ചൈനയിലെ എച്ച്.എം.പി.വി വ്യാപനത്തിന്റെ ആശങ്ക ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. കോവിഡിനെ പോലെ ലോകത്തെ വരിഞ്ഞുമുറുക്കുമോ എന്നാണ് ആശങ്കക്ക് പ്രധാന കാരണം.
അഞ്ചുവർഷം മുമ്പാണ് ലോകത്തിന്റെ ആരോഗ്യ അടിത്തറയെ അടിമുടി തകർത്തെറിഞ്ഞ കോവിഡ് മഹാമാരി എത്തിയത്. അന്നു തകരാറിലായ ലോകത്തിന്റെ ആരോഗ്യം ഇപ്പോഴും ശരിയായിട്ടില്ല. കോവിഡ് വന്നുപോയിട്ടും നീണ്ടുനിൽക്കുന്ന ചുമയും ജലദോഷവും പനിയും ശ്വാസംമുട്ടലുമടക്കമുള്ള ദീനങ്ങളുമായി ആളുകൾ ജീവിതം മുന്നോട്ടു തള്ളിനീക്കുകയാണ്. ചൈനയായിരുന്നു കോവിഡിന്റെയും പ്രഭവകേന്ദ്രം.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2019 ഡിസംബറിൽ ചൈനയിലെ വൂഹാനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം ലോകവ്യാപകമായി 77.7 കോടി ആളുകൾക്ക് കോവിഡ് ബാധിച്ചു. 70 ലക്ഷം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. എന്നാൽ ശരിക്കുള്ള കണക്ക് ഇതിലുമേറെയാണെന്നാണ് കരുതുന്നത്. കോവിഡ് ലോകരാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയുടെയും ആണിക്കല്ലൂരിയെടുത്തു. കോവിഡിനെ പടിയടച്ചു പിണ്ഡംവെക്കാൻ പല രാജ്യങ്ങളും മാസങ്ങളോളം അടച്ചുപൂട്ടിയിരിക്കുന്നു. ആദ്യം റിപ്പോർട്ട് ചെയ്ത് കോവിഡ് വൈറസിന് നിരവധി വകഭേദങ്ങളുണ്ടായി. പല വകഭേദങ്ങളും ആളുകളുടെ ജീവനെടുത്ത് അമ്മാനമാടി. എന്നാൽ ചില വകഭേദങ്ങൾ ജലദോഷപ്പനി പോലെ വന്നങ്ങ് പോയി. 2023 മേയ് മാസത്തോടെയാണ് കോവിഡ് ഉണ്ടാക്കിയ ആരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
അന്നുതൊട്ടിന്നോളം കോവിഡ് വൈറസ് രൗദ്രരൂപത്തിന് മയംവരുത്തി പനിയും ജലദോഷവും പോലെയുള്ള രോഗങ്ങളായി ഒതുങ്ങിക്കൂടി.
പതിയെ പതിയെ ജീവിതത്തിന് പഴയ താളം വീണ്ടെടുക്കാൻ സാധിച്ചു. സമ്പദ്‍വ്യവസ്ഥകൾ മെച്ചപ്പെട്ടു തുടങ്ങി. കോവിഡ് മഹാമാരിയെ ആളുകൾ മറന്നുതുടങ്ങി. കോവിഡ് ഇനി വരില്ല എന്ന ഉറച്ച ധാരണയിൽ ആളുകൾ ജീവിച്ചു തുടങ്ങി. കാരണം അത്രയധികം ട്രോമയിലേക്കാണ് അത് ആളുകളെ കൊണ്ടിട്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ മഹാമാരിയെ നേരിടുന്നതിന്റെ ചുമതലയുള്ള മരിയ വാൻ കെർഖോവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ നവംബർ വരെ 27 രാജ്യങ്ങളിലായി 3000 പേർ കോവിഡ് ബാധിച്ച് മരിച്ചതായും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. 2020നും 2022നും ഇടയിലാണ് കോവിഡ്മരണങ്ങളിൽ 95 ശതമാനവും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.
2021ലാണ് ഒമിക്രോൺ വകഭേദം വന്നത്. അതിന് വ്യാപനശേഷി കൂടുതലായിരുന്നു, എന്നാൽ പ്രഹരശേഷി കുറവും. ഒമിക്രോണിന്റെ ഉപവകഭേദങ്ങൾ ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്. ഇപ്പോഴുള്ളത് ഒമിക്രോണിന്റെ കെ.പി.3.3.3 ആണ്. ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ആരോഗ്യ വിദഗ്ധർ. അതേസമയം, ഒമിക്രോണിനേക്കാൾ കൂടുതൽ പ്രഹരശേഷിയുള്ള പുതിയ വകഭേദങ്ങളുണ്ടാകാൻ ഭാവിയിൽ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.
കോവിഡിനെതിരെ നിരവധി വാക്സിനുകൾ വികസിപ്പിച്ചു. ലോകവ്യാപകമായി 1360 കോടി ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ സമ്പന്ന രാജ്യങ്ങളായിരുന്നു വാക്സിൻ ഡോസിന്റെ അധികപങ്കും കൈവശം വെച്ചത്. ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ കിട്ടാക്കനിയായി.
കോവിഡ് ബാധിച്ചവരിൽ പലരും അതിന്റെ അനന്തരഫലങ്ങളുമായി ജീവിക്കുകയാണ്. ഏതായാലും ആരോഗ്യരംഗത്തെ അത്ര ശുഭകരമല്ലാത്തൊരു വാർത്തയെ കുറിച്ചാണ് ഇനി പറയുന്നത്. അതായത്, അധികം
വൈകാതെ തന്നെ ഒരു മഹാമാരി ലോകത്തെ പിരിമുറുക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് അതിനെ പ്രതിരോധിക്കാൻ കരുതിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
Forgotten but not gone: covid keeps killing, five years on
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.