തൊടുപുഴ: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. മേയ് 12 വരെ ജില്ലയിൽ 159 ഡെങ്കിപ്പനി കേസാണ് റിപ്പോർട്ട് ചെയ്തത്. മേയിൽ മാത്രം 12 എണ്ണം സ്ഥിരീകരിച്ചപ്പോൾ 187 കേസ് സംശയിക്കുന്നുണ്ട്. കൊതുക് വളരാനുള്ള സാഹചര്യം വീടുകളിലോ, പരിസരങ്ങളിലോ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ജലക്ഷാമമുള്ള ഏരിയകളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാദ്ധ്യതയുള്ളതിനാൽ മൂടിവെച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽമഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം (ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഫ്രിഡ്ജിന്റെ പിറകിൽ, ഇൻഡോർ പ്ലാന്റ്സ് എന്നിവയാണ് വീടിന്റെ ഉള്ളിലെ പ്രധാന ഉറവിടങ്ങൾ. വേനൽമഴ തുടങ്ങിയതിനാൽ വീടിന്റെ പരിസരങ്ങളിൽ അലക്ഷ്യമായി കിടക്കുന്ന കുപ്പി, പാട്ട, ചിരട്ട, പ്ലാസ്റ്റിക് മാലിന്യം, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിങ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുകിന്റെ പോളകൾ, വീടിന്റെ സൺഷേഡ്, വെള്ളം നിറച്ച അലങ്കാര കുപ്പികൾ ഉപയോഗശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യമുണ്ട്.
അവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യാനുള്ള ശ്രദ്ധനൽകണം. ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ച് ഒഴിവാക്കാൻ ആഴ്ചയിൽ ഒരുദിവസം (വെള്ളി- വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശനി- ഓഫിസുകൾ, ഞായർ- വീടുകൾ) വിനിയോഗിച്ച് ഡ്രൈഡേ ആചരിക്കണമെന്നും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ്, ജില്ല സർവൈലൻസ് ഓഫിസർ ഡോ. ജോബിൻ ജി ജോസഫ് എന്നിവർ അറിയിച്ചു. പനി ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും സ്വയംചികിത്സ ഒഴിവാക്കണമെന്നും ഇവർ നിർദേശിച്ചു.
ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽ പനിയില്‍നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടൽ, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയവ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പിറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.