കൊച്ചി: കുട്ടികൾക്കിടയിൽ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടിവരുന്നുവെന്ന് പഠനം. വളരെയധികം സമയം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നത് കുട്ടികളിൽ കാഴ്ചയടക്കമുള്ള ബുദ്ധിമുട്ടുകൾ കൂടാതെ പെരുമാറ്റ വൈകല്യങ്ങളും വർധിപ്പിക്കുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന് കൊച്ചി നഗരപരിധിയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് കുട്ടികളുടെ നേത്ര ആരോഗ്യവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളാണ്.
നേത്ര ആരോഗ്യത്തിന് വേണ്ടി നടത്തുന്ന ദൃഷ്ടി പദ്ധതിയുടെ ഭാഗമായാണ് സർവേ സംഘടിപ്പിച്ചത്. സർവേയിൽ ഉൾപ്പെട്ട 53.3 ശതമാനം കുട്ടികളും 13 നും 15 നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികരിച്ചവരിൽ ഭൂരിഭാഗവും ഹൈസ്കൂൾ വിദ്യാർഥികളാണ്.
അവരുടെ മാതാപിതാക്കളിൽ 54.7 ശതമാനം പേർ തങ്ങളുടെ കുട്ടികളിൽ കാഴ്ച പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. പലരും വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാത്തതിനാൽ വൈദ്യസഹായം തേടിയിട്ടില്ലെന്നും സർവേയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളിലെ കാഴ്ചക്കുറവിന് പരിഹാരമാകാൻ ദൃഷ്ടി
കൊച്ചി: കുട്ടികളിലെ കാഴ്ചക്കുറവിന് ആയുര്വേദ പരിഹാരം എന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ദൃഷ്ടി. ഭാരതിയ ചികിത്സ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ജില്ലാ ആയുർവേദ ആശുപത്രി എറണാകുളം കച്ചേരിപ്പടിയിൽ പദ്ധതിയുടെ ഭാഗമായി സൗജന്യ നേത്ര ചികിത്സ സേവനങ്ങൾ നൽകിവരുന്നു. ദീർഘകാല കാഴ്ച പ്രശ്നങ്ങൾ തടയുന്നതിന്, പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികൾക്കിടയിൽ, അവബോധം വർധിപ്പിക്കേണ്ടതിന്റെയും സമയോചിതമായ ഇടപെടലിന്റെയും ആവശ്യകത ഈ കണ്ടെത്തലുകൾ അടിവരയിടുന്നുവെന്ന് നേത്ര വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. ശ്രീവിദ്യ പ്രതികരിച്ചു. ഇവിടെ നടത്തിയ സർവേ ഫലങ്ങൾ സമഗ്രവും കാര്യക്ഷമവുമായ നേത്ര ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് ചെയ്തിരിക്കുന്നതെന്ന് നാഷണൽ ആയുഷ് മിഷൻ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ ഡോ. സുമിത പ്രകാശും അഭിപ്രായപ്പെട്ടു.
സർവേയിലെ മറ്റു പ്രധാന കണ്ടെത്തലുകൾ
50.4 ശതമാനം കുട്ടികളുടെ സ്ക്രീൻ സമയം നാലുമണിക്കൂർ വരെ
52.9 ശതമാനം കുട്ടികൾ ഒരു ദിവസം രണ്ട് മണിക്കൂറിലധികം വായിക്കാനോ പഠിക്കാനോ ചെലവഴിക്കുമ്പോൾ 50.4% കുട്ടികൾക്ക് മൂന്നു മുതൽ നാലു മണിക്കൂർ വരെ സ്ക്രീൻ സമയം ഉണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. ഇതിൽ കൂടുതൽ സമയവും മൊബൈലും ടെലിവിഷനുമാണ്. 48.2 ശതമാനം കുട്ടികൾ നാലു മണിക്കൂറിലധികം ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 20 ശതമാനം പേർ ഒരു മണിക്കൂറിനുള്ളിൽ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. 47.1 ശതമാനം പേർ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുമ്പോൾ 15.4 ശതമാനം പേർ ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരാണ്.
കാഴ്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കുട്ടികളിലുള്ള വാശി, ശാഠ്യം മുതലായ പെരുമാറ്റ പ്രശ്നങ്ങളും സർവേയിൽ എടുത്തുകാണിച്ചു. 50.4 ശതമാനം രക്ഷിതാക്കളും കാഴ്ച പ്രശ്നങ്ങൾ മൂലം പെരുമാറ്റ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 49.6 ശതമാനം പേർ പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടില്ല. നേത്രചികിത്സ തങ്ങൾക്ക് താങ്ങാൻ കഴിയാത്തത്ര ചെലവേറിയതാണെന്ന് 36.6 ശതമാനം പേർ അഭിപ്രായപ്പെട്ടു.
കരുതലോടെ കാഴ്ചയെ സംരക്ഷിക്കാം
ചികിത്സിച്ച് ഭേദമാക്കാവുന്നവയും അല്ലാത്തവയുമായി കാഴ്ചയെ സാരമായി ബാധിക്കുന്ന നിരവധി നേത്രരോഗങ്ങളുണ്ട്. തുടക്കത്തിൽതന്നെ തിരിച്ചറിയുന്നുണ്ടെങ്കിൽ ശരിയായ ചികിത്സ ചെയ്ത് പരമാവധി കാഴ്ച സംരക്ഷിക്കാൻ ചില രോഗങ്ങളിൽ സാധിക്കും. വേണ്ടവിധത്തിൽ തുടക്കത്തിൽ തന്നെ രോഗ നിർണയം നടത്തുകയോ ചികിത്സയിൽ ശ്രദ്ധിക്കുകയോ പരമാവധി വീര്യം കുറഞ്ഞ ചികിത്സകൾക്ക് പ്രാധാന്യം നൽകുകയോ ചെയ്ത് ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത എത്രമാത്രമുണ്ടെന്ന് സൂചിപ്പിക്കുന്ന സർവേ ഫലങ്ങളാണ് ഇതിലുള്ളത്. -ഡോ. ഷർമദ് ഖാൻ (ചീഫ് മെഡിക്കൽ ഓഫിസർ ജില്ലാ ആയുർവേദ ആശുപത്രി എറണാകുളം കച്ചേരിപ്പടി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.