പാലക്കാട്: വെയിലും ഇടവിട്ടുള്ള മഴയും കാലാവസ്ഥക്കനുസരിച്ച് ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. കാലവർഷകാലത്തും മാറിമറിയുന്ന കാലാവസ്ഥയാണ് പനിയടക്കം പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 7788 പേരാണ് ജില്ലയിൽ പനിബാധിച്ച് ചികിത്സ തേടിയത്. പനിക്കൊപ്പം കോവിഡ് വ്യാപനവും ജില്ലയെ ആശങ്കയിലാക്കുന്നുണ്ട്. പത്തുദിവസത്തിനിടെ 779 പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്. ഇതിൽ മൂന്നുമരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞദിവസം മാത്രം പനിബാധിതരായി 866 ആളുകൾ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ നാലുപേരാണ് കിടത്തിച്ചികിത്സ തേടിയത്. ഇടവിട്ടുള്ള മഴ തുടർന്നാൽ ഇനിയും പകർച്ചവ്യാധികൾ പെരുകാനുള്ള സാധ്യതയും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഡെങ്കിപ്പനിയും എലിപ്പനിയും; ശ്രദ്ധവേണം
പത്തുദിവസത്തിനിടെ ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 29 പേരാണ് ചികിത്സ തേടിയത്. ഇതിൽ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ അഞ്ചുപേർ ചികിത്സതേടിയതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇടവിട്ടുള്ള മഴയും വെയിലും ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ പകർത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനുചുറ്റും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ടയറുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയെല്ലാം നീക്കണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകുകടിയിൽനിന്ന് രക്ഷ തേടുന്നത് ഡെങ്കിയടക്കം പകർച്ചവ്യാധികൾക്ക് തടയിടാൻ സഹായകമാണ്.
ഡെങ്കി ലക്ഷണങ്ങൾ
ശക്തമായ പനിയും തലവേദനയും പേശിവേദന, സന്ധിവേദന, ഛർദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ശക്തമായ വയറുവേദന, ഛർദി, ശ്വാസതടസം, തളർച്ച എന്നിവ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
എലിപ്പനി ലക്ഷണങ്ങൾ
കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, പേശിവേദന, പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, വിറയൽ, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാകുക എന്നിവയാണ് ലക്ഷണങ്ങൾ.
കരുതലാണ് പ്രധാനം
ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യുക. പുറത്തുപണിയെടുക്കുന്നവർ മലിനമായതും കെട്ടിനിൽക്കുന്നതുമായ വെള്ളത്തിൽ ഇറങ്ങാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.