടക്കം) വിസര്‍ജ്യം, മൂത്രം, കഫം, രക്തം എന്നിവയിലടങ്ങിയ അണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ കൊല്ലങ്ങളോളം ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും രോഗം പകര്‍ത്തുകയും ചെയ്യും.

● ശ്വസനംവഴിയാണെങ്കില്‍ അണുക്കള്‍ ശ്വാസകോശത്തില്‍ പെരുകുകയും നോഡ്യൂളുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കരള്‍, കിഡ്നി, സ്പ്ളീന്‍ എന്നിവയിലേക്ക് പകരുകയും ചെയ്യുന്നു.

● അണുബാധയേറ്റ തീറ്റ-വെള്ള പാത്രങ്ങള്‍, മേച്ചില്‍സ്ഥലങ്ങള്‍, ജലാശയം എന്നിവയില്‍ക്കൂടി.

● ശ്വാസോച്ഛ്വാസംവഴി അണുക്കള്‍ അന്തരീക്ഷത്തില്‍ കടന്ന് മറ്റു മൃഗങ്ങളിലേക്ക് പകര്‍ത്തുന്നു.

● അസുഖബാധിതരായ മൃഗങ്ങൾ ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന സ്രവം ശ്വസിക്കുന്നതിലൂടെ അതിവേഗം അസുഖം പടരുന്നു.

● രോഗിയായ പശുവിന്റെ പാൽ തിളപ്പിക്കാതെ കുടിക്കുന്നത് മനുഷ്യരിൽ ഈ രോഗം പിടിപെടാൻ കാരണമാകും. -അറവുശാലകളിലും മറ്റും അസുഖബാധിതരായ മൃഗങ്ങളുടെ മാംസവും മറ്റും കൈകാര്യം ചെയ്യുമ്പോഴും അസുഖം വരാൻ സാധ്യതയുണ്ട്.

● രോഗിയായ പശു ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ വർഷങ്ങളോളം വാഹകരായി നിലനിൽക്കാൻ സാധ്യതയുണ്ട്. ഇത് വഴി കൂടെയുള്ള മറ്റു പശുക്കൾക്കും അസുഖം പകരുന്നു.

● രോഗബാധിതരായ കന്നുകാലികളുടെ പാലും പാലുൽപന്നങ്ങളും മാംസവും നന്നായി പാകപ്പെടുത്താതെ കഴിക്കുന്നതാണ് പ്രധാനമായും രോഗം മനുഷ്യരിലേക്ക് പകരാൻ ഇടയാക്കുന്നത്.

● രോഗം ബാധിച്ച മൃഗത്തിന് ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ, ഇടതടവില്ലാതെയുള്ള ചുമ, വയറിളക്കം, ലിംഫ് നോഡുകൾ വലുതാവുക എന്നീ ലക്ഷണങ്ങൾ പ്രകടമാകാം.


രോഗ നിർണയം

● മറ്റു അസുഖങ്ങളെപ്പോലെ ഒരു പ്രത്യേക ലക്ഷണം കാണിക്കാത്തതിനാൽ ക്ഷയരോഗം തുടക്കത്തിൽ തിരിച്ചറിയുക പ്രയാസമാണ്.

● ട്യൂബെർക്കുലിൻ സ്കിൻ ടെസ്റ്റ് (Tuberculin Skin Testing) എന്ന തൊലിക്കടിയിൽ കുത്തിവയ്പ്പെടുക്കുന്ന പരിശോധനയിലൂടെ രോഗനിർണയം നടത്താവുന്നതാണ്. അതോടൊപ്പം ബാക്റ്റീരിയ കൾച്ചർ (Bacteria Culture Test), പോലെയുള്ള ഇതര രക്ത പരിശോധനകളിലൂടെയും അസുഖം കണ്ടെത്താം. ഏറ്റവും കുറഞ്ഞത് എട്ട് ആഴ്ച എടുക്കും പരിശോധനാഫലം ലഭിക്കാൻ. അതുകൊണ്ട് തന്നെ കന്നുകാലികളിൽ പതിവായി പരിശോധന നടത്തുന്നത് പ്രായോഗികമല്ല.

● ഹിസ്റ്റോ പാത്തോളജി, എലീസ, മോളിക്യൂലർ ഡയഗ്നോസിസ് (histopathology, elisa, molecular diagnosis, culture) എന്നിവയിലൂടെയും രോഗ നിർണയം നടത്താം.

● മൃഗങ്ങളിലെ ക്ഷയരോഗചികിത്സ മനുഷ്യരുടേതിനു സമാനമാണെങ്കിലും നല്ല ചെലവു വരുമെന്നതും ഏറെനാളത്തെ ചികിത്സ വേണമെന്നതും കൊണ്ട് പ്രായോഗികമല്ല.

ബൊവൈൻ ടിബി എങ്ങനെ തടയാം..

● അറവുശാലകളിലെ ശാസ്ത്രീയമായ മാംസനിരീക്ഷണം (Post mortem inspection) വഴിയായി രോഗം കണ്ടുപിടിക്കാനും രോഗപകർച്ച തടയുവാനും സാധിക്കും.

● മൃഗത്തിന് രോഗബാധയുണ്ടെന്നു കണ്ടാൽ ആ മാംസം ഉപയോഗിക്കുവാൻ പാടില്ല.

● പാസ്ചറൈസ് ചെയ്ത പാലുൽപന്നങ്ങൾ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.

● ഷേക്കുകളിലും മറ്റും തിളപ്പിക്കാത്ത പാൽ ചേർക്കുന്നതും കറന്നയുടനേ ഇളംചൂടു പാൽ കുടിക്കുന്ന ശീലവും ഒഴിവാക്കണം

● നന്നായി വേവിച്ച മാംസം മാത്രം ഉപയോഗിക്കുക

● കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ ശ്വാസകോശം, പ്ലീഹ, കരൾ, കുടൽ മുതലായ ആന്തരികാവയവങ്ങൾ പരിശോധിക്കുന്നതും രോഗനിർണയത്തിന് ഉപകരിക്കും. മേൽപ്പറഞ്ഞ അവയവങ്ങളിൽ മുഴകളോ കുരുക്കളോ പ്രകടമാണെങ്കിൽ ക്ഷയരോഗത്തെ സംശയിക്കാം. പരിശോധിച്ച ശേഷം അത്തരം മാംസം പൂർണമായി നശിപ്പിക്കേണ്ടതാണ്.

● ക്ഷീരകർഷകർ, കശാപ്പുശാലകളിലെ ജീവനക്കാർ, വെറ്ററിനറി ഡോക്ടർമാർ തുടങ്ങിയവർക്ക് ജന്തുജന്യമായി ക്ഷയരോഗം വരാനുള്ള സാധ്യതകൾ കൂടുതലാണ് എന്നതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.

● വന്യമൃഗങ്ങള്‍, അവയുടെ വിസര്‍ജ്യങ്ങള്‍, മറ്റു സ്രവങ്ങള്‍ എന്നിവയുടെ സാമീപ്യം ഒഴിവാക്കുക.

● വളര്‍ത്തുമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലത്തുള്ള ജലാശയങ്ങളും, പുല്‍മേടകളിലും വന്യമൃഗങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക.

● രോഗബാധയേറ്റ മൃഗങ്ങളെ മാറ്റിപാര്‍പ്പിക്കണം, ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണം.

● അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളില്‍ ക്ഷയരോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം.

● തൊഴുത്തും പരിസരവും, തീറ്റ-വെള്ള പാത്രങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിവയ്ക്കണം.

● ചത്ത മൃഗങ്ങളില്‍ പോസ്റ്റ്മോര്‍ട്ടംചെയ്ത് ക്ഷയരോഗ സാധ്യത ഉണ്ടോ എന്ന് നിര്‍ണയിക്കണം.

● ക്ഷയരോഗമാണെന്നു സംശയമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടണം.


ചികിത്സ

ബൊവൈൻ ടിബി സാധാരണ ക്ഷയരോഗത്തിന്റേതിനോട് സമാനമായതുകൊണ്ട് നിലവിലുള്ള ഡോട്സ് പദ്ധതി തന്നെ ചികിത്സയ്ക്ക് മതിയാകും. ഡോട്സ് പ്രോഗ്രാമിലെ നാലു മരുന്നുകളിൽ ഒന്നായ പൈറസിനാമൈഡ് (Pyrazinamide) മൈക്കോബാക്ടീരിയം ബോവിസ് പ്രതിരോധിക്കുന്നതല്ലെങ്കിലും ബാക്കി മരുന്നുകൾ കൊണ്ട് ഫലപ്രദമായി ചികിത്സിച്ചു സുഖമാക്കാം.

മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്കും ടിബി

ആടുമാടുകളെയാണ് (Cattle, Buffalo, Goat) ബൊവൈൻ ടിബി പ്രധാനമായും ബാധിക്കുന്നതെങ്കിലും മനുഷ്യർ ഇണക്കി വളർത്തുന്നതും അല്ലാത്തതുമായ എല്ലാ സസ്തനികളെയും തന്നെ ഈ ക്ഷയരോഗം ബാധിക്കാറുണ്ട്. മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസിന്‍റെ പ്രധാന രോഗ വാഹകർ മനുഷ്യരാണ്. കുരങ്ങുകൾ, കന്നുകാലികൾ, നായ്, പന്നി, തത്ത (Man, nonhuman primates, cattle, dogs, swine and psittacines) എന്നിവയിലേക്കും മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് പകരാം.

കേരളത്തിൽ കാട്ടിലുള്ളതും നാട്ടിൽ വളർത്തുന്നതുമായ ആനകളിലും ക്ഷയരോഗം കണ്ടത്തിയിട്ടുണ്ട്. 2019ൽ കേരളത്തിൽ മനുഷ്യരില്‍നിന്ന് കാട്ടാനകളിലേക്ക് ക്ഷയരോഗം പകര്‍ന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. വയനാട് ജില്ലയിലെ മുത്തങ്ങ കാടുകളിലെ ആനകളിലാണ് ക്ഷയരോഗം പടര്‍ന്നതായി കണ്ടെത്തിയത്. ചരിഞ്ഞ മൂന്നു കാട്ടാനകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സംസ്ഥാന വനം-വന്യജീവി വകുപ്പിലെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍. മനുഷ്യരുമായി അടുത്തിടപഴകുന്ന മൃഗങ്ങളില്‍ മുമ്പും ക്ഷയം പകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. നാട്ടാനകളിലും ഇത്തരത്തില്‍ രോഗം ബാധിച്ചിട്ടുണ്ട്. എന്നാല്‍ കാട്ടാനകളില്‍ രോഗം സ്ഥിരീകരിച്ചത് ഗുരുതരപ്രശ്‌നമാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു കാട്ടാനകളുടെ ആവാസമേഖലയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തിന്റെ ഫലമാണ് രോഗപ്പകര്‍ച്ചയെന്ന് വിലയിരുത്തപ്പെടുന്നു.

ശ്രീലങ്കയില്‍ കാട്ടാനകളില്‍ ക്ഷയം നേരത്തേ സ്ഥിരീകരിച്ചിരുന്നു. മനുഷ്യരുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. കിതപ്പ്, ക്ഷീണം, തുമ്പിക്കൈയില്‍നിന്ന് നീരൊലിപ്പ്, ശരീരഭാരം കുറയല്‍ എന്നിവയാണ് ആനകളില്‍ രോഗം ബാധിച്ചാലുള്ള ലക്ഷണങ്ങള്‍. 18-20 വയസ്സ് വരെയുള്ള ആനകളിലാണ് കൂടുതലായി രോഗം കാണാറുള്ളത്. ക്ഷയരോഗമുള്ള പാപ്പാന്‍മാരില്‍ നിന്നായിരുന്നു ആനകള്‍ക്ക് രോഗം പകര്‍ന്നിരുന്നത്.


പാരാട്യൂബര്‍ക്കുലോസിസ്

ആടുകളില്‍ ബാക്ടീരിയ പടര്‍ത്തുന്ന സാംക്രമികരോഗമാണ് പാരാട്യൂബര്‍ക്കുലോസിസ്. മൈക്കോബാക്ടീരിയം ഏവിയം പാരാട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്. ഇന്ത്യയില്‍ ചെമ്മരിയാടുകളിലാണ് ഈ രോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

പശുക്കളില്‍ കറവപ്പശുക്കളിലാണ് ഉയര്‍ന്ന രോഗസാധ്യത. ആടുകളിലും ഉയര്‍ന്ന രോഗസാധ്യതയുണ്ട്. കുതിരകളിലും, പന്നികളിലും എന്തിന് മുയലുകളില്‍ അടക്കം രോഗം കണ്ടെത്തിയിട്ടുണ്ട്.മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന ക്ഷയം അഥവാ ട്യൂബര്‍ക്കുലോസിസ് രോഗത്തോട് ലക്ഷണങ്ങളില്‍ സമാനതയുള്ളതിനാലാണ് പാരാട്യൂബര്‍ക്കുലോസിസ് എന്ന പേര് ഈ രോഗത്തിന് ലഭിച്ചത്. ജോണീസ് ഡിസീസ് എന്നറിയപ്പെടുന്നതും പാരാട്യൂബര്‍ക്കുലോസിസ് തന്നെയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള ഒരു ജന്തുജന്യരോഗമാണിത്.

പാരാട്യൂബര്‍ക്കുലോസിസ് രോഗാണുക്കള്‍

രോഗബാധയേറ്റ മൃഗങ്ങള്‍ വിസര്‍ജ്ജ്യങ്ങളിലൂടെയും ശരീരസ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. പ്രതികൂലകാലാവസ്ഥയെയും അണുനാശിനികളെയുമെല്ലാം അതിജീവിച്ച് ദീര്‍ഘകാലം രോഗാണുമലിനമായ പരിസരങ്ങളില്‍ നിലനില്‍ക്കാനുള്ള ശേഷി പാരാട്യൂബര്‍ക്കുലോസിസ് രോഗാണുക്കള്‍ക്കുണ്ട്. രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റ് മൃഗങ്ങള്‍ക്ക് പ്രധാനമായും രോഗബാധയുണ്ടാവുന്നത്.

രോഗബാധയേറ്റ പശുക്കളുടെയും ആടുകളുടെയും പാല്‍ കുടിക്കുന്നതിലൂടെ അവയുടെ കുഞ്ഞുങ്ങള്‍ക്കും അണുബാധയേല്‍ക്കും. രോഗബാധയേറ്റ മുട്ടനാടുകളെ ബ്രീഡിങിന് ഉപയോഗിക്കുന്നതിലൂടെ പെണ്ണാടുകള്‍ക്കും രോഗം പകരും. ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന രോഗാണുക്കള്‍ ചെറുകുടലില്‍ നിന്നുള്ള പോഷകാഗിരണത്തെ തടസ്സപ്പെടുത്തും. അതോടെ രോഗബാധയേറ്റ മൃഗങ്ങള്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. മാത്രമല്ല, അവയുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനും ഇടയാക്കും.



പാരാട്യൂബര്‍ക്കുലോസിസ് ലക്ഷണങ്ങള്‍

● ആടുകളും പശുക്കളും തീറ്റ നന്നായി കഴിക്കുമെങ്കിലും ക്രമേണയുള്ള മെലിച്ചില്‍, ഭാരക്കുറവ്.

● പശുക്കളില്‍ ക്രമേണ ആരംഭിക്കുന്നതും നീണ്ടുനില്‍ക്കുന്നതും തീവ്രവുമായ വയറിളക്കം, ആടുകളില്‍ ഇടവിട്ടുള്ള വയറിളക്കം

● ആന്റിബയോട്ടിക്, വിരമരുന്നുകള്‍ തുടങ്ങിയ ചികിത്സകള്‍ നല്‍കിയിട്ടും മെലിച്ചില്‍, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ വിട്ടുമാറാതിരിക്കല്‍

● പാലുല്‍പ്പാദനത്തില്‍ ക്രമേണയുള്ള കുറവ്

● രോമം കൊഴിച്ചില്‍, മേനിയുടെ നിറം മങ്ങല്‍

● താടയില്‍ വീക്കം, വിളര്‍ച്ച , ചെറിയ പനി

● ശരീരക്ഷീണം, ഉന്മേഷക്കുറവ്, തളര്‍ച്ച

● കുറഞ്ഞ ജനനതൂക്കവും മുരടിച്ച വളര്‍ച്ചയുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനം

● പ്രത്യുല്‍പ്പാദനക്ഷമത കുറയല്‍, വന്ധ്യത

(പശുക്കളിലും ആടുകളിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാരാട്യൂബര്‍കുലോസിസ് സംശയിക്കാവുന്നതാണ്. ലക്ഷണങ്ങളില്‍ വിവിധ രോഗങ്ങളുമായി സമാനതയുള്ളതിനാല്‍ ശാസ്ത്രീയ രോഗനിര്‍ണ്ണയത്തിന് പി.സി.ആര്‍., എലീസ അടക്കമുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ വേണ്ടതുണ്ട്)

പാരാട്യൂബര്‍കുലോസിസ്- ചികിത്സകളൊന്നും ഫലപ്രദമല്ല

മരുന്നുകളിലൂടെയും ചികിത്സയിലൂടെയും പാരാട്യൂബര്‍കുലോസിസ് നിയന്ത്രണം അതീവദുഷ്‌കരമാണ്. രോഗനിയന്ത്രണത്തിനോ നിവാരണത്തിനോ സഹായിക്കുന്ന ഫലപ്രദമായ ചികിത്സകളോ മരുന്നുകളോ നിലവില്‍ ലഭ്യമല്ല. ഒരിക്കല്‍ പാരാട്യൂബര്‍കുലോസിസ് ബാധയേറ്റാല്‍ മൃഗങ്ങളുടെ ശരീരത്തില്‍ ജീവിതകാലം മുഴുവനും രോഗാണുക്കള്‍ വിഘടിച്ചു പെരുകും. ഇങ്ങനെയുണ്ടാവുന്ന രോഗാണുക്കള്‍ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയുമെല്ലാം നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കും.

മാത്രമല്ല, മണ്ണില്‍ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള ശേഷിയും പാരാട്യൂബര്‍കുലോസിസ് ബാക്ടീരിയകള്‍ക്കുണ്ട്. രോഗബാധയുള്ള മൃഗങ്ങളെ ശാസ്ത്രീയ പരിശോധനകള്‍ വഴി കണ്ടെത്തി നശിപ്പിക്കുകയോ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചു പരിചരിക്കുകയോ ചെയ്യണമെന്നാണ് രോഗനിയന്ത്രണം സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം. രോഗം ഭേദമാവാന്‍ സാധ്യതയില്ലാത്തതിനാലും മനുഷ്യരിലേക്കും മറ്റ് മൃഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാലും രോഗബാധയേറ്റവയെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ദീര്‍ഘകാലം പരിചരിക്കേണ്ടി വരുന്നത് ശ്രമകരവും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമാണ്.

ഈ സാഹചര്യത്തില്‍ പരിശോധനയിലൂടെ പാരാട്യൂബര്‍കുലോസിസ് രോഗം കണ്ടെത്തിയ മൃഗങ്ങളെ ദയാവധം നടത്തി സുരക്ഷിതമായി സംസ്‌കരിക്കുകയാണ് ഏറ്റവും ഫലപ്രദമായ നിയന്ത്രണമാര്‍ഗ്ഗം. ലോകമൃഗാരോഗ്യസംഘടന നിര്‍ദേശിക്കുന്ന നിയന്ത്രണമാര്‍ഗവും ഇത് തന്നെയാണ്.


രോഗം തടയാന്‍ വാക്സിന്‍

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ ഉത്തര്‍പ്രദേശിലെ മഖ്ദൂമില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ആട് ഗവേഷണ കേന്ദ്രം പാരാട്യൂബര്‍കുലോസിസ് രോഗം തടയാന്‍ ഫലപ്രദമായ വാക്സിന്‍ വികസിപ്പിച്ചിട്ടുണ്ട്. മൂന്ന് മാസം പ്രായമെത്തിയ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കും പശുക്കിടാങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാം.

ജീവിതകാലം മുഴുവനും പ്രതിരോധശേഷി നല്‍കാന്‍ ഒറ്റ തവണ നല്‍കുന്ന വാക്സിന് സാധിക്കും. രോഗം വരാതെ പ്രതിരോധിക്കുന്നതിന് മാത്രമല്ല, രോഗം കണ്ടെത്തിയ മൃഗങ്ങളില്‍ രോഗനിവാരണത്തിനായും വാക്‌സിന്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബയോവെറ്റ് ലിമിറ്റഡ് എന്ന വാക്സിന്‍ നിര്‍മാണസ്ഥാപനം പാരാട്യൂബര്‍ക്കുലോസിസ് പ്രതിരോധവാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.

20.5 ദശലക്ഷം ആളുകളുടെ ഉപജീവനമാർഗം കന്നുകാലിമേഖല

ഇന്ത്യയില്‍ ഏകദേശം 20.5 ദശലക്ഷം ആളുകള്‍ അവരുടെ ഉപജീവനത്തിനായി കന്നുകാലിമേഖലയെ ആശ്രയിക്കുന്നു. ചെറുകിട കര്‍ഷകരുടെ വരുമാനത്തിന്റെ 16 ശതമാനവും,ഗ്രാമീണ മേഖലയിലെ മൂന്നില്‍ രണ്ടുഭാഗം വരുന്ന ഗ്രാമീണ കര്‍ഷകരുടെ 14 ശതമാനം വരുമാനമാര്‍ഗ്ഗവും കന്നുകാലിമേഖലയില്‍ നിന്നുമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 8.8 ശതമാനം തൊഴില്‍ ഈ മേഖല പ്രദാനം ചെയ്യുന്നതോടൊപ്പം ഏകദേശം 1.69 ശതമാനം ഭൂമി എല്ലാ വിധത്തിലു മുള്ള കന്നുകാലിവളര്‍ത്തലിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടു്. ഇരുപതാമത് കന്നുകാലികണക്കെടുപ്പ് (2019) അനുസരിച്ച് രാജ്യത്തെ കന്നുകാലികളുടെ എണ്ണം 535.78 ദശലക്ഷം ആണ്.

ലോകത്തെ മൊത്തം പാല്‍ ഉല്പാദനത്തില്‍ 20.17 ശതമാനം സംഭാവനയുമായി ഇന്ത്യ ഏറ്റവും കൂടുതല്‍ പാല്‍ ഉല്പാദിപ്പിക്കുന്ന രാജ്യമായി തുടരുന്നു. ഇത്രയേറെ ജനങ്ങളുടെ ഉപജീവനമാർഗമായ കന്നുകാലി വളർത്തലും അനുബന്ധ മേഖലയിലും ബൊവൈൻ ടിബി പോലുള്ള അസുഖങ്ങളും ആശങ്കയും നിലനിന്നാൽ സാമൂഹികമായും സാമ്പത്തികമായും വൻ തിരിച്ചടിയാണ് നേരിടേണ്ടി വരിക. ഈ മേഖലയിൽ അതിശക്തമായ ബോധവത്കരണവും പ്രതിരോധ നടപടികളും ഊന്നിയുള്ള നടപടികളാണ് ശക്തമാക്കേണ്ടത്.

കേരളത്തിൽ മൃഗസംരക്ഷണ വകുപ്പ് മറ്റ് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സാംക്രമിക രോഗങ്ങള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള വിവിധ പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. കുളമ്പുരോഗ നിര്‍മ്മാര്‍ജ്ജന പരിപാടി, റാബീസ് ഫ്രീ കേരള, വാക്സിനേഷന്‍ പരിപാടി, എ.എസ്.സി.എ.ഡി പൗള്‍ട്രി വാക്സിനേഷന്‍ പരിപാടികള്‍ എന്നിവ വ്യവസ്ഥാപിതമായി നടപ്പിലാക്കി വരുന്നു.


ഏകാരോഗ്യ സംവിധാനം (one health)

ലോകത്തിലെ ജീവജാല ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ആശയമാണ് ഏകാരോഗ്യം. മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ ഇവ ഉള്‍പ്പെടുന്ന പരിസ്ഥിതി, ഇവ തമ്മിലുള്ള പരസ്പര ബോധം എന്നിവ തിരിച്ചറിഞ്ഞ് ജീവജാലങ്ങള്‍ക്കെല്ലാം അനുയോജ്യമായ ആരോഗ്യസ്ഥിതി കൈവരിക്കുക എന്നതാണ് ഏകാരോഗ്യം പദ്ധതിയുടെ ലക്ഷ്യം.

മൃഗാരോഗ്യവും മനുഷ്യാരോഗ്യവും പരസ്പര ബന്ധമുള്ളത് കൊണ്ട് ഏകലോകം ഏകാരോഗ്യം എന്ന സിദ്ധാന്തത്തിന് വളരെ പ്രസക്തി ഉണ്ട്. ഇന്ന് ലോകത്ത് രണ്ട് ചേരികളിൽ ഉള്ള ജനങ്ങൾ മാത്രമേ ഉള്ളു. കോവിഡ് ബാധിതരും അല്ലാത്ത വരും. ഇത് നമ്മെ പഠിപ്പിക്കുന്നത് ഇനിയും വരാനിരിക്കുന്ന മഹാമാരികൾ പലതും ജന്തുജന്യ രോഗങ്ങൾ ആവാം എന്നുള്ളതാണ്. മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷമാണുക്കളും തമ്മിലുള്ള സമഗ്ര പഠനത്തിന്റെ സമന്വയ ശാസ്ത്രമാണ് ഏകാരോഗ്യം.

സാർസും കോവിഡും ചൈനയിൽ ഉത്ഭവിച്ചത് വന്യമൃഗകമ്പോളങ്ങളിൽ (Wet markets) നിന്നായിരുന്നു എന്നാണ് പറയപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനവും രോഗാവിർഭാവത്തിനും രോഗവ്യാപനത്തിനും അനുകൂലസാഹചര്യമൊരുക്കുന്നു. ഇതെല്ലാം കണക്കിലെടുത്ത് കോവിഡ് അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിൽ മനുഷ്യരുടെ ആരോഗ്യം മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യവും ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ടുള്ള ‘ഏകലോകം, ഏകാരോഗ്യം’(One World One Health) എന്ന ആശയം ലോകമെമ്പാടും അംഗീകരിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

വർധിച്ചു വരുന്ന പകർച്ചവ്യാധികളും ആരോഗ്യപ്രശ്നങ്ങളും ആശങ്ക സൃഷ്ടിക്കുന്ന ഈ വേളയിലെങ്കിലും രോഗപ്രതിരോധത്തിനായി നമ്മൾ വിശാലമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യനും മൃഗങ്ങളും ഇവയുടെ ചുറ്റുപാടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഇവയിൽ ഒന്നിനെ അടർത്തി മാറ്റി വെച്ച് ചർച്ച ചെയ്യാവുന്ന ഒന്നല്ല ആരോഗ്യം.

ലോക ആരോഗ്യ സംഘടനയുടെ നിർവചനപ്രകാരം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആയ സുസ്ഥിതി (well-being) കൂടി ആണു ആരോഗ്യം ഇവിടെയാണ്‌ ‘One Health’ അഥവാ ‘ഏകാരോഗ്യ സമീപനം’ പ്രസക്തമാവുന്നത്. എന്നാൽ കേരളത്തിൽ നിലവിൽ ക്ഷയരോഗ നിയന്ത്രണത്തിനായി പൊതുജനാരോഗ്യവിദഗ്ധരും മൃഗാരോഗ്യവിദഗ്ധരും ചേർന്നുള്ള ഒരു ഏകാരോഗ്യ സമീപനം ഇല്ല എന്നതാണ് യാഥാർത്യം.


വേണം കാതലായ ഇടപെടലും കരുതലും

2025-ല്‍ സമ്പൂര്‍ണ ക്ഷയരോഗനിവാരണം എന്ന ലക്ഷ്യവുമായി മുന്നേറുന്ന സംസ്ഥാനത്തിന് ഏറെ പ്രതീക്ഷകളുണ്ട്. ഒപ്പം വെല്ലുവിളികളും. ക്ഷയരോഗനിർമാർജനവുമായി ബന്ധപ്പെട്ട് വളരെ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോഴും മൃഗങ്ങളിൽ നിന്ന് ടിബി മനുഷ്യരിലേക്ക് ബാധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിലും ഇനിയും അതീവ ഊന്നൽ നൽകേണ്ടതുണ്ട്.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ക്ഷയം പകരാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല. ടിബി എലിമിനേഷൻ പ്രോഗ്രാമുകൾക്കൊപ്പം ജന്തുജന്യ ടിബിയും നിർമാർജനം ചെയ്യാനുള്ള നടപടിയും പ്രധാനമാണ്. ദേശീയ-സംസ്ഥാന തലങ്ങളിൽ അതുമായി ബന്ധപ്പെട്ട് പുതിയ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്. അധികൃതർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്ര പുലർത്തേണ്ടിയിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.

കന്നുകാലി വളർത്തൽ, പരിപാലനം, വിപണനം തുടങ്ങി പല വിഷയങ്ങളിലും ശാസ്ത്രീയമായ രീതികൾ പിന്തുടരുന്നതിൽ ഇപ്പോഴും നമ്മൾ പുറകിലാണെന്നതാണ് യാഥാർത്യം. അറവുമൃഗത്തിന് രോഗപരിശോധന നടത്തുന്നതുൾപ്പെടെയുള്ള ശാസ്ത്രീയമായ കശാപ്പുരീതികൾ പിന്തുടരുന്ന അറവുശാലകൾ കേരളത്തിൽ കുറവാണ്. പ്രാകൃതമായ കശാപ്പാണ് പലയിടത്തും അനുവർത്തിക്കുന്നത്.

അണുബാധയും പകർച്ചവ്യാധികളും കണ്ടെത്താനായി നിയമാനുസൃതം അറവിനു മുൻപും പിൻപും നടത്തേണ്ട ആന്റിമോർട്ടം–പോസ്റ്റ് മോർട്ടം പരിശോധനകളും നടക്കുന്നില്ല. തന്മൂലം ക്ഷയരോഗബാധയുള്ള മൃഗമാണോ എന്നു തിരിച്ചറിയപ്പെടാതെ പോകാനും രോഗാണുവുള്ള മാംസം ആളുകളിലേക്ക് എത്താനും ഇടയുണ്ട്. സുരക്ഷാ മുൻകരുതലുകളൊന്നും പാലിക്കാതെ അശാസ്ത്രീയമായി കശാപ്പു നടത്തുമ്പോൾ അതു നടത്തുന്നവരിലേക്കു രോഗപ്പകർച്ചയ്ക്കുള്ള സാധ്യതയും കൂടുതലാണ്.

രോഗം ബാധിച്ച കന്നുകാലികളുടേയും ചത്ത മൃഗങ്ങളുടേയും ഇറച്ചിയും കുറഞ്ഞ വിലയ്ക്ക് അതിർത്തികൾ കടന്ന് കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും വിതരണം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലേക്കു വന്നാൽ ഗൗരവതരമായ ഇക്കാര്യങ്ങൾ തെളിവോടെ പിടിക്കപ്പെട്ടിട്ടും കാര്യക്ഷമമായ നടപടികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. സുനാമി ഇറച്ചിയെന്ന് വിളിക്കുന്ന ഇവ മരണത്തിന് വരെ കാരണമാക്കുന്നവയാണ്. മറ്റുപല അസുഖങ്ങൾക്കും ഇതുവഴിവെക്കും.

മൃഗങ്ങളിലെ ടിബി വീണ്ടും ആശങ്കയുണ്ടാക്കുന്ന ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കണമെന്നാണ് ആവശ്യം ശക്തമാണ്. ശീതീകരണ സംവിധാനമില്ലാത്ത തെര്‍മോക്കോള്‍ ബോക്‌സുകളിലാണ് കേരളത്തിലേക്ക് ഇറച്ചി കടത്തുന്നത്. പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇകോളി, സാല്‍മോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടര്‍ പോലുള്ള ബാക്ടീരിയകള്‍ അത്യന്തം അപകടകാരികളാണ്.

കേരളത്തിലെ 3.35 കോടി ജനങ്ങളില്‍ 90 ശതമാനവും നോണ്‍വെജ് ആണ്. ഇത്രയേറെ വരുന്ന ഭക്ഷ്യസാധ്യതയിലേക്കാണ് അലക്ഷ്യമായി അതിര്‍ത്തി കടന്ന് ആഹാരത്തിനുള്ള ഉരുക്കളെത്തുന്നത്. ഏകദേശം 21 ലക്ഷം കന്നുകാലികളെ ഒരു വര്‍ഷം കേരളീയര്‍ ആഹാരമാക്കുന്നുണ്ടെന്നാണ് കണക്കുകള്‍. അതിര്‍ത്തി കടക്കാന്‍ ചെക്‌പോസ്റ്റില്‍ കാണിക്കാനുള്ള വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പോലും പരിശോധനയില്ലാതെയോ വ്യാജമായോ തയാറാക്കുന്നതാണെന്നും പരിശോധനകളിൽ തെളിഞ്ഞിരുന്നു.

‘കേരളത്തില്‍ ഗോമാംസം സംസ്ഥാനത്തിന് പുറത്തുനിന്ന്, അതായതു ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‍നാട് എന്നിവിടങ്ങളില്‍ നിന്ന് കശാപ്പിനായി കൊണ്ടുവരുന്ന മൃഗങ്ങളില്‍ നിന്നാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് വഴിയോരങ്ങളില്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത്. മിക്കവാറും ഇറച്ചിക്കടകള്‍, തുറസ്സായതും, വൃത്തിഹീനവുമായ അന്തരീക്ഷത്തില്‍ മൃഗങ്ങളെ പൊതുജനങ്ങള്‍ക്കു കാണാവുന്ന വിധത്തില്‍ കശാപ്പു ചെയ്തു തൂക്കിയിടാറുണ്ടു്. മാലിന്യവും, മാലിന്യ സംസ്കരണപ്രവര്‍ത്തനങ്ങളും ഫലപ്രദമായി നിലവിലില്ല എന്നുള്ളത് വസ്തുതയാണ്.

മാലിന്യ സംസ്കരണത്തിനായി ഏതാനും യൂണിറ്റുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തതിനാലും, വിദഗ്ദ്ധ മേല്‍നോട്ടം ഇല്ലാത്തതിനാലും അവ പ്രവര്‍ത്തനരഹിതമാണ്. ഇത്തരത്തിലുള്ള മാംസോല്പാദനശൃംഖല പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, തൊഴില്‍പരമായ ആരോഗ്യം, പരിസ്ഥിതി, ശുചിത്വം എന്നിവയ്ക്ക് ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു’- സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ 2021ലെ സാമ്പത്തിക അവലോകനത്തിൽ പറയുന്നു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കാര്യമായ ആരോഗ്യപരിശോധനകള്‍ ഒന്നും കൂടാതെ ധാരാളം പശുക്കളും ആടുകളുമെല്ലാം വരുന്ന ഇക്കാലത്ത് ഇത്തരം രോഗങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. പലപ്പോഴും കര്‍ഷകരുടെ അറിവില്ലായ്മ കാരണം തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്.

എന്നാല്‍ തിരിച്ചറിയപ്പെടാത്ത രോഗം കാരണം അവര്‍ക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്യും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പാല്‍, പാല്‍ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് സംവിധാനമില്ലാത്തതും തിരിച്ചടിയാണ്.

ക്ഷീരവകുപ്പ് പാല്‍ പരിശോധിക്കുന്നുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍ ക്ഷീരവകുപ്പ് പ്രതസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്കിടയില്‍ പാരാട്യൂബര്‍ക്കുലോസിസ് രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും പാരാട്യൂബര്‍ക്കുലോസിസ് വാക്‌സിന്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുന്നതും ഉചിതമാവും. അതോടൊപ്പം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നത് ഒഴിവാക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം.

നിലവിൽ നടത്തുന്ന സാധാരണ ക്ഷയരോഗപരിശോധനകൾ മൈക്കോബാക്ടീരിയം ബോവിസ് ആണോ രോഗകാരണം എന്നു തിരിച്ചറിയാൻ പര്യാപ്തമല്ല. സാധാരണ കഫപരിശോധന വഴി ഏതിനം ടിബി ആണെന്നറിയാൻ സാധിക്കില്ല. കൾച്ചർ പരിശോധന വഴി വേർതിരിച്ചറിയാൻ സമയമെടുക്കും. മോളിക്യുലർ പരിശോധനകൾ കോസ്റ്റ് എഫക്ടീവുമല്ല. അതുകൊണ്ടു തന്നെ മൈക്കോബാക്ടീരിയം ബോവിസ് കേസുകളുടെ വ്യാപനം എത്രമാത്രമുണ്ടെന്നു കൃത്യമായി നിർണയിക്കുന്നത് വലിയ വെല്ലുവിളിയാണ്.

മാത്രമല്ല ഏതിനം ക്ഷയരോഗാണുവാണെന്നു വേർതിരിച്ചറിഞ്ഞ് ചികിത്സിക്കാത്തതു കൊണ്ട് നമ്മുടെ നാട്ടിൽ ബൊവൈൻ ടി ബി എത്രമാത്രം വ്യാപകമാണെന്നു കൃത്യമായി പറയാനാവില്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. ബോധവത്കരണത്തിനൊപ്പം അതുമായി ബന്ധപ്പെട്ട് സ്വകരിക്കേണ്ട കരുതലും കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്.

മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ മൃഗരോഗവിദഗ്ധരും പൊതുജനാരോഗ്യവിദഗ്ധരും ചേർന്നുള്ള കൂട്ടായ ശ്രമം കൊണ്ടേ തടയാനാകൂ എന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള വിദഗ്ധ സമിതികളെല്ലാം പറഞ്ഞുകഴിഞ്ഞതാണ്. ബൊവൈൻ ടിബിയുടെ കാര്യത്തിൽ നിലവിൽ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ കാര്യക്ഷമമായ കൂട്ടായ പദ്ധതികളൊന്നുമില്ലെന്നതാണ് വാസ്തവം. രോഗനിയന്ത്രണത്തെക്കുറിച്ചും രോഗം പകരുന്ന വഴികളേക്കുറിച്ച് അളുകളെ ബോധവൽകരിക്കുകയും വേണം. കന്നുകാലികളുമായും മൃഗോൽപന്നങ്ങളുമായും നേരിട്ട് ഇടപഴകലിന് സാധ്യതയുള്ള ആളുകളെ പ്രത്യേകിച്ചും.

കാര്യക്ഷമമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ക്ഷയരോഗനിർമാർജനം അതിന്റെ പൂർണമായ അർഥത്തിൽ നമ്മുടെ നാട്ടിൽ നടപ്പിലാക്കാനാവൂ. ബൊവൈൻ ടിബി കേസുകൾ ഒട്ടേറെ കാണുന്നുണ്ടെന്നും അതിനെ അവഗണിക്കുന്നത് ക്ഷയരോഗ നിർമാർജന യജ്ഞം പൂർത്തീകരിക്കുന്നതിനു തടസ്സമായേക്കാമെന്നും ചൂണ്ടിക്കാണിക്കുകയാണ് മൃഗരോഗ വിദഗ്ധർ. അതിലൂടെ മാത്രമേ 2035– ഒാടെ ക്ഷയരോഗ നിർമാർജനം എന്ന സ്വപ്നം പൂർത്തീകരിക്കാനാകൂ.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. മുഹമ്മദ് ആസിഫ് എം.

വെറ്ററിനറി സർജൻ, വെറ്ററിനറി ഡിസ്പെൻസറി, മുളിയാർ, കാസർകോട്

• ഡോ. സാബിർ എം.സി

സീനിയർ കൺസൾട്ടന്‍റ് പൾമണോളജിസ്റ്റ്

• വെബ് സൈറ്റ്: വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വെബ് സൈറ്റ് (WHO).

https://www.who.int

• സാമ്പത്തിക റിവ്യൂ 2021,

State Planning Board,

Thiruvananthapuram, Kerala

Tags:    
News Summary - Need for Tuberculosis control in animals- for Tuberculosis elimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.