തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും മധ്യേ പ്രായമുള്ള 38,417 പേർ ആദ്യദിനം കോവിഡ് വാക്സിന് സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത് -9338. 6868 പേര്‍ക്ക് വാക്സിന് നല്കി കൊല്ലം രണ്ടാം സ്ഥാനത്തും 5018 പേര്‍ക്ക് നല്കി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
സംസ്ഥാനത്താകെ 551 കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങളാണ് തിങ്കളാഴ്ച പ്രവർത്തിച്ചത്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിച്ചത്. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. വാക്സിനെടുത്ത ആര്‍ക്കും പാര്‍ശ്വഫലങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജനുവരി 10 വരെ നടക്കുന്ന വാക്സിൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവർത്തിക്കും.
ഞായറാഴ്ച രാത്രി 5,02,700 ഡോസ് കോവാക്സിന് സംസ്ഥാനത്തെത്തിയിരുന്നു. തിങ്കളാഴ്ച എറണാകുളത്ത് 57,300 ഡോസ് കോവാക്സിന് കൂടി എത്തി.
സ്കൂളുകളിൽ വാക്സിനെടുക്കാന്‍ അര്‍ഹതയുള്ള കുട്ടികളില്‍ എത്രപേര്‍ എടുത്തെന്ന ഡേറ്റ കൈമാറണമെന്ന് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. കുട്ടികളുടെ വാക്സിനേഷന് കേന്ദ്രത്തില്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. രജിസ്ട്രേഷന് സംബന്ധിച്ചും വാക്സിനേഷന് സംബന്ധിച്ചും മാർഗരേഖ തയാറാക്കിയാണ് ക്രമീകരണങ്ങൾ. പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികളടക്കം 15.4 ലക്ഷം പേർക്ക് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.