തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സംസ്ഥാനത്തിന്റെ നിർണായക ചുവടുവെപ്പ്. ഇത്തരം ബാക്ടീരിയകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ 'ആന്റിബയോഗ്രാം' തയാറാക്കിയാണ് പ്രതിരോധം. രോഗകാരികളായ വിവിധ ബാക്ടീരിയകൾ ഏതൊക്കെ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുമെന്നും ഏതിനോടെല്ലാം കീഴ്പ്പെടുമെന്നതടക്കം ക്ലിനിക്കൽ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വിവര ശേഖരമാണ് ആന്റിബായോഗ്രാം. ഈ അടിസ്ഥാന വിവരങ്ങൾ ചികിത്സയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും കൃത്യമായ മരുന്ന് നിഷ്കർഷിക്കാൻ ഡോക്ടർമാരെ സഹായിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ഒമ്പത് ജില്ലകളിലെ 18 കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഡേറ്റ തയാറാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൈക്രോബയോളി വിഭാഗത്തെ നോഡൽ കേന്ദ്രമായി ചുമതല നൽകിയായിരുന്നു ഇതിനുള്ള പ്രവർത്തനങ്ങൾ. ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം മൂലം ഇവയെ ഫലശൂന്യമാക്കും വിധമുള്ള ബാക്ടീരിയകളുടെ ആർജിത പ്രതിരോധ ശേഷിയെയാണ് 'ആന്റിബയോട്ടിക് പ്രതിരോധം' (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) എന്ന് വിശേഷിപ്പിക്കുന്നത്. ആന്റിബയോട്ടിക്കിനു പോലും പിടിച്ചുനിർത്താനാവാത്ത രോഗങ്ങൾ മൂലം പ്രതിവർഷം ലോകത്ത് ഏഴു ലക്ഷം പേർ മരണമടയുന്നതായാണ് കണക്ക്.
ഇതു സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികൾ (എം.എം.ആർ) രൂപവത്കരിച്ചിരുന്നു. ചിലയിടങ്ങളിൽ ബ്ലോക്കുതല എ.എം.ആറുകളും. സ്വകാര്യ ആശുപത്രികള്‍, പ്രൈമറി, സെക്കൻഡറി കെയര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രമാക്കി സാറ്റലൈറ്റ് സെന്ററുകള്‍ ഉള്‍പ്പെടുത്താന്‍ കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സർവൈലന്‍സ് നെറ്റുവര്‍ക്കുകളും സജ്ജമാക്കിയിരുന്നു. വിവിധ ആശുപത്രികളിൽനിന്ന് ലഭിക്കുന്ന ഡേറ്റ നോഡൽ സെന്ററിലാണ് ഏകോപിക്കുന്നത്. സംസ്ഥാനത്തെ 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക ദ്രുതകര്‍മ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.